പെണ്‍ശാപമാണ് തകര്‍ച്ചയ്ക്ക് കാരണം? ജോത്സ്യന്റെ പ്രവചനങ്ങളും! മലയാള സിനിമയുടെ മുഖം; ഉദയ സ്റ്റുഡിയോയുടെ ചരിത്രം
ഇന്നത്തെ തലമുറയുടെ മുന്നില്‍ കുഞ്ചാക്കോ ബോബന്‍ സൂപ്പര്‍സ്റ്റാറയത് പോലെ നടന്റെ അപ്പനും വല്ല്യപ്പനുമൊക്കെ ഓരോ കാലഘട്ടത്തില്‍ മലയാള സിനിമയെ അത്ഭുതപ്പെടുത്തിയവരാണ്. അതിന് പിന്നില്‍ ഉദയ സ്റ്റുഡിയോ എന്ന പേരുമുണ്ടായിരുന്നു. കേരളത്തിലെ ആദ്യ സിനിമാ നിര്‍മാണ സ്റ്റുഡിയോയിരുന്നു ഉദയ.
പ്രേം നസീറും ഷീലയും തുടങ്ങി മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം പാറി പറന്ന് നടന്ന ഉദയ സ്റ്റുഡിയോ അന്യം നിന്ന് പോയതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മുന്‍പ് വന്നിട്ടുണ്ട്. സ്വന്തം തറവാട് വീട് പോലെയായിരുന്നു ഉദയയെന്നും ഇന്നും അതോര്‍ക്കുമ്പോള്‍ വേദനയാണെന്നാണ് നടി ഷീലയടക്കമുള്ളവര്‍ പറയാറുള്ളത്. പാരമ്പര്യമായി കിട്ടിയ ഉദയാസ്റ്റുഡിയോ കുഞ്ചാക്കോ ബോബന്‍ നോക്കി നടത്താത്തതിന് കാരണമുണ്ടെന്നും അതിന് പിന്നില്‍ പെണ്‍ശാപമുണ്ടെന്നും തുടങ്ങി പല കഥകളും ഇടയ്ക്ക് പ്രചരിക്കാറുണ്ട്.

ഇന്ന് വീണ്ടും ഉദയാ സ്റ്റുഡിയോ വാര്‍ത്തകളില്‍ നിറയുകയാണ്. കുഞ്ചാക്കോയുടെ കൊച്ചുമകനും നടനുമായ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ബോഗയ്ന്‍വില്ല എന്ന സിനിമ നിര്‍മ്മിക്കുന്നത് താരത്തിന്റെ ഉടമസ്ഥതയിലുള്ള ഉദയാപിക്‌ചേഴ്‌സും അമല്‍ നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയ എന്ന പേര് തിയേറ്റര്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഇതിന് പിന്നിലെ ചില കഥകളും ചര്‍ച്ചയാവുകയാണ്...
ആലപ്പുഴ ജില്ലയില്‍ പാതിരാപ്പള്ളിയില്‍ ദേശീയപാതയോട് ചേര്‍ന്ന് 1947 ലാണ് ഉദയാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. 1940-കളില്‍ മലയാളത്തില്‍ ഒരു സിനിമ നിര്‍മ്മിക്കണമെങ്കില്‍ മദിരാശി വരെ പോകണമെന്നത് അനിവാര്യമായിരുന്നു. ഇതോടെയാണ് കേരളത്തിന് സ്വന്തമായൊരു സ്റ്റുഡിയോ നിര്‍മ്മിച്ചാലോ എന്ന ചിന്ത വരുന്നത്. അങ്ങനെ 1947 ല്‍ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയും ചലച്ചിത്ര വിതരണക്കാരന്‍ കെ.വി കോശിയും ചേര്‍ന്നാണ് ഉദയാ സ്റ്റുഡിയോ ആരംഭിക്കുന്നത്. വിന്‍സന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹര്‍ഷന്‍ പിള്ള എന്നിവരും സ്ഥാപകരായിരുന്നു.
അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സ്റ്റുഡിയോയായി ഉദയ ആലപ്പുഴയില്‍ സ്ഥാപിതമാകുന്നത്. ഉദയാ സ്റ്റുഡിയോയില്‍ നിന്നും ആദ്യമായി നിര്‍മ്മിച്ചത് 'വെള്ളിനക്ഷത്ര' എന്ന ചിത്രമായിരുന്നു. ഈ സിനിമ പരാജയപ്പെട്ടെങ്കിലും കുടുംബചിത്രങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയതോടെ ഉദയ പേരെടുത്ത് തുടങ്ങി. 1951-ല്‍ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു. കോഴി കൂവുന്ന രംഗത്തോട് കൂടിയാണ് ഉദയയുടെ സിനിമകള്‍ ആരംഭിച്ചിരുന്നത്. ആ ലോഗോ കാണുമ്പോള്‍ തന്നെ തിയേറ്ററുകളില്‍ കൈയ്യടി ശബ്ദം ഉയരുമായിരുന്നു.
സത്യനും ഷീലയും നസീറും തുടങ്ങി അക്കാലത്തെ സൂപ്പര്‍ താരങ്ങളൊക്കെ ഉദയയെ അവരുടെ വീട് പോലെ കരുതി. ഉദയ സ്റ്റുഡിയോയുമായി എനിക്ക് നല്ല ബന്ധമായിരുന്നുവെന്ന് നടി ഷീല ഇടയ്ക്കിടെ പറയാറുണ്ട്. ഒന്ന് മുതല്‍ പത്താം തീയ്യതി വരെ എന്റെയും നസീര്‍ സാറിന്റെയും ഡേറ്റ് ഉദയ സ്റ്റുഡിയോയ്ക്ക് ആയിരിക്കും. എല്ലാ മാസവും അങ്ങനെ തന്നെ. വേറെ നിര്‍മാതാക്കളൊന്നും ആ ദിവസങ്ങളില്‍ ഡേറ്റ് ചോദിക്കില്ല. എല്ലാവര്‍ക്കും അതറിയാമായിരുന്നു. അങ്ങനെ വളര്‍ച്ചയുടെ ഉന്നതിയില്‍ നിന്നിരുന്ന ഉദയയുടെ തകര്‍ച്ച ആരെയും സങ്കടപ്പെടുത്തുമെന്നും ഷീല പറഞ്ഞിരുന്നു.
ഉദയയുടെ പേരിലുണ്ടായ കേസും കോലാഹങ്ങളും....
ഉദയ സ്റ്റുഡിയോ ഉടമയായ കുഞ്ചാക്കോയില്‍ നിന്ന് മഹാകവി വള്ളത്തോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തൊരു സംഭവമുണ്ട്. ഉദയയുടെ ആദ്യകാലത്ത് നാലു ഭാഷകളില്‍ നിര്‍മിച്ച ചലച്ചിത്രമായിരുന്നു 'ജീവിതനൗക'. അതിന്റെ അന്തര്‍ നാടകത്തില്‍ മഹാകവി വള്ളത്തോളിന്റെ 'മഗ്ദലനമറിയം' മഹാകാവ്യത്തിലെ 15 വരികള്‍ ഉള്‍പ്പെടുത്താനാണ് കരാറ് ചെയ്തത്. ഒരു വരിക്ക് നൂറു രൂപ പ്രതിഫലവും നിശ്ചയിച്ചു.
അന്തര്‍നാടകം ഷൂട്ട് ചെയ്തുവന്നപ്പോള്‍ കവിതയിലെ പതിനഞ്ചിന് പുറമേ നാലു വരികള്‍ കൂടി വേണ്ടി വന്നു. മുന്‍കരാറിലെ നിരക്കുപ്രകാരം നാലു വരിക്ക് നാനൂറു രൂപ വള്ളത്തോളിന് ഉദയ അയച്ചുകൊടുത്തെഹ്കിലും വള്ളത്തോള്‍ ആ തുക സ്വീകരിച്ചില്ല. കരാറോ മുന്‍കൂര്‍ അനുവാദമോ ഇല്ലാതെ ചേര്‍ത്ത ഓരോ വരിക്കും ആയിരം രൂപ വേണമെന്ന് മഹാകവി ആവശ്യപ്പെട്ടു. ഇതിന് ഉദയ വഴങ്ങിയില്ല. ഉദയയ്‌ക്കെതിരെ വള്ളത്തോള്‍ ആലപ്പുഴ കോടതിയില്‍ കേസ് കൊടുത്തു. ഈ കഥ കേരളത്തിലെ സാഹിത്യ- സാംസ്‌കാരിക ലോകത്ത് വലിയ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു
'പെണ്‍ശാപം ബാധിച്ചു' ഉദയ സ്റ്റുഡിയോയെ കുറിച്ചുള്ള ഗോസിപ്പുകള്‍...
മലയാള സിനിമയുടെ മുഖമായി വളര്‍ന്ന് എക്കാലത്തേയും മികച്ച ചിത്രങ്ങള്‍ മാത്രം സമ്മാനിച്ചിട്ടുള്ള ഉദയാ സ്റ്റുഡിയോ പിന്നീട് തകര്‍ന്ന് തരിപ്പണമായി. ഇതിനെ ചൊല്ലി നിരവധി കഥകളുണ്ട്. അതിലൊന്ന് ഒരു സ്ത്രീ ശാപത്തെ കുറിച്ചാണ്. നടി വിജയശ്രീയുടെ മരണത്തെ പറ്റിയും മറ്റും കഥകള്‍ ചേര്‍ത്താണ് അക്കാലത്ത് ഗോസിപ്പുകള്‍ വന്നത്.
1974 നാണ് നടി വിജയശ്രീ ആത്മഹത്യ ചെയ്യുന്നത്. മരിക്കുമ്പോള്‍ നടിയുടെ പ്രായം 21 വയസായിരുന്നു. പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പുഴയിലുള്ള നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ നടിയുടെ വസ്ത്രം അഴിഞ്ഞുവീണു. വിജയശ്രീ അറിയാതെ സംവിധായകന്‍ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും അത് കാണിച്ച് നിരന്തരം അവരെ ബ്ലാക്‌മെയില്‍ ചെയ്തതായിട്ടുമാണ് കഥകള്‍...
സിനിമയില്‍ നടിയുടെ നഗ്നത ഉള്‍പ്പെടുത്തിയതോടെ ആളുകള്‍ സിനിമ കാണാന്‍ ഇടിച്ച് കയറി. ഒടുവില്‍ പൊന്നാപുരം കോട്ട വലിയ വിജയമാവുകയും ചെയ്തു. ആ രംഗം ഒഴിവാക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടെങ്കിലും റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അത് ഒഴിവാക്കിയത്. നഗ്നത സിനിമയില്‍ കാണിച്ചെന്ന ആരോപിച്ച് വിജയശ്രീയുടെ കാമുകന്‍ അവരെ ഉപേക്ഷിക്കുകയും ആളുകള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഇതിന് പിന്നാലെ ഉദയ സ്റ്റുഡിയോ പതിയെ തകര്‍ന്ന് തുടങ്ങി. വിജയശ്രീയുടെ ശാപം എന്നും അതിനുണ്ടെന്നാണ് കെട്ടുകഥകള്‍.

സ്റ്റുഡിയോ വില്‍ക്കേണ്ടി വന്നതും ജോത്സ്യന്റെ പ്രവചനവും...
കുഞ്ചാക്കോ മരിച്ചതിന് ശേഷം ഉദയ നിര്‍മ്മിച്ച പടങ്ങളൊന്നും കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാക്കിയിരുന്നില്ല. മദ്രാസിലും മറ്റിടങ്ങളിലും ഉണ്ടായിരുന്ന ഭൂസ്വത്തുക്കളൊക്കെ വില്‍ക്കേണ്ടതായിട്ടും വന്നു. അവസാനം സ്റ്റുഡിയോയും വീടും മാത്രമായി അവശേഷിച്ചു. വരുമാനം ഇല്ലാതെ വന്നപ്പോഴാണ് സ്റ്റുഡിയോ വില്‍ക്കാന്‍ ബോബന്‍ കുഞ്ചാക്കോ തീരുമാനിക്കുന്നത്. സിനിമാക്കാരടക്കം പലരും ഇത് വാങ്ങാന്‍ എത്തിയെങ്കിലും ഒടുവില്‍ പിന്‍ വാങ്ങുകയാണ് ചെയ്തത്.
പിന്നീടൊരു സുഹൃത്താണ് ഉദയ വില്‍ക്കുന്നതിന് പകരം ആധുനിവല്‍ക്കരിക്കാന്‍ പറഞ്ഞത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍, മോഡേണ്‍ ഡബ്ബിങ് തീയേറ്റര്‍, ഫ്‌ലോറുകള്‍ പുതുക്കിയും, താമസത്തിനുള്ളതുമടക്കം ഒത്തിരി സൗകര്യങ്ങളോടെ പുതിയ ഉദയ ഒരുക്കി. മുന്‍പൊരിക്കല്‍ സംവിധായകന്‍ ആലപ്പി അഷ്‌റഫും സ്റ്റുഡിയോയെ കുറിച്ച് തനിക്കറിയാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
''അന്ന് ഉദയ വാങ്ങാന്‍ ദുബായിലെ രാജകുടുംബത്തിലെ ആളുകളുമായി ബിസിനസ് നടത്തുന്ന എന്റെ ഒരു സുഹൃത്തിന്റെ അടുത്തെത്തി. പ്രൊജക്റ്റിനെ പറ്റി കേട്ടപ്പോള്‍ അദ്ദേഹത്തിന് താല്പര്യമായി. എന്തു ബിസിനസ് നടത്തുന്നതിന് മുന്‍പും താന്‍ ഒരു ജോത്സ്യനോട് അനുവാദം വാങ്ങാറുണ്ട്. അദ്ദേഹം കണ്ടതിനുശേഷം തീരുമാനിക്കാം എന്നായി സുഹൃത്ത്. അങ്ങനെ ജോത്സ്യനൊപ്പം അദ്ദേഹം ഉദയ കാണാന്‍ വന്നു.
ജോത്സ്യന്‍ കയ്യില്‍ ഒരു വടിയും പിടിച്ച് വളരെ വേഗത്തില്‍ നടന്നു തുടങ്ങി. ഉദയയുടെ പല വശത്തേക്കും പാഞ്ഞു നടന്നതിനുശേഷം കിതച്ചുകൊണ്ട് തിരികെ വന്നു. 'ഇത് വാങ്ങുന്നയാള്‍ ആറുമാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നാണ്' ജോത്സ്യന്‍ പറഞ്ഞത്. മറ്റൊന്നുമല്ല ജീവന്‍ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാന്‍ ഇവിടെ കേള്‍ക്കുന്നെന്നും പറഞ്ഞു. ഇക്കാര്യം ഞാന്‍ ബോബനോട് പറഞ്ഞിരുന്നില്ല. കുറച്ചു മാസങ്ങള്‍ക്കുശേഷം ബോബന്‍ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ബിസിനസുകാരന് വിറ്റു.
52 വയസ്സുള്ള ആരോഗ്യമുള്ള ആളാണ് അത് വാങ്ങിയെങ്കിലും ആറുമാസം കഴിഞ്ഞ ഉടനെ അപ്രതീക്ഷിതമായി ആ വ്യക്തി മരിച്ചു. ആ ജോത്സ്യന്റെ പ്രവചനം അങ്ങനെ സത്യമായി. ഇക്കാര്യം പിന്നീട് ബോബനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തിരികെ ഒരു വെളിപ്പെടുത്തല്‍ നടത്തി. 'ഞങ്ങളോട് ഒരു ജോത്സ്യന്‍ പറഞ്ഞത് ഈ സ്ഥലം നിങ്ങളുടെ തലയില്‍ നിന്ന് പോയാല്‍ മാത്രമേ ഞങ്ങള്‍ രക്ഷപ്പെടുകയുള്ളൂ'', എന്ന് ബോബന്‍ കുഞ്ചക്കോ പറഞ്ഞതായി മുന്‍പ് ആലപ്പി അഷ്റഫ് വെളിപ്പെടുത്തി.
ഉദയ സ്റ്റുഡിയോയുടെ ഇന്നത്തെ അവസ്ഥ...
ഉദയ വാങ്ങിയവര്‍ പിന്നീട് അതിന്റെ പേര് മാറ്റി. വിടിജെ ഫിലിം സിറ്റി എന്നാക്കി. അവിടെ പല സിനിമകളുടെ ചിത്രീകരണങ്ങളും നടന്നു. എന്നാല്‍ അവരും സ്റ്റുഡിയോ വില്‍ക്കാന്‍ തീരുമാനിച്ചതോടെ ഉദയ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരമാക്കാമെന്ന ആലോചനകളും ഉയര്‍ന്നു. പക്ഷേ ഒന്നും നടന്നില്ല. സ്ഥലം മുറിച്ച് വില്‍ക്കുന്ന ആളുകളുടെ കൈയ്യിലുള്ള ഭൂമി പിന്നീട് കാട് പിടിച്ച് മൂടി പോവുകയും പല ഭാഗങ്ങളും പൊളിച്ച് നീക്കുകയുമൊക്കെ ചെയ്തിരുന്നു.
പ്രവര്‍ത്തനരഹിതമായ ഉദയയെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ നടന്‍ കുഞ്ചാക്കോ ബോബന് സാധിച്ചില്ലെങ്കിലും ഉദയ ബാനര്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ പിക്ചേഴ്സ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി സ്ഥാപിക്കുകയും അതില്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തു. 30 വര്‍ഷത്തിന് ശേഷം 2016-ല്‍ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' എന്ന ചിത്രം നിര്‍മ്മിച്ച് കൊണ്ടാണ് ഉദയ പിക്‌ച്ചേഴ്‌സ് തിരിച്ച് വരവ് നടത്തിയത്.
വീണ്ടും ഉദയ പിക്‌ചേഴ്‌സ് പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ചത്. ഇതോടെ പ്രേക്ഷകരുടെ മനസില്‍ ഉദയ എന്ന പേരും ഇതിന് പിന്നിലെ മലയാള സിനിമയുടെ ചരിത്രവും വീണ്ടും ചര്‍ച്ചയാവുകയാണ്....


Click it and Unblock the Notifications











