എനിക്ക് ഡാൻസ് അറിയില്ല, പകുതിയിലധികം ഷൂട്ട് ചെയ്ത ശേഷം വിദ്യ; ഞങ്ങൾ ഞെട്ടി; റീമേക്കിന് സംഭവിച്ചത്
മലയാളത്തിൽ ഐക്കോണിക് ചിത്രമായി അറിയപ്പെടുന്ന മണിച്ചിത്രത്താഴ് ഒന്നിലേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴിലും ഹിന്ദിയിലുമെല്ലാം വൻ ഹിറ്റായി സിനിമ മാറി. ചന്ദ്രമുഖി എന്നാണ് തമിഴ് റീമേക്കിന്റെ പേര്. രജിനികാന്ത്, ജ്യോതിക പ്രഭു എന്നിവർ പ്രധാന വേഷം ചെയ്തു. പി വാസുവാണ് ചന്ദ്രമുഖി സംവിധാനം ചെയ്തത്. ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിലാണ് മണിചിത്രത്താഴ് റീമേക്ക് ചെയ്തത്. സംവിധായകനായെത്തിയത് പ്രിയദർശനും. 2004 ലാണ് ഭൂൽ ഭുലയ്യ പുറത്തിറങ്ങിയത്. സിനിമ വൻ ഹിറ്റായി.
വിദ്യാ ബാലന്റെയും അക്ഷയ് കുമാറിന്റെയും കരിയറിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമയാണ് ഭൂൽ ഭുലയ്യ. സിനിമയിൽ വിദ്യ ബാലനെ നായികയായതിനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ സുരേഷ് കൃഷണൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂൽ ഭുലയ്യയിൽ സഹസംവിധായകനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യ ബാലന് ഡാൻസ് അറിയില്ലായിരുന്നെന്ന് സുരേഷ് കൃഷ്ണൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിദ്യ ബാലനോട് കഥ പറയേണ്ട, ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, ഓരോ ഷോട്ട് കഴിയുമ്പോഴും പ്രോത്സാഹിപ്പിക്കണമെന്ന് പ്രിയൻ ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. ശോഭന ചെയ്തത് മനസിൽ വെച്ച് അടുത്ത ഷോട്ടിൽ ഇങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞ് കൊടുക്കും. ഏതാണ്ട് അത് പോലെയൊക്കെ ചെയ്യും. പക്ഷെ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞ ഒരു സംഭവമുണ്ട്. ഒരു വിഷുവിന് വിദ്യ ബാലൻ എന്നെയും അഭിലാഷ് എന്ന അസോസിയേറ്റിനെയും കാരവാനിലേക്ക് വിളിച്ചു'
'കൈ നീട്ടമായി രണ്ട് ഷർട്ട് തന്നു. ശേഷം സുരേഷേട്ടാ എങ്ങനെയാണ് ഇതിന്റെ ക്ലെെമാക്സെന്ന് എന്നോട് ചോദിച്ചു. ക്ലെെമാക്സ് മുഴുവൻ ഡാൻസാണെന്ന് ഞാൻ പറഞ്ഞു. ചുമ്മാ പറ്റിക്കരുതെന്ന് വിദ്യ. പറ്റിച്ചതല്ല ഡാൻസ് ഉണ്ടെന്ന് ഞാൻ മറുപടി നൽകി. എന്നാൽ എനിക്ക് ഡാൻസ് അറിയില്ലെന്ന് വിദ്യ പറഞ്ഞു. പടമാണെങ്കിൽ 65 ശതമാനം ഷൂട്ട് ചെയ്തു. ഞാൻ പോയി പ്രിയൻ ചേട്ടനോട് പറഞ്ഞു. പ്രിയൻ ചേട്ടൻ വിദ്യ ബാലനെ വിളിച്ചു. ഡാൻസ് നന്നായി അറിയില്ലെങ്കിലും ഒരു വിധം ബേസിക് അറിയാമെന്ന് വിദ്യ'

'അങ്ങനെയൊരാളെ വെച്ച് സിനിമ ചെയ്യാൻ പറ്റുമോ. അങ്ങനെ വിനീതിനെയും ഡാൻസ് മാസ്റ്റർ ബോണി വർമയെയും വിളിച്ച് നേരത്തെ വരാൻ പറഞ്ഞു. ഹോട്ടലിൽ ഒരു ഹാൾ ബുക്ക് ചെയ്ത് അവിടെ ട്രെയ്നിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ പത്ത് മണി വരെ ഡാൻസ് പ്രാക്ടീസ് ചെയ്യും. ആദ്യം വിനീതിനോട് ചോദിച്ചപ്പോൾ ഒരു പ്രതീക്ഷയുമില്ലെന്ന് പറഞ്ഞു'
'നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ ചിലപ്പോൾ ശരിയാകുമെന്ന് തോന്നുന്നെന്ന് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ഒപ്പിക്കാം എന്നായി. അപ്പോഴേക്കും ക്ലൈമാക്സ് ഷൂട്ടായി. ഞങ്ങളെയെല്ലാം ഞെട്ടിച്ച് കൊണ്ട് വിദ്യ ബാലൻ മനോഹരമായി ചെയ്തു,' സുരേഷ് കൃഷ്ണൻ പറയുന്നു.
പത്ത് ദിവസത്തെ ട്രെയ്നിംഗ് കൊണ്ടാണ് ഗംഭീരമായി ചെയ്തത്. ശോഭന ചെയ്തിടത്തോളം വരില്ല. പക്ഷെ ശോഭന ഒരു ഡാൻസറാണ്. എനിക്ക് കൂടുതലും നന്നായിട്ട് തോന്നിയത് വിദ്യ ബാലനെയാണ്. ഒന്നുമറിയാത്ത ആളാണ് ഇങ്ങനെ ചെയ്തത്. പടം വരെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന അവസ്ഥയായിരുന്നു. രസകരവും എന്നാൽ പേടിപ്പെടുത്തുകയും ചെയ്ത സംഭവമായിരുന്നു ഇതെന്നും സുരേഷ് കൃഷ്ണൻ വ്യക്തമാക്കി.


Click it and Unblock the Notifications











