നാല് വർഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടായില്ല; ചികിത്സ തുടങ്ങാൻ ആലോചിച്ചു; തുറന്ന് പറഞ്ഞ് വനിത കൃഷ്ണചന്ദ്രൻ
വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടിയാണ് വനിത കൃഷ്ണചന്ദ്രൻ. മലയാളം, തമിഴ് സിനിമകളിൽ സജീവ സാന്നിധ്യമായ വനിത എൺപതുകളിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.വിവാഹശേഷമാണ് വനിത അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. കുറച്ച് വർഷങ്ങൾക്ക് ശേഷം നടി കരിയറിലേക്ക് തിരിച്ചെത്തുകയും ചെയ്തു. നടനും ഗായകനുമായ കൃഷ്ണചന്ദ്രനാണ് വനിതയുടെ ഭർത്താവ്.
അമൃതവർഷിണി എന്നാണ് ദമ്പതികളുടെ മകളുടെ പേര്. തന്റെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് വനിത കൃഷ്ണചന്ദ്രനിപ്പോൾ. അവൾ ഗ്ലിറ്റ്സ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

കല്യാണം കഴിഞ്ഞ് നാല് വർഷമായിട്ടും കുഞ്ഞ് പിറന്നിരുന്നില്ല. ഞങ്ങൾ മാതാ അമൃതാനന്ദമയിയുടെ ഭക്തരാണ്. അമ്മയുടെ അനുഗ്രഹം ലഭിച്ച ശേഷമാണ് കുഞ്ഞ് പിറന്നത്. ഒന്നും പേടിക്കേണ്ടെന്നാണ് അമ്മ പറഞ്ഞത്. ട്രീറ്റ്മെന്റ് തുടങ്ങാൻ ആലോചിച്ചിരുന്നു. അതൊന്നും വേണ്ടി വന്നില്ല. അമ്മയുടെ പ്രാർത്ഥനയിൽ കുഞ്ഞ് പിറന്നു. കുഞ്ഞിനെ കൈയിലെടുത്ത ആ സമയമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്.
ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ഗർഭിണിയായ ശേഷം വളരെ ശ്രദ്ധാലുവായിരുന്നെന്നും വനിത കൃഷ്ണചന്ദ്രൻ വ്യക്തമാക്കി. മകളുടെ കല്യാണ സമയത്ത് വളരെ സന്തോഷം തോന്നി. 2016 ലാണ് വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഏറെക്കാലം പരസ്പരം അറിഞ്ഞ ശേഷമാണ് അവർ വിവാഹിതരായത്. ഒരേ കോളേജിലാണ് പഠിച്ചത്. മരുമകൻ അവളുടെ സീനിയറായിരുന്നു. വിദേശത്താണ് മകളും ഭർത്താവും. മരുമകൻ തനിക്ക് മകനെ പോലെയാണെന്നും വനിത കൃഷ്ണചന്ദ്രൻ വ്യക്തമാക്കി.
അമൃതാനന്ദമയി അമ്മ പറഞ്ഞ ശേഷമാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ച് വന്നത്. വിവാഹശേഷം അഭിനയം നിർത്തിയതായിരുന്നു. കലയെ മൂടിവെക്കരുത് എന്ന് അമ്മ പറഞ്ഞു. ആ അനുഗ്രഹമാണ് തന്നെ കരിയറിലേക്ക് തിരിച്ചെത്തിച്ചതെന്നും നടി തുറന്നു പറഞ്ഞു.
അച്ഛന്റെയും അമ്മയുടെ നല്ല ശീലങ്ങൾ കണ്ടാണ് കുട്ടിക്കാലത്ത് താൻ വളർന്നതെന്നും വനിത കൃഷ്ണ ചന്ദ്രൻ വ്യക്തമാക്കി. അച്ഛൻ ഞങ്ങളെ എല്ലാ ആഴ്ചയും എവിടെയെങ്കിലും കൊണ്ടുപോകുമായിരുന്നു. എന്ത് ചെയ്യണം, ചെയ്യാൻ പാടില്ല എന്നൊക്കെ പഠിപ്പിച്ച് തന്നു. എല്ലാവരെയും ഒരുപോലെ കണ്ടാണ് വളർന്നത്.

ആരാണെങ്കിലും വീട്ടിൽ വന്നാൽ ഭക്ഷണം കൊടുത്ത് അവരെ സ്വീകരിക്കണമെന്ന് ഞങ്ങൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ആര് വന്നാലും ആദ്യം കാപ്പി കൊടുക്കും. അതിന് ശേഷമാണ് സംസാരിക്കുക. എത്ര പേർ വന്നാലും അമ്മ അവർക്ക് ഭക്ഷണമുണ്ടാക്കും. ഞങ്ങൾക്ക് എല്ലാം അച്ഛനോടും അമ്മയോടും തുറന്ന് പറയാമായിരുന്നു. തന്റെ കലാവാസന ആദ്യം കണ്ടുപിടിച്ചത് അച്ഛനാണെന്നും വനിത കൃഷ്ണചന്ദ്രൻ വ്യക്തമാക്കി. ഗണേശൻ എന്നാണ് വനിതയുടെ അച്ഛന്റെ പേര്. അമ്മ കമലയും. നാല് മക്കളിൽ ഇളയ ആളായാണ് വനിത ജനിച്ചത്.
സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും വനിത അഭിനയിച്ചിട്ടുണ്ട്. 13ാം വയസിലാണ് വനിത കൃഷ്ണചന്ദ്രൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. വിവാഹശേഷം അഭിനയ നിർത്തിയ വനിത പിന്നീട് 2001 ലാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. സീരിയലുകളിൽ നടി പിന്നീട് സജീവമായി. സിനിമകളിൽ അമ്മ വേഷങ്ങളിലാണ് വനിതയെ കൂടുതലായും ഇപ്പോൾ കാണാറ്.


Click it and Unblock the Notifications