ഇങ്ങനെയുള്ളവരെ വെച്ച് സിനിമ ചെയ്യരുത്; വീട്ടിലിരുത്തണം; ദിലീപിന്റെ മുന്നിൽ നടൻമാരെ വെല്ലുവിളിച്ച് നിർമാതാവ്
മലയാള സിനിമയിലെ നിർമാതാക്കൾ താരങ്ങൾക്കെതിരെ രംഗത്ത് വരുന്ന സാഹചര്യമാണിപ്പോൾ. പ്രേക്ഷക പ്രശംസ നേടുന്ന സിനിമകളുണ്ടെങ്കിലും ഇവയിൽ സാമ്പത്തിക വിജയം നേടുന്ന സിനിമകൾ മലയാളത്തിൽ വിരളമാണ്. എന്നാൽ താരങ്ങളുടെ പ്രതിഫലം കാരണം സിനിമയ്ക്ക് വലിയ ബജറ്റ് വരുന്ന സാഹചര്യത്തിലാണത്രെ നിർമാതാക്കൾ. കഴിഞ്ഞ ദിവസം ചലച്ചിത്ര സംഘടന ഫെഫ്ക സിനിമാ താരങ്ങൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവർക്കെതിരെ ആരോപണവും ഉയർന്നു. കഴിഞ്ഞ ദിവസം നിർമാതാവ് സുരേഷ് കുമാറും സമാന ആരോപണം ഉന്നയിച്ചു. പ്രതിഫലം അധികം വാങ്ങുന്നവരെ സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകി. നാദിർഷയുടെ പുതിയ സിനിമയുടെ പൂജയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ്, ലാൽ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. നടൻ ദിലീപിന്റെ മുന്നിൽ വെച്ചാണ് സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.

'ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളൂ. ചെലവ് വല്ലാതെ കൂടിപ്പോവുകയാണ്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെയാണ് താരങ്ങൾ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിലല്ല മലയാള സിനിമ. ഇനി അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും വരാൻ പോവുന്നത്. വലിയ പണം ചോദിക്കുന്നവരെ ഒഴിവാക്കാനുള്ള തീരുമാനമാണ് മലയാള സിനിമ എടുക്കാൻ പോവുന്നത്'
'അത് നാളെയോ മറ്റന്നാളോയായിട്ടുണ്ടാവും. ഇത്ര ബജറ്റിൽ കൂടുന്നയാളെ ഒഴിവാക്കാൻ പോവുകയാണ്. ഇപ്പോൾ ഞാനിവിടെ പറയുന്നതിന് കാരണം എല്ലാവർക്കും മുന്നറിയിപ്പാണ്. ന്യായമായിട്ട് ചോദിക്കാം. അന്യായമായിട്ട് ചോദിക്കരുത്. പ്രൊഡ്യൂസർ മരം കുലുക്കിയല്ല ഇവിടെ പൈസ കൊണ്ട് വരുന്നത്. അതുകൂടെ മനസ്സിലാക്കുക'
'അല്ലെങ്കിൽ അത് പകരം വഴി കണ്ടെത്താനുള്ള ഒരു പ്രയാസവുമില്ല. ഒരു നടനും ഇവിടെ നമുക്ക് ആവശ്യമല്ല. ആരെ വെച്ച് വേണമെങ്കിലും പടം എടുക്കാം. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാവും ആളുകൾ കാണും. അതുകൊണ്ട് വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലിരിക്കുന്ന രീതിയിലേക്ക് ഇനി പോവും'

'പ്രൊഡ്യൂസറുടെ കൂടെ നിൽക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയിൽ രക്ഷപ്പെടുള്ളൂ. അല്ലെങ്കിൽ വീട്ടിലിരിക്കാം,' സുരേഷ് കുമാർ പറഞ്ഞു. സമാനമായാണ് ഫെഫ്കയുടെ തലപ്പത്തുള്ള ബി ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നടീ നടൻമാർ ഒരേസമയം പല സിനിമകൾക്ക് ഡേറ്റ് കൊടുക്കുന്നു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ അവർ തുടർന്ന് അഭിനയിക്കാൻ തയ്യാറാവുന്നുള്ളൂ. എന്നാൽ പണം മുടക്കിയ നിർമാതാക്കളെ മാത്രമേ എഡിറ്റ് കാണിക്കൂ.
സർഗാത്മകമായ ചർച്ചകൾക്ക് നടൻമാർക്ക് അവസരം നൽകുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്റെ ആരോപണങ്ങൾ ചർച്ചയായിരിക്കെയാണ് സുരേഷ് കുമാറിന്റെയും പ്രതികരണം. അടുത്തിടെ ചില പ്രൊഡക്ഷൻ കൺട്രോളർമാർ ശ്രീനാഥ് ഭാസിയുൾപ്പെടെയുള്ള നടൻമാർക്കെതിരെ ആരോപണമം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ മലയാളത്തിൽ റിലീസ് ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പരാജയപ്പെട്ടു. മാസ് സിനിമകളുടെ അഭാവം മലയാളത്തിൽ പ്രകടമാണെന്ന് അഭിപ്രായമുണ്ട്. നിലവിലിറങ്ങുന്ന നിരവധി സിനിമകൾ നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും ഇവ തിയറ്ററിൽ വലിയ ചലനം ഉണ്ടാക്കുന്നില്ല. മറിച്ച് കെജിഎഫ്, കാന്താര തുടങ്ങിയ മറുഭാഷാ സിനിമകൾ മലയാളത്തിൽ മാെഴി മാറ്റിയെത്തുമ്പോൾ വൻ വിജയമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നിർമാതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications