രഞ്ജു തെറ്റിദ്ധരിച്ചതായിരിക്കാം, പെൺകുട്ടികളോട് ഷൈൻ ബഹുമാനത്തോടെയാണ് പെരുമാറിയത്; വികെപി
വികെപിയുടെ ലൈവ് എന്ന സിനിമയിൽ ഷൈനും മംമ്തയും അഭിനയിക്കുന്നുണ്ട്.
മലയാള സിനിമയിൽ തിരക്കേറിയ നടനാണ് ഷൈൻ ടോം ചാക്കോ. ഒരു വർഷം തന്നെ ഒട്ടനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ നടൻ ചെയ്യുന്നു. എന്നാൽ സിനിമയ്ക്ക് പുറത്ത് എപ്പോഴും വിവാദ താരമാണ് ഷെെൻ. സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നടത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും വാർത്തകളിൽ ഇടം നേടാറുണ്ട്.
അലോസരമുണ്ടാക്കുന്നതും മുന്നിലിരിക്കുന്നവരെ അപമാനിക്കുകയുമാണ് ഷൈൻ അഭിമുഖങ്ങളിൽ ചെയ്യുന്നതെന്ന് ആരോപണമുണ്ട്. എന്നാൽ നടനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ആക്ടറെന്ന നിലയിൽ ഷൈനിനെ അംഗീകരിക്കേണ്ടതുണ്ടെന്ന് ഇവർ വാദിക്കുന്നു.
അടുത്തിടെയാണ് ഷൈൻ ടോമിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ചില ആരോപണങ്ങൾ ഉന്നയിച്ചത്. താൻ വർക്ക് ചെയ്യുന്ന വികെപിയുടെ സിനിമയിൽ അഭിനയിക്കുന്ന ഷൈൻ സെറ്റിൽ പ്രശ്നക്കാരനാണെന്നും ഷൂട്ടിന് വൈകിയെത്തുന്നു, അൽപ്പ വസ്ത്രം ധരിച്ച് ഓടിക്കളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് രഞ്ജു രഞ്ജിമാർ ഉന്നയിച്ചത്. എന്നാൽ ഇതിനെതിരെ സിനിമയുടെ സംവിധായകൻ വികെ പ്രകാശ് രംഗത്തെത്തി.

രഞ്ജുവിന്റെ ആരോപണം തെറ്റാണെന്നും ആരോപണത്തിന് പിന്നിലെ ഉദ്ദേശ്യമറിയില്ലെന്നും സംവിധായകൻ വാദിച്ചു. ഷൈൻ നല്ല രീതിയിൽ സിനിമയുമായി സഹകരിക്കുന്നുണ്ടെന്നും വികെപി വ്യക്തമാക്കി. അന്നത്തെ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വികെപിയിപ്പോൾ. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അതാണ് സത്യം. സത്യങ്ങൾ നമ്മൾ പറയേണ്ടേ. അവൻ അവിടെ ഉണ്ടായിരുന്നു. വളരെ കൂളായിരുന്നു. എന്റെ അസിസ്റ്റന്റ്സ് ഉണ്ട് മൂന്ന് നാല് പെൺകുട്ടികൾ. വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്. അന്ന് രാത്രി നൈറ്റ് ഷൂട്ടുണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തു. രഞ്ജു ചിലപ്പോൾ തെറ്റിദ്ധരിച്ചായിരിക്കാം 9 മണി വരെയേ ഷൂട്ടുള്ളൂ എന്ന്'
'അവർ കാണുന്നത് പോലെ അല്ലല്ലോ. ആർട്ടിസ്റ്റിനെ നമ്മൾ ഹാൻഡിൽ ചെയ്യുന്ന പോലെയാണ്. എല്ലാ ആക്ടേർസും വ്യത്യസ്തരാണ്. അവർക്ക് ശ്രദ്ധ നൽകണം. എന്നാലേ അവരിൽ നിന്നും വർക്ക് കിട്ടുള്ളൂ. രഞ്ജുവിനെ ഞാൻ കുറ്റപ്പെടുത്തിയതല്ല. ഇതാണ് സത്യമെന്ന് ക്ലിയർ ചെയ്ത് കൊടുത്തു,' വികെപി പറഞ്ഞു.
വികെപിയുടെ ലൈവ് എന്ന സിനിമയിലാണ് ഷൈൻ അഭിനയിക്കുന്നത്. മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. 9 മണിക്ക് തീരേണ്ട സിനിമയുടെ ഷൂട്ടിംഗ് ഷൈൻ കാരണം രാവിലെ അഞ്ച് മണി വരെ നീണ്ട് പോയെന്നും ഉറക്കമാെഴിക്കേണ്ടി വന്നെന്നുമായിരുന്നു രഞ്ജുവിന്റെ പ്രധാന ആരോപണം. രഞ്ജു രഞ്ജിമാരുടെ ആരോപണത്തിൽ ഷൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടി സംയുക്ത മേനോനെതിരെ ആരോപണവുമായി ഷൈൻ രംഗത്ത് വന്നിരുന്നു. സംയുക്തയും ഷൈനും അഭിനയിച്ച ബൂമറാംഗ് എന്ന സിനിമയുടെ പ്രൊമോഷന് നടി വന്നില്ലെന്നാണ് ഷൈൻ ഉന്നയിച്ച ആരോപണം. പിന്നാലെ സിനിമയുടെ നിർമാതാവും നടിക്കെതിരെ രംഗത്ത് വന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
തമിഴിൽ വാത്തി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് സംയുക്ത. ഇടവേളകളില്ലാതെ നിരന്തരം സിനിമകളിൽ കാണുന്ന നടനായിരിക്കുകയാണ് ഷൈൻ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി സിനിമകളിൽ ഷൈൻ അഭിനയിച്ചു.
ഇതിന്റെയെല്ലാം പ്രൊമോഷൻ പരിപാടികളിലും ഷൈനിനെ കാണാം. അടുത്തിടെ ക്രിസ്റ്റഫർ എന്ന സിനിമയിലും ഷൈനിനെ പ്രേക്ഷകർ കണ്ടിരുന്നു. അതേസമയം നടൻ അഭിനയിച്ച സിനിമകളിൽ ചിലത് മാത്രമേ സാമ്പത്തിക വിജയം നേടിയിട്ടുള്ളൂ.


Click it and Unblock the Notifications