'കുഞ്ഞിനെ ആദ്യം മേടിക്കുന്നത് എന്റെ കൈയിലായിരിക്കണമെന്ന വാശി; എന്റെ മുഖം മാറിയാൽ മക്കൾക്കറിയാം'
മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയനാണ് നടൻ ടൊവിനോ തോമസ്. സഹനായക വേഷം, വില്ലൻ വേഷം തുടങ്ങിയവയൊക്കെ ചെയ്ത ടൊവിനോ ഇന്ന് താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നായക നടനാണ്, സിനിമാ പാരമ്പര്യമില്ലാത്ത ടൊവിനോ കരിയറിൽ നേടിയെടുത്ത സ്ഥാനം അഭിനന്ദനാർഹമാണെന്ന് ആരാധകർ പറയുന്നു. താരമെന്നതിലുപരി വ്യത്യസ്തമായ വേഷങ്ങളാണ് ടൊവിനോ തോമസ് എന്നും തേടിയത്. ഇതിൽ ഒരു പരിധിവരെ നടൻ വിജയിക്കുകയും ചെയ്തു.
ഡിയർ ഫ്രണ്ട്, മിന്നൽ മുരളി, ഗപ്പി, തല്ലുമാല, മായനദി തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാവാൻ ടൊവിനോ തോമസിന് കഴിഞ്ഞു. നീലവെളിച്ചമാണ് ടൊവിനോയുടെ പുതിയ സിനിമ. മായാനദി, നാരദൻ, വൈറസ് എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് അബു ടൊവിനോയെ വെച്ച് ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. റിമ കല്ലിങ്കൽ, റോഷൻ മാത്യു എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടൊവിനോ തോമസിന്റെ അഭിമുഖങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ടൊവിനോ കരഞ്ഞത് വലിയ ചർച്ചയായിരുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തെക്കുറിച്ചാണ് ടൊവിനോ സംസാരിച്ചത്. മക്കളുടെ കൂടെ നിൽക്കുന്ന അച്ഛനാണ് താനെന്ന് ടൊവിനോ വ്യക്തമാക്കി.
'മകളും മകനും ജനിച്ച് ആദ്യം കൈയിലേക്ക് മേടിക്കുന്നത് എന്റെ കൈയിലേക്കായിരിക്കണം എന്നൊരു വാശി ഉണ്ടായിരുന്നു. വാശി അല്ല, അതൊരു ആഗ്രഹമായിരുന്നു. അവരുടെ എല്ലാ സാഹസികതകളിലും അവരെ നിയന്ത്രിക്കാതെ കൂടെ ഉണ്ടാവണമെന്നാണ് ആഗ്രഹം. അത് വേണ്ട അപകടമാവും എന്ന് പറയാതെ ഇങ്ങനെ ചെയ്താൽ അപകടമില്ലാതെ രക്ഷപ്പെടാം എന്ന് പറയുന്ന അച്ഛനാവണമെന്നാണ് ആഗ്രഹം'
'അതുപോലെ അവർക്ക് എന്ത് ജീവിതത്തിൽ ചെയ്യണമെങ്കിലും ഞാനവരോട് പറയാറ് എന്നോട് പറ നമുക്കൊരുമിച്ച് ചെയ്യാം എന്നാണ്. എന്റെ ഭാര്യ പറയുന്നത് ഞാനുൾപ്പെടെ അവൾക്ക് മൂന്ന് മക്കളാണെന്നാണ്. ഞാനും എന്റെ മക്കളുമായുള്ള റിലേഷൻഷിപ്പ് അങ്ങനെയാണ്. അച്ഛൻ എന്ന മെച്വൂരിറ്റി എപ്പോഴും കാണിക്കേണ്ട കാര്യമില്ല'

'ചിലപ്പോൾ അവരോടൊപ്പം എന്തെങ്കിലും കളിക്കുക, ചിലപ്പോൾ ഇവരും ഞാനും തമ്മിൽ കനത്ത ഇടിയൊക്കെ നടക്കും. മകൾ കരാട്ടെയാെക്കെ പഠിക്കുന്നുണ്ട്. ഞാനാണ് പഞ്ചിംഗ് ബാഗ്. അങ്ങനത്തെ ഒരു അപ്പനാണ് ഞാൻ. അതേസമയം എന്റെ മുഖം മാറിയാൽ കൃത്യമായി അവർക്കറിയാം. അത് പോലെ അവരുടെ മുഖം മാറിയാൽ എനിക്കും മനസ്സിലാവും'
'എന്റെ ഭാര്യക്ക് ഒരു ഉത്തരവാദിത്വമുണ്ട്. എന്റെയത്രയും കെയർലെസ് ആവാൻ പറ്റില്ല. ആരെങ്കിലും സ്ട്രോങ്ങായി നിൽക്കണ്ടേ. ഞാൻ വല്ലപ്പോഴും വീട്ടിലേക്ക് വരുമ്പോൾ കുറച്ച് സമയം ചെലവഴിക്കുന്നു. അതേറ്റവും മനോഹരമായിരിക്കണമെന്നാണ്. പക്ഷെ എന്നും പിള്ളേരുടെ സമയം ചെലവഴിക്കുന്ന അമ്മമാർക്കാണ് പഴി കേൾക്കേണ്ടി വരിക'
'പരാതികളൊക്കെ അപ്പോൾത്തന്നെ വീഡിയോ കോളിൽ വരും, ടൊവിനോ പറഞ്ഞു. ലിഡിയ എന്നാണ് ടൊവിനോ തോമസിന്റെ ഭാര്യയുടെ പേര്. താഹാൻ ടൊവിനോ, ഇസാൻ ടൊവിനോ എന്നാണ് നടന്റെ മക്കളുടെ പേര്'
പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് ടൊവിനോ തോമസ് അഭിനയ രംഗത്തേക്ക് വരുന്നത്. 2012 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കരിയറിൽ നടന്റെ ഏറ്റവും വലിയ ഹിറ്റ് മിന്നൽ മുരളി എന്ന സിനിമയാണ്. ബേസിൽ ജോസഫാണ് സിനിമ സംവിധാനം ചെയ്തത്. ടൊവിനോയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications