ഹറാമായ കാര്യമല്ലേ ചെയ്യുന്നതെന്ന് പറയുന്നവരാേട്, അഞ്ച് നേരവും നമസ്കാരം മുടക്കാത്ത മമ്മൂക്ക: തെസ്നി ഖാൻ
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് തെസ്നി ഖാൻ. സ്റ്റേജ് ഷോകളും സിനിമകളുമെല്ലാമായി എപ്പോഴും തിരക്കുകളിലാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് തെസ്നിക്ക് ലഭിച്ചത്. പിന്നീട് ശ്രദ്ധേയ റോളുകളും തെസ്നി ഖാന് ലഭിച്ചു. എങ്കിലും അർഹമായ അവസരങ്ങളും അംഗീകാരങ്ങളും ഇന്നും തെസ്നിക്ക് ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. കരിയറിൽ തെസ്നി ഖാന് എപ്പോഴും വലിയ പിന്തുണ നൽകിയത് മാതാപിതാക്കളാണ്.
ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ. വെറെെറ്റി മീഡിയ ലെെവിൽ സംസാരിക്കവെയാണ് നടി മനസ് തുറന്നത്. ജീവിതത്തിൽ എപ്പോഴും മുറുകെ പിടിക്കുക പ്രാർത്ഥനയാണെന്നും തെസ്നി ഖാൻ പറയുന്നു. ആർട്ടിസ്റ്റായി ചട്ടയും മുണ്ടുമുടുത്തോ പൊട്ട് തൊട്ടോ അഭിനയിച്ചാലും നമ്മുടെ മതത്തെ വിട്ട് കളിക്കരുത്. അത് നമ്മളെപ്പോഴും മുറുകെ പിടിക്കണം. ആ പ്രാർത്ഥനയും കാര്യങ്ങളും നമ്മൾ മുറുകെ പിടിച്ചാൽ എപ്പോഴും അതിന്റെ ബർക്കത്ത് ഉണ്ടാകും. ഉദാഹരണം മമ്മൂക്ക തന്നെയാണ്.
എപ്പോഴും അഞ്ച് തവണയുള്ള നിസ്കാരം മുറപോലെ നടക്കും. സിദ്ദിഖ് ഉൾപ്പെടെ മിക്ക ആർട്ടിസ്റ്റുകളും അങ്ങനെയാണ്. ക്രിസ്ത്യൻ ആണെങ്കിൽ പള്ളിയിൽ പോകണം, കുമ്പസരിക്കണം. ഹിന്ദുക്കൾ അമ്പലത്തിൽ പോകുകയും പൂജ ചെയ്യുകയും ചെയ്യും. മുസ്ലിം ആണെങ്കിൽ എല്ലാ മതത്തിലും വിശ്വസിക്കുന്ന ആളാണ് ഞാൻ. പള്ളിയിൽ പോയാലും അമ്പലത്തിൽ പോയാലും ബഹുമാനം കൊടുക്കണം. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം തന്നെ താൻ ഉമ്മയ്ക്കൊപ്പം ഉംറയ്ക്ക് പോയെന്നും തെസ്നി ഖാൻ പറയുന്നുണ്ട്.

ഉംറ ചെയ്യുന്നു, നിസ്കരിക്കുന്നു എന്നൊക്കെ പറയുന്നു എന്നിട്ട് ഹറാമായ പണി ആണല്ലോ ചെയ്യുന്നതെന്ന് ചിലർ ചോദിക്കും. പടച്ചവൻ പറഞ്ഞത് തെറ്റുകളും വൃത്തികേടും ചെയ്യരുതെന്നാണ്. അത് നമ്മൾ ചെയ്യാതിരിക്കുക. പടച്ചവൻ എനിക്കൊരു കഴിവ് തന്നിട്ടുണ്ട്. എനിക്ക് ആ കഴിവ് തന്നത് കൊണ്ടല്ലേ ഞാൻ ജോലി ചെയ്യുന്നതും കാശുണ്ടാക്കുന്നതും. അതൊന്നും ഹറാമായി എനിക്ക് തോന്നിയിട്ടില്ല. അതിൽ നന്നായിട്ട് പോകുക. അത്രയേ ഉള്ളൂ. കല എന്നൊന്നില്ലായിരുന്നെങ്കിൽ എനിക്കൊരിക്കലും വീടെടുക്കാൻ സാധിക്കില്ല.
ഞാൻ ഡോക്‌ടറോ ടീച്ചറോ ഒന്നുമാകാൻ പോകുന്നില്ല. പഠിക്കുന്ന ആളായിരുന്നില്ല. അങ്ങനെ ആയാൽ തന്നെ എത്ര വർഷം വേണം ഒരു സെറ്റപ്പിലെത്താൻ. കലയുള്ളത് കൊണ്ട് ലോകത്ത് എല്ലാ സ്ഥലത്തും പോകാൻ പറ്റി. അതെല്ലാം ദെെവത്തിന്റെ അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും തെസ്നി ഖാൻ വ്യക്തമാക്കി. സിംഗിൾ ജീവിതം നയിക്കുകയാണ് തെസ്നി ഖാൻ. കുറച്ച് നാളുകൾ മാത്രം നീണ്ട് നിന്ന വിവാഹ ബന്ധമായിരുന്നു തെസ്നിയുടേത്.

ഭർത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്നി പറഞ്ഞിരുന്നു. നിക്കാഹ് പോലെ വരെ ആയിരുന്നു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ ബന്ധം വേണ്ടെന്ന് വെച്ചു. ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെയൊരു വിവാഹത്തിന് പേടിയായെന്നും തെസ്നി ഖാൻ പറഞ്ഞിട്ടുണ്ട്. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂയെന്ന് വെറുതെ തോന്നുകയാണെന്നും തെസ്നി ഖാൻ പറഞ്ഞിട്ടുണ്ട്. എന്റെ സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്തയച്ചു. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. താനും ഇപ്പോൾ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നും അന്ന് തെസ്നി ഖാൻ പറഞ്ഞു.


Click it and Unblock the Notifications











