'വ്യക്തിപരമായ പ്രശ്നങ്ങൾക്കിടെ ഇന്നസെന്റ് ചേട്ടന്റെ വിളി; ഉപദേശിക്കുകയാണെന്ന് മനസ്സിലാവില്ലായിരുന്നു'; ഉർവശി
മലയാള സിനിമാ പ്രേക്ഷകരെയാകെ വിഷമിപ്പിച്ച സംഭവമാണ് നടൻ ഇന്നസെന്റിന്റെ മരണം. എന്നും തമാശ നിറഞ്ഞ സംസാരവുമായി പൊതുേവദികളിൽ കണ്ടിരുന്ന ഇന്നസെന്റിന്റെ മരണം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സിനിമാ രംഗത്തുള്ള നിരവധി പേരുമായി അടുത്ത സൗഹൃദം ഇന്നസെന്റിനുണ്ടായിരുന്നു. അതിനാൽ തന്നെ മരണമുണ്ടാക്കിയ ആഘാതം സിനിമാ ലോകത്തെ പിടിച്ചുലച്ചു.
കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന സിനിമാ താരങ്ങളെയാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജനങ്ങൾ കണ്ടത്. സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്ത് ഏറെനാൾ ഇന്നസെന്റുണ്ടായിരുന്നു. ഇന്നസെന്റിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി ഉർവശി. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു നടി. രണ്ട് പേരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നെങ്കിലും അത് പുറമെ കാണിച്ച് നടക്കുന്ന വ്യക്തിയായിരുന്നില്ല ഇന്നസെന്റെന്ന് ഉർവശി ഓർത്തു. ഓരോരുത്തരോടും പറയേണ്ട തമാശയെന്തെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. കേട്ടാലും കേട്ടാലും മടുക്കാത്ത കഥകൾ പറയുന്ന മനുഷ്യനായിരുന്നെന്നും ഉർവശി പറയുന്നു. വ്യക്തിഹത്യ നടത്തുന്ന തമാശകൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞിട്ടില്ല. ഗൗരവമുള്ള പ്രശ്നമുണ്ടാവുമ്പോൾ അതിങ്ങനെ വേണം കൈകാര്യം ചെയ്യാൻ എന്ന് ഇന്നസെന്റ് ചേട്ടൻ പറയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ വെറൊരു അനുഭവം പറഞ്ഞ് നമുക്ക് മനസ്സിലാക്കിത്തരും.
'ഒരു സമയത്ത് എന്റെയൊരു കൂട്ടുകാരൻ ഇങ്ങനെയൊരു പ്രതിസന്ധിയിലായിട്ടുണ്ടല്ലോയെന്നൊക്കെ. കുറേക്കഴിഞ്ഞാണ് ഇത് നമുക്ക് തന്ന ഉപദേശമാണെന്ന് മനസ്സിലാവുക. അങ്ങനെയൊരു മൂന്നാല് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് വളരെ പ്രശ്നമായിരുന്ന സമയത്ത് ഇന്നസെന്റ് ചേട്ടൻ പെട്ടെന്നൊരു ഫോൺ ചെയ്ത് സംസാരിച്ചു. ഫോൺ വെച്ച് പെട്ടെന്നീ വിളിയും കാര്യവുമെന്ന് ഞാൻ ആലോചിച്ചു. പത്ത് മിനുട്ട് കഴിഞ്ഞപ്പോഴാണ് ഇതെന്നോട് പറഞ്ഞ കാര്യമാണെന്ന് മനസ്സിലായത്,' ഉർവശി പറഞ്ഞു.
ആദ്യ വിവാഹ മോചനവും മറ്റുമായി ഉർവശി നിരന്തരം വിവാദങ്ങളിൽ അകപ്പെട്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. നടി മദ്യപാനിയാണെന്ന് വരെ അന്ന് ആക്ഷേപം വന്നു. ഇതോടെ ഉർവശിയുടെ പ്രതിച്ഛായ അക്കാലത്ത് മോശമായിരുന്നു. മനോജ് കെ ജയനായിരുന്നു ഉർവശിയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. അച്ഛനൊപ്പം പോകാനാണ് മകൾ തീരുമാനിച്ചത്. അന്നിത് തർക്കത്തിലേക്ക് പോയിരുന്നു. ആദ്യ വിവാഹത്തിൽ തനിക്ക് ദുഃഖങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതേക്കുറിച്ച് പറയാൻ താൽപര്യമില്ല.

പല കാര്യങ്ങളും എന്റെ കൈയിലല്ലായിരുന്നു. പ്രശ്നങ്ങൾ തീർക്കാൻ ഒരുപാട് ശ്രമിച്ചു. പറഞ്ഞ് തീർക്കാൻ പറ്റാത്ത പ്രശ്നങ്ങളായിരുന്നെന്നും ഉർവശി അന്ന് പറഞ്ഞു. ഉർവശിയുടെ സഹോദരി കൽപ്പനയുമായും ഈ ഘട്ടത്തിൽ നടിക്ക് അകൽച്ചയുണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രശ്നങ്ങളെല്ലാം അവസാനിച്ചു. കൽപ്പന മരിച്ച സമയത്ത് പൊട്ടിക്കരയുന്ന ഉർവശി ജനങ്ങളെയൊന്നാകെ വിഷമിപ്പിച്ചിരുന്നു.
മലയാള സിനിമയിൽ ഒരു കാലത്ത് സജീവമായിരുന്ന ഉർവശി ഇപ്പോൾ തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷം ചാൾസ് എന്റർപ്രെെസസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നേക്ക് വരാൻ പോവുകയാണ് നടി. ഇതിന് മുമ്പ് കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലാണ് ഉർവശി മലയാളത്തിൽ കേന്ദ്ര കഥാപാത്രം ചെയ്തത്.
തമിഴിൽ സൂരറെെ പൊട്ര്, മൂക്കത്തി അമ്മൻ തുടങ്ങിയ സിനിമകളിലൂടെ ഉർവശി അടുത്ത കാലത്ത് തിളങ്ങി. മലയാളത്തിൽ കേന്ദ്ര കഥാപാത്രമായ സിനിമകളേ ഉർവശി ഇപ്പോൾ ചെയ്യാറുള്ളൂ. അമ്മ വേഷമാണെങ്കിലും കഥാപാത്രത്തിന് പ്രാധാന്യം വേണമെന്ന നിർബന്ധം ഉർവശിക്കുണ്ട്. നടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications