പുറമേക്ക് കാണുന്നത് പോലെയല്ല, അവിടെ പ്രശ്നങ്ങളുണ്ട്, ഞാൻ സ്വന്തം കുടുംബത്തിൽ നേരിട്ടത്: വനിത
തമിഴകത്ത് എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് വനിത വിജയകുമാർ. നടൻ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളായ വനിതയുടെ വ്യക്തി ജീവിതം നേരത്തെ വലിയ തോതിൽ ചർച്ചയായതാണ്. അച്ഛനോ സഹോദരങ്ങളോ വനിതയോട് സംസാരിക്കാൻ തയ്യാറല്ല. മൂത്ത മകൻ ശ്രീഹരിയും അകന്ന് നിൽക്കുന്നു. വനിതയുടെ സഹോരദങ്ങൾ അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വനിതയുടെ അച്ഛനും സഹോദരങ്ങളും ഇവരുടെ ജീവിത പങ്കാളികളുമെല്ലാം സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയാണ്. എന്നാൽ പുറമേക്ക് കാണുന്നത് പോലയല്ല കുടുംബമെന്ന് വനിത പറയുന്നു. ഗലാട്ട തമിഴിലാണ് പ്രതികരണം.
സഹോദരിമാർക്കൊപ്പമെടുത്ത ഫോട്ടോ കാണിച്ചപ്പോഴായിരുന്നു വനിതയുടെ തുറന്ന് പറച്ചിൽ. ഈ സ്റ്റേജിൽ ഹാപ്പിയായിരുന്നില്ല. എല്ലാം ഡ്രാമയായിരുന്നു. ഇപ്പോഴും അവർ ഫോട്ടോ പങ്കുവെക്കുമ്പോൾ എനിക്കങ്ങനെയാണ് തോന്നാറ്. എല്ലാവരും ഒന്നിച്ചാണെന്ന് തോന്നും. പക്ഷെ പെട്ടെന്ന് അകൽച്ചയുണ്ടാകും. മിണ്ടാതിരിക്കും. എല്ലാ കുടുംബത്തിലും നടക്കുന്നത് പോലെ അവിടെയുമുണ്ട്. ഞങ്ങളിൽ ആർക്കും കല്യാണം നടക്കാത്ത സമയത്ത് ഞങ്ങൾ വളരെ ഹാപ്പിയായിരുന്നു.

കവിതാക്ക ചെറിയ പ്രായത്തിലേ വിവാഹം ചെയ്ത് ഡിവോഴ്സായി വന്നതാണ്. അത് ഞങ്ങളെ വലിയ തോതിൽ ബാധിച്ചില്ല. അനിതാക്കയുടെ ഭർത്താവിനെക്കൊണ്ടും ഞങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പിന്നീട് എന്റെയും അരുണിന്റെയും സഹോദരിമാരുടെയും ഇടയിലെല്ലാം പ്രശ്നം വന്നു. അതിന് കാരണം പുറത്ത് നിന്ന് വന്നവരാണ്.
വിവാഹ ശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ധനികനെയല്ല ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ടിവി സീരിയലിൽ ആണ് അഭിനയിച്ച് കൊണ്ടിരുന്നത്.
സിനിമാ രംഗത്ത് ഞാനില്ലാതിരുന്നതിനാൽ ജോലിക്ക് പോയി. ചാനലിൽ വർക്ക് ചെയ്തു. ഭർത്താവ് ബിസിനസ് ചെയ്തിരുന്നു. അതിൽ നഷ്‌ടം സംഭവിച്ചു.കുടുംബത്തിൽ നിന്നും ഒരു തരത്തിലുള്ള സപ്പോർട്ടും ലഭിച്ചില്ല. സാമ്പത്തികമായും ഇമോഷണലായും പിന്തുണ തീരെ ലഭിച്ചില്ല. ഞാൻ മോശം സാഹചര്യത്തിലാണെന്ന് അവർക്ക് കണ്ണിൻ മുന്നിൽ കാണാം. പക്ഷെ ആരും അതേക്കുറിച്ച് ചോദിച്ചില്ല. പുറമേക്ക് സന്തോഷം ഭാവിച്ച് ഫങ്ഷൻ നടത്തി ചിരിച്ച് സംസാരിച്ച് എല്ലാവരും പിരിഞ്ഞ് പോകും. എന്നെ സംബന്ധിച്ച് അത് കുടുംബമല്ലെന്നും വനിത തുറന്ന് പറഞ്ഞു.

മൂന്ന് മക്കളും തന്നോടൊപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ചും വനിത സംസാരിച്ചു. ശ്രീഹരിയും ജോവികയും അന്നേ ഒത്ത് പോകില്ലായിരുന്നു. എന്നാൽ ജയയും (ജോനിത) ശ്രീഹരിയും വളരെ ക്ലോസ് ആയിരുന്നു. ശ്രീഹരിയാണ് അവളെ നന്നായി നോക്കിയിരുന്നത്. ജോലിക്കാരിയെ അവൻ വിശ്വസിക്കില്ലായിരുന്നു. തോന്നിയത് പോലെ അവിടെയിട്ട് പോകുന്നു, അവൾ വീണിരുന്നെങ്കിലോ എന്നൊക്കെ ചോദിക്കും. എന്റെ അച്ഛനും അരുൺ ചേട്ടനും അങ്ങനെയാണ്. ശ്രീഹരിയും അത് പോലെയായിരുന്നു.
ജയ ശ്രീഹരിയെ ഒരുപാട് വർഷങ്ങൾ മിസ് ചെയ്തതാണ്. ഇപ്പോഴും ശ്രീഹരിയോട് അവൾക്ക് സോഫ്റ്റ് കോർണറുണ്ട്. എന്നാൽ അമ്മയോടുള്ള ദേഷ്യത്തിന് തങ്ങളെയെല്ലാം വിട്ട് പോയതിൽ ശ്രീഹരിയോട് രണ്ട് സഹോദരിമാർക്കും ദേഷ്യമുണ്ടെന്നും വനിത പറയുന്നു. മൂന്ന് വിവാഹ ബന്ധങ്ങളാണ് വനിത വിജയകുമാറിന്റെ ജീവിതത്തിലുണ്ടായത്. മൂന്ന് വേർപിരിയലുകളും വാർത്തയായിരുന്നു. നടൻ ആകാശ് ആണ് വനിതയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം പിരിഞ്ഞപ്പോൾ വനിതയുടെ കുടുംബം ആകാശിനൊപ്പമാണ് നിന്നത്. ജോവിക, ശ്രീ ഹരി എന്നീ രണ്ട് മക്കൾ ഇവർക്കുണ്ട്. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം കഴിച്ചു. ഈ വിവാഹബന്ധത്തിൽ പിറന്ന മകളാണ് ജോനിത. ഈ ബന്ധവും പിരിഞ്ഞ ശേഷം ബിസിനസുകാരൻ പീറ്റർ പോളിനെ വിവാഹം ചെയ്തു. പക്ഷെ ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു.


Click it and Unblock the Notifications











