ഇന്നുണ്ടായിരുന്നെങ്കിൽ ശോഭനയെ പോലെ; മോനിഷയിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയ കാലം; വിനീത്
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് മോനിഷ. ഇന്നും മോനിഷയുടെ മരണം സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ഉയരങ്ങളിലെത്തേണ്ട കലാകാരിയാണ് ചെറിയ പ്രായത്തിലേ വിട പറഞ്ഞത്. നഖക്ഷതങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മോനിഷയ്ക്ക് ലഭിച്ചു. അന്ന് 16 വയസ് മാത്രമാണ് നടിയുടെ പ്രായം. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ മോനിഷയ്ക്ക് കഴിഞ്ഞു.
മോനിഷയുടെ മരണം ഏവരെയും ഞെട്ടിച്ചിരുന്നു. 1992 ൽ ചേർത്തലയിൽ വെച്ചുണ്ടായ കാറപടകത്തിലാണ് മോനിഷ മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി പരിക്കുകളോടെ രക്ഷപ്പെട്ടു. 22ാം വയസിലാണ് മോനിഷ ലോകത്തോട് വിട പറഞ്ഞത്. മകളുടെ മരണം ഉൾക്കൊള്ളാൻ അമ്മ ശ്രീദേവി ഉണ്ണിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മോനിഷയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായിരുന്നു വിനീത്.

അഞ്ച് സിനിമകളിൽ വിനീതും മോനിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മോനിഷയെക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മോനിഷ ഇന്ന് ജീവിച്ചിരുന്നെങ്കിൽ വലിയ നർത്തകി ആയി മോനിഷ ഇന്നും അറിയപ്പെട്ടേനെയെന്ന് വിനീത് പറയുന്നു.
മോനിഷ എപ്പോഴും സന്തോഷവതിയായിരുന്നു. സങ്കടപ്പെട്ടിരിക്കുന്ന മോനിഷയെ ഒരിക്കലും കണ്ടിട്ടില്ല. മോനിഷ വരുമ്പോൾ ചിരി കേട്ട് അറിയാൻ പറ്റും. വളരെ നല്ല നർത്തകിയായിരുന്നു. നൃത്തത്തെ അവൾ ഗൗരവത്തിലെടുത്തു. തലശ്ശേരി വന്നപ്പോൾ മോനിഷ സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചിരുന്നു. അന്നാണ് മോനിഷയുടെ നൃത്തം ലൈവ് ആയി കാണുന്നത്. അഭിനയത്തേക്കാളുപരി അവരുടെ പാഷൻ ഡാൻസായിരുന്നു.

കമലദളം കഴിഞ്ഞപ്പോഴേക്കും ഒരു നർത്തകി എന്ന നിലയിൽ മോനിഷ വളരുകയായിരുന്നു. ഞങ്ങളെല്ലാവരും അഭിനേതാക്കളെന്ന നിലയിൽ പക്വത കൈവരിക്കുന്ന കാലം. ആ സമയത്താണ് ഈ ദുരന്തം ഉണ്ടായത്. വലിയ നഷ്ടമാണ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ശോഭനയെ പോലെ വലിയൊരു അക്കാദമിക് ഡാൻസർ ആയേനെയെന്നും വിനീത് പറഞ്ഞു. നടിയും നർത്തകിയുമായ ശോഭന വിനീതിന്റെ കസിനാണ്.
മോനിഷയെക്കുറിച്ച് അടുത്തിടെ അമ്മ ശ്രീദേവി സംസാരിച്ചിരുന്നു. മോനിഷയുടെ മരണ ശേഷം വലിയ ശൂന്യതയായി. ഭർത്താവും വേണ്ടപ്പെട്ട ആളുകളും ചേർന്ന് മോനിഷ ആർട്സ് എന്ന പേരിൽ ഒരു ചാരിറ്റബിൾ സൊസൈറ്റി തുടങ്ങി. അവിടം മുതൽ ഇങ്ങോട്ട് മോനിഷയ്ക്ക് വേണ്ടിയാണ് ഞാൻ ഡാൻസ് ചെയ്തത്. മോനിഷയ്ക്ക് വേണ്ടിയാണ് ഈ ജീവിതം. തന്റെ സംസാരം പോലും മകൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നും ശ്രീദേവി പറഞ്ഞു.
ശ്രീദേവിയുടെ നിഴലിലായിരുന്നു എന്നും മകൾ മോനിഷ. മകളുടെ നേട്ടങ്ങളിൽ ഇന്നും ശ്രീദേവി അഭിമാനിക്കുന്നു. മരണം ശ്രീദേവിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. മകളുടെ വിയോഗത്തെക്കുറിച്ച് എപ്പോഴും ശ്രീദേവി സംസാരിക്കാറുണ്ട്. ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ താൻ ആശങ്കപ്പെട്ടതിനെക്കുറിച്ച് ഇവർ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
അവാർഡിനെക്കുറിച്ച് ആദ്യം കേട്ടപ്പോൾ മോൾക്ക് ഇത് ലഭിക്കേണ്ടിയിരുന്നില്ല എന്നാണ് ഞാൻ കരുതിയത്. സ്മിത പാട്ടീൽ അടക്കം ദേശീയ പുരസ്കാരം നേടി പല താരങ്ങൾക്കും ദുരന്തം സംഭവിച്ചിട്ടുണ്ട്. ആ ഭയം തനിക്കുണ്ടായിരുന്നെന്നും ശ്രീദേവി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











