'എങ്കിൽ ആദ്യം വീട്ടിലിരിക്കുക മകൾ കീർത്തിയല്ലേ'; സുരേഷ് കുമാറിന്റെ മുന്നറിയിപ്പിനെതിരെ ചോദ്യം
മലയാള സിനിമയിലെ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മ, ഉച്ചരവാദിത്വക്കുറവ്, സെറ്റിലുണ്ടാക്കുന്ന പ്രശ്നങ്ങൾ, ഉയർന്ന പ്രതിഫലം എന്നിവയെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചകളിൽ നിറയുകയാണ്. നിർമാതാക്കളുടെ സംഘടന നടൻ ഷെയ്ൻ നിഗത്തിനെതിരെയുൾപ്പെടെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവർക്കെതിരെ ആരോപണങ്ങളുമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ തുറന്ന് പറച്ചിൽ നടത്തി.
ചില താരങ്ങൾക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരിക്കുകയാണ് നിർമാതാവ് സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലമാണ് സുരേഷ് കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. അമിത പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാൻ പോവുന്നതെന്ന് സുരേഷ് കുമാർ മുന്നറിയിപ്പ് നൽകി.
' ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അതും കൂടെ മനസ്സിലാക്കുക. ഒരു നടനും ഇവിടെ ആവശ്യമുള്ളവരല്ല. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാവും. വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലേക്കിരിക്കുന്ന രീതിയിലേക്കായിരിക്കും പോവുന്നത്'

'ഇത് മുന്നറിയിപ്പും കൂടിയാണ്. പ്രൊഡ്യൂസറുടെ കൂടെ നിൽക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയിൽ രക്ഷപ്പെടൂ. അല്ലെങ്കിൽ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങൾ നോക്കുന്ന രീതിയിലേക്ക് ആക്കേണ്ടി വരും. നിവൃത്തിയില്ലാത്തത് കൊണ്ട് പറയുകയാണ്,' ജി സുരേഷ് കുമാർ പറഞ്ഞതിങ്ങനെ.
സുരേഷ് കുമാറിന്റെ പ്രസ്താവന സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. സുരേഷ് കുമാറിന്റെ ഭീഷണി സ്വരം നല്ലതല്ലെന്ന് അഭിപ്രായം വരുന്നുണ്ട്. ചിലർ സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷ് മറു ഭാഷകളിൽ കൈ പറ്റുന്ന പ്രതിഫലവും ചൂണ്ടിക്കാട്ടി. അടുത്തിടെയാണ് പ്രതിഫലം മൂന്ന് കോടി രൂപയായി കീർത്തി സുരേഷ് ഉയർത്തിയത്.
ദേശീയ അവാർഡും ഒടുവിൽ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാൽ കാര്യമായ ഹിറ്റൊന്നും കീർത്തിക്കില്ല. കീർത്തി ഇത്രയും പ്രതിഫലം കൂട്ടിയതിൽ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. അതേസമയം തമിഴ്, തെലുങ്ക് സിനിമകൾ ബിഗ് ബജറ്റിലൊരുങ്ങുന്നവയാണെന്നാണ് മറുവാദം.

കരിയറിലെ മികച്ച കഥാപാത്രമാണ് കീർത്തി സുരേഷിന് ദസറയിൽ ലഭിച്ചത്. നാനിയായിരുന്നു സിനിമയിലെ നായകൻ. നേരത്തെ തുല്യ പ്രതിഫലമെന്ന വാദത്തെയും സുരേഷ് കുമാർ എതിർത്തിരുന്നു. കുറഞ്ഞ പ്രതിഫലത്തിനെതിരെ നടി അപർണ ബാലമുരളി സംസാരിച്ചപ്പോഴായിരുന്നു ഇത്. അപർണ സ്വന്തം കഴിവ് കൊണ്ട് പടം ഹിറ്റാക്കിയാൽ മോഹൻലാലിന്റെ പ്രതിഫലം നൽകാമെന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.
മോഹൻലാലിന് കോടികൾ നൽകാം. അദ്ദേഹം അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ വരുന്നത്. അതേ പ്രതിഫലം മകൾ കീർത്തി സുരേഷിന് വേണമെന്ന് പറഞ്ഞാൽ നടക്കുമോ. ഞാൻ പോലും അതിനോട് യോജിക്കില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
മലയാളത്തിൽ ചുരുക്കം സിനിമകളിലേ കീർത്തി സുരേഷ് അഭിനയിച്ചിട്ടുള്ളൂ. ടെവിനോ തോമസിനൊപ്പം അഭിനയിച്ച വാശിയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടിയിൽ ശ്രദ്ധ നേടി. ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന് ശേഷം തമിഴ്, തെലുങ്ക് സിനിമകളിലാണ് കീർത്തി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തിക്ക് നേടിക്കൊടുത്തു. പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുങ്ങിയത്.


Click it and Unblock the Notifications