വലിയ വഴക്കായി; അത്രയും ആഗ്രഹിച്ച് നേടിയ ആളാണല്ലോ എന്ന് ചിന്തിച്ചു; ഭർത്താവിനെക്കുറിച്ച് അഭിരാമി
മലയാളം തമിഴ് സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അഭിരാമി. നായികയായി വളരെ കുറച്ച് കാലം മാത്രമേ അഭിരാമിയെ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. എന്നാൽ അതിനുള്ളിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ അഭിരാമിക്ക് സാധിച്ചു. അഭിനയ രംഗം വിട്ട അഭിരാമി പിന്നീട് വിദേശത്തേക്ക് പോയി. ഇതിനിടെ ബാല്യകാല സുഹൃത്തായ രാഹുൽ പവനനെ വിവാഹവും ചെയ്തു. വർഷങ്ങൾക്കിപ്പുറമാണ് അഭിനയ രംഗത്തേക്ക് അഭിരാമി തിരിച്ച് വരുന്നത്. ഇന്ന് നടി സിനിമകളിൽ സജീവമാണ്.
രാഹുലുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം അഭിരാമി നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹിതയായ ശേഷം നടന്ന ഒരു വഴക്കിനെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പതിനഞ്ച് പൂർണ ചന്ദ്രനെ തുടരെ കണ്ട് എന്തെങ്കിലും ആഗ്രഹിച്ചാൽ അത് സംഭവിക്കുമെന്ന് ചെറുപ്പത്തിൽ ആരോ എന്നോട് പറഞ്ഞു. ഒരു തവണ മിസ് ആയാൽ പോലും വീണ്ടും ആരംഭിക്കണം. അപ്പോഴേ എനിക്കെന്റെ ഭർത്താവിനെ അറിയാം. ഞങ്ങൾ സുഹൃത്തുക്കളാണ്.

ഈ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും എന്റെ കൂടെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പ്രണയത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. 15 തവണ പൂർണ ചന്ദ്രനെ തുടരെ കാണാൻ ഒന്ന് രണ്ട് വർഷമെടുത്തു. ഇടയ്ക്ക് മിസ് ആയതായിരുന്നു അതിന് കാരണം. 15 തവണ കണ്ട ശേഷം ഞാൻ ആഗ്രഹിച്ചത് ചോദിച്ചു. പത്ത് വർഷങ്ങൾക്കിപ്പുറം വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ യുഎസിലായിരുന്നു. ഒരിക്കൽ ഞങ്ങൾ കാലിഫോർണിയയിൽ പ്രശസ്തമായ പസഫിക് കോസ്റ്റ് ഹെെവേ റോഡിൽ ഡ്രെെവിന് പോയി.
ഒരു വശത്ത് കടലും മറുവശത്ത് മലയുമാണ്. അത്രയും മനോഹരമായ ഡ്രെെവ് ആയിരുന്നു. എന്തോ കാരണത്താൽ ഞങ്ങൾ വഴക്കിട്ടു. എന്താണ് കാരണം എന്നെനിക്ക് ഓർമ്മയില്ല. വലിയ വഴക്കായി. ഒരു ടേൺ കഴിഞ്ഞ് വരവെ പൂർണ ചന്ദ്രൻ ഉദിച്ചുയർന്നു. ആദ്യമായാണ് അവിടെ ഞാൻ ചന്ദ്രനെ കാണുന്നത്. ഈ ചന്ദ്രനെ കണ്ടാണ് ഈ മനുഷ്യനെ വേണമെന്ന് ഞാൻ പറഞ്ഞത്. എന്തിനാണ് ഞാനിദ്ദേഹവുമായി വഴക്കുണ്ടാക്കുന്നത് എന്ന് തോന്നി. ദേഷ്യപ്പെടുന്നത് പാതി വഴിക്ക് നിർത്തി രാഹുൽ അവിടെ നോക്കെന്ന് പറഞ്ഞു.

ഒരു മിനുട്ട് ഞങ്ങൾ പൂർണ ചന്ദ്രനെ കണ്ടു. അതിന് ശേഷം വഴക്കിട്ടത് മറന്നു. പൂർണ ചന്ദ്രന്റെയും ആ നിമിഷത്തിന്റെയും ഭംഗിയിൽ എന്തിനാണ് വഴക്കിടുന്നതെന്ന് ഞങ്ങൾ കരുതി. പിന്നീട് ഞങ്ങളുടെ യാത്ര വളരെ മനോഹരമായിരുന്നെന്നും അഭിരാമി പറഞ്ഞു. കൽകി എന്നാണ് അഭിരാമിയുടെയും രാഹുലിന്റെയും മകളുടെ പേര്. ദത്തെടുക്കലിലൂടെ അമ്മയായതിനെക്കുറിച്ച് അടുത്തിടെയാണ് അഭിരാമി തുറന്ന് പറഞ്ഞത്.
ഗരുഡനാണ് മലയാളത്തിൽ അഭിരാമിയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. മികച്ച വിജയം നേടിയ സിനിമയിൽ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷം ചെയ്തു. അഭിനയ രംഗത്ത് തിരക്കേറുകയാണ് അഭിരാമിക്ക്. ഈ വർഷം നടിയുടെ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന സിനിമയിലൂടെയാണ് അഭിരാമി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.


Click it and Unblock the Notifications