'ഷീലാമ്മ ഒരു മുറിയിലും ജയഭാരതി അപ്പുറത്തെ മുറിയിലും; ജയഭാരതി വെച്ച് കെട്ടിയത് നോക്കാൻ ഷീലാമ്മ ആളെ അയക്കും'
മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു ശ്രീലത നമ്പൂതിരിയും മല്ലിക സുകുമാരനും. കോമഡി വേഷങ്ങളിൽ അക്കാലത്ത് ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പേരും ഇന്നും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമാ ലോകം ചെന്നെെയിൽ കേന്ദ്രീകരിച്ചിരുന്ന കാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് മല്ലിക സുകുമാരനും ശ്രീലത നമ്പൂതിരിയും. ശ്രീലത നമ്പൂതിരി തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണ് മല്ലിക സുകുമാരൻ പറയുന്നു. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം.
മദ്രാസിൽ താമസിക്കുമ്പോൾ ഒരു ചേച്ചിയുണ്ടെങ്കിൽ ഈ ചേച്ചിയാണ്. ഞങ്ങളെയൊന്നും പലർക്കും ഒറ്റയടിക്ക് കണ്ട് കൂട. കാരണം ഞങ്ങൾ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ്. എനിക്ക് വണ്ടിയില്ലെങ്കിൽ ചേച്ചി കാർ അയക്കും. ഞങ്ങളുടെ അവിടെ കറിയില്ലെങ്കിൽ ചേച്ചിയുടെ മീൻ കറി വരും. ഹരിപ്പാട്ടുകാരാണ് ഞങ്ങൾ രണ്ട് പേരും. നാട്ടുകാരായത് കൊണ്ടല്ല. മനസിന്റെ സ്നേഹം കൊണ്ടാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

ഒന്നുമില്ലാതെ മദ്രാസിൽ ചെന്ന് നിൽക്കുമ്പോഴും. നമ്മുടെ ഉള്ളിലുള്ള ദുഖം എന്താണെന്ന് അറിഞ്ഞ് എന്റെ കൂടെ നിന്ന ചേച്ചിയാണ്. അഭിനയമില്ലാതെ ജീവിച്ച വ്യക്തികളാണ് ഞങ്ങൾ. ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. സുഖിപ്പിക്കൽ വർത്തമാനമില്ല. അതുകൊണ്ടായിരിക്കും. വലിയ വിഷമങ്ങളൊന്നുമില്ലാതെ ഇത്രത്തോളം കൊണ്ട് പോകുന്നതെന്ന് താൻ പൂർണമായും വിശ്വസിക്കുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
അന്നത്തെ കാലത്തെക്കുറിച്ച് ശ്രീലത നമ്പൂതിരിയും സംസാരിച്ചു. സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും സന്തോഷമുണ്ടായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളുമായും സൗഹൃദം. അന്നത്തെ സിനിമയിലുള്ളവർക്ക് കുറച്ച് വണ്ണമൊക്കെ വേണം. ആദ്യ കാലത്തെ സിനിമകളിൽ ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു. അപ്പോൾ മൂന്ന് നേരെ ചോറ് കഴിപ്പിക്കും. ഇപ്പോഴത്തെ എല്ലാവരെയും കുറിച്ചല്ല, പക്ഷെ ചില കുട്ടികളെ കാണുമ്പോൾ സ്ത്രീയാണോ പുരുഷനാണോ എന്ന് സംശയം. ഇങ്ങനെ ഡയറ്റ് ചെയ്യുന്നത് വൃത്തികേടാണെന്നും ശ്രീലത നമ്പൂതിരി വ്യക്തമാക്കി.

അന്ന് നായകനും നായികയും മാറി ഇരിക്കില്ല. അവരെല്ലാം ഞങ്ങളുടെ കൂടെയാണ്. ഞങ്ങൾ ചീട്ട് കളിക്കുകയായിരുന്നെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. അക്കാലത്ത് ഷൂട്ടിംഗിൽ ഏറ്റവും കൂടുതൽ ഒരുങ്ങുന്നത് നായികമാരായ ജയഭാരതിയും ഷീലയുമാണ്. ജ്വല്ലറിയൊക്കെ കൊണ്ട് വരുമ്പോൾ നായികമാർ ഒരുപാട് സെലക്ട് ചെയ്ത് തലയിൽ ഗോപുരം പോലെ വെക്കും. എല്ലാം കഴിഞ്ഞ് ബാക്കിയുണ്ടെങ്കിൽ ഞങ്ങൾക്ക് തരും.
ഷീലാമ്മ ഒരു റൂമിലായിരിക്കും ജയഭാരതി അപ്പുറത്തെ റൂമിലും. അപ്പുറത്ത് ജയഭാരതി എന്താണ് വെച്ച് കെട്ടിയതെന്ന് നോക്കാൻ ഷീലാമ്മ ഒപ്പമുള്ളവരോട് പറയും. 'അമ്മ, അവർ പെരിയതെല്ലാം വെച്ചിരിക്കെ' എന്ന് അവർ പറയും. ആണോ എന്നാൽ കുറച്ച് പോയി എടുത്തോണ്ട് വാ എന്ന് ഷീലാമ്മ പറയുമെന്നും ശ്രീലത നമ്പൂതിരി ചിരിച്ച് കൊണ്ട് പറഞ്ഞു. നായികമാർ പരമാവധി അതിന്റേതായ ഗെറ്റപ്പിലേ ഇറങ്ങി വരൂ. നമ്മളൊന്നും അങ്ങനത്തെ വേഷമല്ല ചെയ്തത്. പക്ഷെ ഇതെല്ലാം ഊരി വെച്ച് കഴിഞ്ഞാൽ എല്ലാവരും ഒരു കുടുംബത്തിലെ പോലെയേ പെരുമാറൂയെന്ന് മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications