'ഫാസിൽ സാറിന്റെ സെറ്റിൽ വഴക്കായി; എന്നെക്കുറിച്ച് പലതും കേട്ടിട്ടുണ്ട്, ഇപ്പോഴാണ് കണ്ടതെന്ന് പറഞ്ഞു'
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച നടിയാണ് സുഹാസിനി. ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ സുഹാസിനി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകൾ സുഹാസിനിയെ തേടി തുടരെ വന്നു. 1980 ൽ നെഞ്ചത്തെ കിളത്തെ എന്ന സിനിമയിലൂടെയാണ് സുഹാസിനി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും സുഹാസിനിക്ക് ലഭിച്ചു.
1985 ൽ പുറത്തിറങ്ങിയ സിന്ധു ഭൈരവി എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുഹാസിനി സ്വന്തമാക്കി. കൂടെവിടെ എന്ന പദ്മരാജൻ ചിത്രത്തിലൂടെയാണ് നടി മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ തുടർന്ന് മികച്ച സിനിമകൾ സുഹാസിനിക്ക് ലഭിച്ചു. ഒരു മലയാള സിനിമയിൽ അഭിനയിക്കവെയുണ്ടായ വഴക്കിനെക്കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കുറേ വർഷങ്ങൾക്ക് മുമ്പ് ഫാസിലിന്റെ ഒരു മലയാളം സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. ലൊക്കേഷനിലെ മാനേജർക്കും എനിക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായി. എന്നെ അപമാനിച്ച് സംസാരിച്ചു എന്ന് ഞാൻ ഫാസിൽ സാറോട് പറഞ്ഞു. ആർട്ടിസ്റ്റിനെ നീ അപ്സെറ്റാക്കി. അങ്ങനെ ചെയ്യരുത്, അവരുടെ പെർഫോമൻസ് വെച്ചാണ് സീനുകൾ എടുക്കുന്നത്. അവർ അപ്സെറ്റായാൽ അഭിനയിക്കാൻ പറ്റില്ലെന്ന് ഫാസിൽ സാർ മാനേജരോട് പറഞ്ഞു.
തന്റെ വഴക്ക് കണ്ട ഫാസിൽ സാർ നിന്നെ പറ്റി ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്, ഇപ്പോഴാണ് നേരിൽ കാണുന്നതെന്ന് തന്നോട് പറഞ്ഞെന്ന് സുഹാസിനി ചിരിച്ച് കൊണ്ട് ഓർത്തു. മലയാള സിനിമാ രംഗത്ത് നടി പഴയത് പോലെ ഇപ്പോൾ സജീവമല്ല. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ പൂക്കാലം എന്ന മലയാള സിനിമയിൽ സുഹാസിനി അഭിനയിച്ചിട്ടുണ്ട്.

62 കാരിയായ സുഹാസിനി ഇന്നും സിനിമാ രംഗത്ത് സജീവമാണ്. പല മേഖലകളിൽ താരം പ്രവർത്തിക്കുന്നു. 90 കളിൽ തന്നെ സംവിധാന രംഗത്തും സുഹാസിനിക്ക് സാന്നിധ്യം അറിയിക്കാനായി.1991 ൽ പുറത്തിറങ്ങിയ പെൺ എന്ന ആന്തോളജിയിലൂടെയായിരുന്നു തുടക്കം. ഇന്ദിര ഉൾപ്പെടെയുള്ള സിനിമകൾ സുഹാസിനി സംവിധാനം ചെയ്തു.
പ്രമുഖ സംവിധായകനായ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്. മണിരത്നത്തിന്റെ ചില സിനിമകളുടെ അണിയറയിൽ സുഹാസിനിയും പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചാണ് മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷൻ കമ്പനിയും നടത്തുന്നത്. 1988 ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരായത്. നന്ദൻ എന്നാണ് ദമ്പതികളുടെ മകന്റെ പേര്.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും സുഹാസിനി സംസാരിച്ചിരുന്നു. പ്രസവ സമയത്തും മകന് ആസ്തമ വന്ന സമയത്തും മാത്രമാണ് കരിയറിൽ ഇടവേളയെടുത്തതെന്ന് നടി വ്യക്തമാക്കി. ഇതിന് കാരണവും സുഹാസിനി തുറന്ന് പറഞ്ഞു. മറ്റൊരാളെ ആശ്രയിച്ച് കഴിയുന്നതിനോട് എനിക്ക് താൽപര്യമില്ല.എല്ലാ സ്ത്രീകളും സാമ്പത്തികമായി സ്വയം പര്യാപ്തരായിരിക്കണമെന്നും സുഹാസിനി ചൂണ്ടിക്കാട്ടി.
സ്ത്രീകൾ എല്ലാ ത്യാഗം ചെയ്യേണ്ടവരല്ലെന്നും നടി വ്യക്തമാക്കി. ചൂടുള്ള ദോശ തനിക്ക് തന്ന് എന്തിനാണ് തണുത്ത ദോശ കഴിക്കുന്നതെന്ന് ചോദിച്ച് മണി തന്നെ വഴക്ക് പറയും. മണിരത്നത്തെ പോലെ നിരവധി പുരുഷൻമാർ സമൂഹത്തിലുണ്ടാകണമെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











