എന്റെ കൊച്ചിനെ ആരാ പേടിപ്പിച്ചത്, അച്ഛന്‍ അലറി! ഉര്‍വശിയുടെ തുടക്കം ആ മോഹാലസ്യത്തില്‍ നിന്ന്; കുറിപ്പ് വൈറല്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഏറെ യോജിക്കുമെങ്കിലും അത് ലഭിക്കാതെ പോയ താരമാണ് ഉര്‍വശി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഉര്‍വശി സജീവമാണ്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരിക്കുകയാണ് നടി ഉര്‍വശി. കഴിഞ്ഞ ദിവസമണ് പുരസ്‌കാര വിതരണം നടത്തിയത്. ഇതിനോട് അനുബന്ധിച്ച് ഉര്‍വശിയെ കുറിച്ചുള്ള രസകരമായ കഥകളും വിവരണങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

അതിലൊന്ന് എഴുത്തുകാരന്‍ രവിമേനോന്‍ എഴുതിയ കുറിപ്പാണ്. ആദ്യമായി സിനിമയില്‍ അഭിനയിക്കാനെത്തിയ ഉര്‍വശി തല കറങ്ങി വീണതും അതിന് കാരണമായ സംഭവങ്ങളെ കുറിച്ചുമൊക്കെയാണ് ഇദ്ദേഹം എഴുതിയിരിക്കുന്നത്. വളരെ രസകരമായ എഴുത്ത് വളരെ പെട്ടെന്ന് വൈറലാവുകയും ആരാധകര്‍ ഏറ്റുപിടിക്കുകയും ചെയ്തു.

urvashi

രവി മേനോന്‍ പറയുന്നതിങ്ങനെയാണ്...

'ഉര്‍വശിയുടെ തുടക്കം ആ മോഹാലസ്യത്തില്‍ നിന്ന്...

ക്യാമറയും ആര്‍ക് ലൈറ്റുകളും കണ്ടു ഭയന്ന് ബോധംകെട്ടു വീണുപോയ ഒരു എല്‍ പി സ്‌കൂള്‍ കുട്ടിയുണ്ട് ഉര്‍വശിയുടെ സിനിമാസ്മരണകളില്‍. സംസ്ഥാന അവാര്‍ഡ് നേടിയ 'ഉള്ളൊഴുക്കി'ലെ ലീലാമ്മയെ കണ്ടിരുന്നപ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞത് ആ ബാലികയുടെ നിഷ്‌കളങ്കമുഖമാണെന്നാണ് രവി മേനോന്‍ പറയുന്നത്.

'ഓര്‍ത്താല്‍ അത്ഭുതം തന്നെ.' ഉര്‍വശി പറയും. 'ക്യാമറയെ മാത്രമല്ല സിനിമയെ തന്നെ സഹിക്കാനാകുമായിരുന്നില്ല ഒരിക്കല്‍ എനിക്ക്. പക്ഷേ സിനിമ എന്നെ സഹിച്ചു; ഒന്നും രണ്ടും കൊല്ലമല്ല, പതിറ്റാണ്ടുകളോളം.' ആ സഹനം മലയാളിയുടെ സൗഭാഗ്യമായി മാറിയെന്നതിന് തെളിവായി വെള്ളിത്തിരയില്‍ ഉര്‍വശി പകര്‍ന്നാടിയ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുണ്ട് നമുക്ക് മുന്നില്‍. ദേശീയ അവാര്‍ഡിനും ആറ് സംസ്ഥാന അവാര്‍ഡുകള്‍ക്കും എണ്ണമറ്റ മറ്റു ബഹുമതികള്‍ക്കുമെല്ലാം അപ്പുറത്ത് ഉര്‍വശിയെ മലയാളിയുടെ സ്വകാര്യ അഹങ്കാരമാക്കി നിലനിര്‍ത്തുന്ന കഥാപാത്രങ്ങള്‍.

ഉര്‍വശിയുടെ കഥയില്‍ മോഹാലസ്യത്തെ കുറിച്ച് പറയാനുണ്ടായ കാരണത്തെ കുറിച്ച് രവി മേനോന്‍ എഴുതിയിരിക്കുന്നത് പഴയൊരു കഥയാണ്. 'നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഉര്‍വശിയുടെ ചലച്ചിത്ര യാത്രയുടെ തുടക്കം ഒരു 'മോഹാലസ്യ'ത്തില്‍ നിന്നായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 'കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ' എന്ന മനോഹരമായ സ്തുതിഗീതം ആ വീഴ്ച്ചയുടെ ഓര്‍മ്മ കൂടിയാണ് ഉര്‍വശിക്ക്. 'സായൂജ്യ'(1979)ത്തിലെ ആ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് അച്ഛന്റെ പൊടിമോളായി മാറും ഉര്‍വശി. ആദ്യമായി മൂവീ ക്യാമറയുമായി മുഖാമുഖം നിന്ന നിമിഷങ്ങള്‍ മനസ്സില്‍ തെളിയും. 'ഒരിക്കലും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത വഴികളിലൂടെയാണല്ലോ കാലം എന്നെ കൈപിടിച്ച് കൊണ്ടുപോയത് എന്നോര്‍ക്കാറുണ്ട് ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍.'

തിരുവനന്തപുരത്തെ ചെട്ടികുളങ്ങര എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയാണ് അന്ന് ഉര്‍വശി. പേര് കവിത രഞ്ജിനി. മുന്‍പൊരു സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ മിന്നിമറഞ്ഞിട്ടുണ്ടെങ്കിലും അഭിനയമോഹമൊന്നും ഉള്ളില്‍ നാമ്പിട്ടു തുടങ്ങിയിട്ടില്ല. ആ ദിവസങ്ങളിലൊന്നിലാണ് പ്രിയസുഹൃത്തിന്റെ മകന്‍ സംവിധാനം ചെയ്യുന്ന പുതിയ പടത്തിലെ ഗാനരംഗത്ത് അഭിനയിക്കാന്‍ കുറെ കുട്ടികളെ വേണമെന്ന് അച്ഛന്‍ വന്നു പറയുന്നത്.

'സായൂജ്യ'ത്തിന്റെ സംവിധായകന്‍ ജി പ്രേംകുമാറിന്റെ അച്ഛന്‍ ഗുലാബും ഉര്‍വശിയുടെ അച്ഛന്‍ ചവറ വി പി നായരും ഉറ്റ സുഹൃത്തുക്കള്‍. ഉര്‍വശിയും രണ്ടു കൊച്ചനിയന്മാരും അങ്ങനെ അച്ഛനോടൊപ്പം ഷൂട്ടിംഗിനായി മെരിലാന്‍ഡ് സ്റ്റുഡിയോയിലെത്തുന്നു. സ്‌കൂളിലെ ചില സഹപാഠികളും ഉണ്ട് കൂടെ; ഗായകസംഘത്തിന്റെ ഭാഗമാകാന്‍.

സിനിമാ ഷൂട്ടിംഗിന്റെ ഉള്ളുകള്ളികളൊന്നും അന്നറിയില്ല. മെരിലാന്‍ഡില്‍ ചെന്നപ്പോള്‍ അവിടെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റിട്ടിരിക്കുന്നു. നിറയെ ആളുകള്‍, ആകെ ശബ്ദകോലാഹലം. ഫ്‌ളോറിന്റെ ഒരു മൂലയ്ക്ക് പതുങ്ങിനിന്ന് ചുറ്റുമുള്ള കൗതുകക്കാഴ്ചകള്‍ അമ്പരപ്പോടെ കണ്ടു ഉര്‍വശി. നല്ല വണ്ണമുള്ള ഒരാളാണ് ക്യാമറാമാന്‍. മറ്റൊരാള്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് കസേരയിലിരിക്കുന്നു. സംവിധായകന്‍ പ്രേംകുമാര്‍ ആണതെന്ന് അച്ഛന്‍ പറഞ്ഞറിഞ്ഞു.

ചെന്നയുടന്‍ പാട്ട് പഠിച്ചെടുക്കാനാണ് കിട്ടിയ നിര്‍ദേശം. കുറെ കുട്ടികള്‍ ചേര്‍ന്ന് പാടേണ്ട പാട്ടാണ്. ക്ലോസപ്പ് ഷോട്ടുകളും ഉണ്ടാകുമെന്നതിനാല്‍ പാട്ട് എല്ലാവരും ഹൃദിസ്ഥമാക്കിയേ പറ്റൂ. പാട്ട് പഠിച്ച് ക്യാമറക്ക് മുന്നില്‍ ചെന്നുനിന്നപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷൂട്ടിംഗ് തുടങ്ങാന്‍ നിമിഷങ്ങളേയുള്ളൂ ഇനി. ക്യാമറാമാന്റെ 'ലൈറ്റ്‌സ് ഓണ്‍' ഗര്‍ജ്ജനം കേട്ടപ്പോഴേ ഉള്ളൊന്നു കാളി. അയ്യായിരം വാട്ട്‌സിന്റെ തീക്ഷ്ണപ്രകാശം ചൊരിയുന്ന ദീപങ്ങള്‍ തെളിഞ്ഞതോടെ ആ അമ്പരപ്പ് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയെന്ന് ഉര്‍വശി. കണ്ണില്‍ കുത്തിക്കയറുന്ന വെളിച്ചവും അസഹനീയമായ ചൂടും ചേര്‍ന്നപ്പോള്‍ ശരീരമാകെ ഒരു വിറയല്‍. സംവിധായകന്റെ 'ആക്ഷന്‍' എന്ന അലര്‍ച്ച കൂടി കേട്ടതോടെ പുതുമുഖ താരം ദാ കിടക്കുന്നു തറയില്‍.

urvashi

'പാതിബോധത്തിലുള്ള ആ കിടപ്പിലും അച്ഛന്‍ ആരെയൊക്കെയോ ഉറക്കെ ദേഷ്യപ്പെടുന്നത് കേള്‍ക്കാമായിരുന്നു.' ഉര്‍വശിയുടെ ഓര്‍മ്മ. 'എന്റെ കൊച്ചിനെ ആരാണ് പേടിപ്പിച്ചതെന്നൊക്കെ ചോദിക്കുന്നുണ്ട്. സംവിധായകനോടാവണം. നിലത്തുനിന്ന് എന്നെ വാരിയെടുത്ത് തോളിലിട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങി അച്ഛന്‍. ആ യാത്ര ചെന്നവസാനിച്ചത് വെള്ളയമ്പലത്തെ ജവഹര്‍ ബാലഭവന് അടുത്തുള്ള ഒരു ഹോട്ടലിലാണ്.

ആ ഹോട്ടല്‍ ഇപ്പോഴുണ്ടോ എന്നറിയില്ല. എന്നാല്‍ അന്ന് അവിടെ നിന്ന് കഴിച്ച തൈര്‍ശാദത്തിന്റെ സ്വാദ് ഇന്നുമുണ്ട് നാവിന്‍ തുമ്പത്ത്. ചുവന്ന അരി കൊണ്ടുള്ള ചോറായിരുന്നു. എനിക്ക് നല്ല ഓര്‍മ്മയുണ്ട്. കൂടെ സ്വാദുള്ള മാങ്ങാ അച്ചാറും പപ്പടവും. ക്യാമറയും ലൈറ്റുകളും സമ്മാനിച്ച പേടി അതോടെ പമ്പ കടന്നു...' ഗാനരംഗത്തില്‍ ഉര്‍വശിയുടെയും അനിയന്മാരുടെയും ഭാഗം പിറ്റേന്നാണ് ഷൂട്ട് ചെയ്തതെന്നും രവി മേനോന്‍ പറയുന്നു.

1979 ജൂലൈയില്‍ സോമനും ജയനും ജയഭാരതിയുമെല്ലാം അഭിനയിച്ച 'സായൂജ്യം' റിലീസാകുന്നു. പടം ഹിറ്റായി; പാട്ടുകളും. പക്ഷേ പാട്ടുരംഗത്ത് വന്നുപോയ എല്‍ പി സ്‌കൂള്‍ കുട്ടിയെ ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് സംശയം. മൂന്ന് മാസം കൂടിയേ കാത്തിരിക്കേണ്ടി വന്നുള്ളൂ ആദ്യമായി 'അഭിനയിച്ച' പടം വെളിച്ചം കാണാന്‍: കെ പി പിള്ള സംവിധാനം ചെയ്ത 'കതിര്‍മണ്ഡപ'ത്തില്‍ ജയഭാരതിയുടെ കുട്ടിക്കാലമാണ് കൊച്ചു കവിത അവതരിപ്പിച്ചത്. 'ജയഭാരതിച്ചേച്ചിയുടെ ഛായ ഉണ്ടായിരുന്നത്രെ അന്നെനിക്ക്.' ഉര്‍വശി ചിരിക്കുന്നു.

അതായിരുന്നു തുടക്കം. പിന്നീടുള്ളത് ചരിത്രമാണ്; മലയാള സിനിമയിലെ ഉര്‍വശി യുഗത്തിന്റെ ചരിത്രത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ രവി മേനോന്‍ വ്യക്തമാക്കി.

ക്യാമറയുമായുള്ള ആദ്യ സമാഗമം സമ്മാനിച്ച വീഴ്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഉര്‍വശി പിന്നീടെത്രയോ അവിസ്മരണീയ ഗാനരംഗങ്ങളില്‍ പങ്കാളിയായി. 'മുന്താണെ മുടിച്ചി'ലെ 'കണ്ണ് തൊറക്കണം സ്വാമി'യിലായിരുന്നു തുടക്കം. തുടര്‍ന്ന് നിമിഷം സുവര്‍ണ്ണ നിമിഷം (എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി), തങ്കത്തോണി (മഴവില്‍ക്കാവടി), മായപ്പൊന്മാനേ (തലയണമന്ത്രം), കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം), സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും (മാളൂട്ടി), പത്തുവെളുപ്പിന് (വെങ്കലം), ശ്രീരാമനാമം (നാരായം), കൊഞ്ചി കൊഞ്ചി, കളിപ്പാട്ടമായ് (കളിപ്പാട്ടം), യാത്രയായി (ആയിരപ്പറ), അല്ലിമലര്‍ക്കാവില്‍, ഞാറ്റുവേലക്കിളിയെ (മിഥുനം), എന്തു പറഞ്ഞാലും (അച്ചുവിന്റെ അമ്മ).... ഉര്‍വശിയുടെ സാന്നിധ്യം കൊണ്ടുകൂടി ഓര്‍ക്കപ്പെടുന്ന ഗാനരംഗങ്ങള്‍... എന്നും പറഞ്ഞ് കൊണ്ടാണ് രവി മേനോന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.

ഇന്ന് മലയാളത്തിലും തമിഴിലുമൊക്കെ അമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഉര്‍വശി സിനിമയില്‍ സജീവമായിരിക്കുന്നത്. മലയാളത്തില്‍ അഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു മികച്ച നടിയ്ക്കുള്ള അംഗീകാരം നേടാന്‍ ഉര്‍വശിയെ സഹായിച്ചത്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X