'പ്രണയ ലേഖനങ്ങളുൾപ്പെടെ വന്നു; ഞാൻ ബഹുമാനത്തോടെ മറുപടി നൽകി; മകളേക്കാൾ പക്വതയില്ലെന്ന് തോന്നാറുണ്ട്'
നടനായും നർത്തകനായും ജനപ്രീതി നേടിയ വിനീത് രാധാകൃഷ്ണന് മലയാളത്തിൽ എന്നും ശ്രദ്ധേയ സിനിമകൾ ലഭിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് തന്നെ പ്രഗൽഭരായ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ വിനീതിന് സാധിച്ചു. നടി ശോഭനയുടെ കസിനാണ് വിനീത്. നായകനായും സഹനായകനായും വില്ലനായുമെല്ലാം വിനീത് അഭിനയിച്ചിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ തന്റെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് വിനീത് സംസാരിക്കുന്നുണ്ട്. നടന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
15 വയസിലാണ് ഞാൻ സിനിമാ രംഗത്തേക്ക് വന്നത്. ആ പ്രായത്തിലേ ഉത്തരവാദിത്വം വന്നു. സുഹൃത്തുക്കൾക്കൊപ്പമൊന്നും കറങ്ങിയിട്ടേയില്ല. ചിലപ്പോൾ ഡാൻസ് ക്ലാസും സിനിമയും പഠനവുമെല്ലാം നോക്കേണ്ടി വന്നത് കൊണ്ടാകാം. പ്രണയ ലേഖനങ്ങളുൾപ്പെടെ വന്നിട്ടുണ്ട്. പക്ഷെ ഞാൻ ബഹുമാനത്തോടെ അവർക്ക് മറുപടി നൽകും. അമ്മ എന്നെ കത്തുകൾ പോസ്റ്റ് ചെയ്യുന്നതിന് സഹായിക്കുമായിരുന്നു. അമ്മ ഡോക്ടറാണ്.

തിരക്കിലായിരിക്കും. പക്ഷെ അമ്മ സമയം കണ്ടെത്തും. നൂറോളം ഫോട്ടോകൾ പ്രിന്റ് ചെയ്ത് ഞാൻ ഒപ്പ് വെച്ച് അയക്കും. ആ കാലത്ത് അങ്ങനെയായിരുന്നു. ആരാധകരുടെ കത്തുകളിൽ പലതും താൻ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു. പുതിയ ചിത്രം കാതൽ എമ്പത് പോതും ഉടമെ ആണ് വിനീതിന്റെ പുതിയ തമിഴ് ചിത്രം.
ചിത്രത്തിൽ കല്യാണപ്രായമായ പെൺകുട്ടിയുടെ അച്ഛനായാണ് വിനീത് അഭിനയിക്കുന്നത്. പണ്ട് യുവനടനായി തിളങ്ങിയത് കൊണ്ട് ഇപ്പോൾ അച്ഛനായി അഭിനയിക്കാൻ മടി തോന്നിയിട്ടില്ലെന്ന് വിനീത് വ്യക്തമാക്കി. എനിക്കത്തരം റോളുകൾ ചെയ്യാൻ ഇഷ്ടമാണ്. പ്രായം ഒരു നമ്പർ മാത്രമാണ്. ചിലപ്പോൾ എന്റെ മകളേക്കാൾ പക്വതയില്ലാത്ത ആളാണ് ഞാനെന്ന് തോന്നാറുണ്ട്. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എന്തെങ്കിലും സംസാരിക്കുമ്പോൾ അവൾ എന്നേക്കാൾ സെൻസിബിൾ ആണെന്ന് തോന്നും. പ്രായത്തെക്കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഗ്രേസ്ഫുളായി പ്രായമാകണം. ഏറ്റവും പ്രധാനം മനസമാധാനവും സന്തോഷവുമാണെന്നും വിനീത് വ്യക്തമാക്കി.
പ്രിസില്ല മേനോൻ എന്നാണ് വിനീതിന്റെ ഭാര്യയുടെ പേര്. 2004 ലായിരുന്നു വിവാഹം. 2006 ൽ ഇരുവർക്കും മകൾ പിറന്നു. ആറാം വയസിൽ ഭരതനാട്യം പഠിക്കാൻ തുടങ്ങിയതാണ് വിനീത്. ചെറുപ്പം തൊട്ടേ നൃത്തത്തിൽ നിരവധി പുരസ്കാരങ്ങളും വിനീത് നേടിയിട്ടുണ്ട്. സിനിമാ രംഗത്ത് മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും വിനീതിനെ തേടിയെത്തി.
ഹിന്ദി സിനിമകളിലും വിനീത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭൂൽ ഭുലയ്യ ആണ് വിനീതിന്റെ ശ്രദ്ധേയ ബോളിവുഡ് ചിത്രം. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കാണിത്. മനോരഥങ്ങൾ എന്ന ആന്തോളജിയിലാണ് വിനീതിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. അഭിനയത്തിനും ഡാൻസിനും പുറമെ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിനീത് പ്രശംസ നേടിയിട്ടുണ്ട്. ലൂസിഫർ എന്ന ചിത്രത്തിൽ വിവേക് ഒബ്റോയ്ക്ക് ശബ്ദം നൽകിയത് വിനീതാണ്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











