പുറത്താരും കാണാത്ത ഒരുപാട് നല്ല ഗുണങ്ങൾ ഐശ്വര്യക്കുണ്ട്; നടിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് സുഹാസിനി
ഇന്ത്യൻ സിനിമാ ലോകത്തിന് ഇന്നും അത്ഭുതമാണ് ഐശ്വര്യ റായ് എന്ന താര സുന്ദരി. ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടി ഐശ്വര്യക്ക് മുമ്പോ ശേഷമോ സിനിമാ രംഗത്ത് വന്നിട്ടില്ലെന്ന് ആരാധകർ പറയുന്നു. 1994 ൽ മിസ് വേൾഡ് പട്ടം ചൂടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഐശ്വര്യ പിന്നീട് സിനിമാ രംഗത്തേക്ക് കടന്ന് വന്നു. ബോളിവുഡിൽ നിന്ന് തുടരെ അവസരം വന്നപ്പോഴും ഐശ്വര്യ തന്റെ അരങ്ങേറ്റ ചിത്രമായി തെരഞ്ഞെടുത്തത് മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് ചിത്രമാണ്.
മണിരത്നത്തിന് ഏറ്റവും പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഇദ്ദേഹത്തിന്റെ ഒന്നിലേറെ സിനിമകളിൽ ഐശ്വര്യക്ക് ശ്രദ്ധേയ വേഷം ലഭിച്ചിട്ടുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ബിഗ് സ്ക്രീനിലേക്ക് തിരിച്ച് വന്നത് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെയാണ്. നന്ദിനി എന്ന കഥാപാത്രമായി അവിസ്മരണീയ പ്രകടനമാണ് ഐശ്വര്യ കാഴ്ച വെച്ചത്.

ഐശ്വര്യയെക്കുറിച്ച് മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി മണിരത്നം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഐശ്വര്യയെ എനിക്ക് ഒരു വ്യക്തിയെന്ന നിലയിൽ അറിയാം. നിങ്ങൾക്ക് അവളെ ഒരു സുന്ദരിയായിട്ടായിരിക്കും അറിയുന്നത്. അവർക്ക് പൊതുജനം കാണാത്ത ഒരുപാട് നല്ല ഗുണങ്ങളുണ്ട്.
ഉദാഹരണത്തിന് നിങ്ങൾക്ക് സുഖമില്ലാതായാൽ ആദ്യം വന്ന് നിങ്ങളെ പരിചരിക്കുന്നത് ഐശ്വര്യയായിരിക്കും. എന്തൊക്കെ കഴിക്കാമെന്ന് ഉപദേശിക്കുകയും ചെയ്യുമെന്ന് സുഹാസിനി മണിരത്നം വ്യക്തമാക്കി. മോഡേൺ നഴ്സിംഗിന്റെ ഫൗണ്ടറായ ഫ്ലോറൻസ് നൈറ്റിംഗെയ്ലുമായാണ് ഐശ്വര്യയെ സുഹാസിനി ഉപമിച്ചത്.

പൊന്നിയിൻ സെൽവനിൽ ഒപ്പം അഭിനയിച്ചവരെല്ലാം ഐശ്വര്യയെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. ഐശ്വര്യ റായ് അഭിനയത്തോട് കാണിക്കുന്ന ആത്മാർത്ഥതയെക്കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പരാമർശിച്ചിരുന്നു. അതേസമയം ഐശ്വര്യയെക്കുറിച്ച് ബോളിവുഡിൽ നിന്നും നല്ല വാക്കുകൾ അധികം വന്നിട്ടില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. പൊന്നിയിൻ സെൽവനിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഇതേക്കുറിച്ച് ബോളിവുഡിലെ പ്രമുഖരാരും സംസാരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി ഐശ്വര്യയുടെ കുടുംബവിഷയങ്ങൾ ബോളിവുഡ് മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ഐശ്വര്യ പങ്കുവെച്ച ഫോട്ടോയാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.
മറ്റ് ബന്ധുക്കളുടെ മുഖം എഡിറ്റ് ചെയ്ത് ഒഴിവാക്കി മകൾ ആരാധ്യയും അമിതാഭും മാത്രമുള്ള ഫോട്ടോയാണ് ഐശ്വര്യ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്. ഐശ്വര്യയും ജയ ബച്ചനും മകൾ ശ്വേത ബച്ചനും തമ്മിൽ അസ്വാരസ്യമുണ്ടെന്ന് ഏറെ നാളായി ഗോസിപ്പുകളുണ്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ താര കുടുംബം തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ദിവസം നടന്ന പാരീസ് ഫാഷൻ വീക്കിലും ഐശ്വര്യയും കുടുംബവും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു.
ശ്വേത ബച്ചന്റെ മകൾ നവ്യ നവേലിയും ഐശ്വര്യ റായും ഷോയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ശ്വേത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലൊന്നും ഐശ്വര്യ റായിയെ പരാമർശിച്ചില്ല. മകളെ പുകഴ്ത്തുക മാത്രമാണ് ചെയ്തത്. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഗോസിപ്പുകളുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications