'നീ അല്ലാതാവും; മിമിക്രി ഉപേക്ഷിക്കാൻ പറഞ്ഞത് അച്ഛൻ'; തിലകൻ മകന് നൽകിയ ഉപദേശം
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് തിലകൻ. മരിച്ചിട്ട് വർഷങ്ങളായെങ്കിലും ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. പെരുന്തച്ചൻ, കിരീടം, മൂന്നാം പക്കം, സന്ദേശം, ഗോഡ്ഫാദർ, സ്ഫടികം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച തിലകൻ അഭിനയ മികവിൽ സൂപ്പർ സ്റ്റാറുകളേക്കാൾ മുന്നിലായിരുന്നു. സൂപ്പർ താര ചിത്രങ്ങളിൽ വന്ന് പോവുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് തിലകൻ നേരത്തെ പറഞ്ഞിരുന്നു.
തിലകന്റ മക്കളായ ഷോബി തിലകനും ഷമ്മി തിലകനും സിനിമാ സീരിയൽ രംഗത്ത് തന്നെ പ്രവർത്തിക്കുന്നു. ഷമ്മി തിലകൻ നിരവധി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയപ്പോൾ ഷോബി ഡബ്ബിംഗ് രംഗത്താണ് ശോഭിച്ചത്. പല ഹിറ്റ് സിനിമകളിലും വില്ലൻ വേഷങ്ങൾക്ക് ഡബ് ചെയ്തത് ഷോബി തിലകനാണ്. സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കലാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷോബി തിലകൻ. മിമിക്രി രംഗത്ത് തിളങ്ങിയിരുന്ന താൻ എന്ത് കൊണ്ടാണ് പിന്നീടിത് ഉപേക്ഷിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എസ്എൻ കോളേജിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർക്കിടയിൽ വെറുതെ മിമിത്രി ചെയ്യുമായിരുന്നു. അതിന് മുമ്പ് പ്രീ ഡിഗ്രി പഠിച്ച സമയത്ത് കോളേജ് മത്സരത്തിൽ മിമിക്രിക്ക് സമ്മാനം കിട്ടുന്നത്. അത് ഞാനെപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. പിന്നീട് മിമിക്രിക്ക് സമ്മാനങ്ങൾ ലഭിച്ച് പത്രത്തിലൊക്കെ വന്ന ശേഷമാണ് എന്നെ പ്രോഗ്രാമുകളിലേക്ക് വിളിക്കുന്നത്'
'അതിന് ശേഷം ഡബ്ബിംഗിലേക്ക് വന്നപ്പോൾ മിമിക്രി മുഴുവനായും നിർത്തി. മിമിക്രി നിർത്താനുള്ള കാരണം അച്ഛൻ കൂടിയാണ്. ഡബ്ബിംഗിന്റെ കാര്യത്തിലും അദ്ദേഹത്തിന് താൽപര്യമില്ല. നല്ല ശബ്ദം വല്ലവർക്കും കൊടുക്കുന്നെന്ന് പറയും. അഭിനയത്തിൽ എന്തെങ്കിലും ആവണമെങ്കിൽ നീ മിമിക്രി ഉപേക്ഷിച്ചേ പറ്റുള്ളൂ'
'മിമിക്രി എന്നത് വേറൊരാളെ അനുകരിക്കലാണ്. അഭിനയിക്കുമ്പോൾ നീ അനുകരിക്കുന്ന ആർട്ടിസ്റ്റുകളുടെ മാനറിസങ്ങൾ കയറി വരും. നീ അല്ലാതാവും. ആ ആർട്ടിസ്റ്റ് ചെയ്ത് ഓർത്ത് വെച്ച് അത് പോലെ ചെയ്യുമെന്ന്'
'ഷോബിയെക്കുറിച്ച് തിലകൻ ചേട്ടൻ വരുന്നു എന്ന് പറയാം. അച്ഛനായത് കൊണ്ട് അതൊരു തെറ്റാവില്ല. പക്ഷെ ഞാൻ മമ്മൂട്ടിയെ ഇമിറ്റേറ്റ് ചെയ്യുന്നെന്ന് പറയുന്നത് ഒരു മൈനസ് മാർക്കാണ്. പല മിമിക്രി താരങ്ങൾക്കും ചില സാഹചര്യങ്ങൾ അഭിനയത്തിൽ അനുകരണം വരാറുണ്ട്'

'അത് മുന്നിൽ കണ്ട് കൊണ്ടാണ് അച്ഛൻ പറഞ്ഞത്. മാത്രവുമല്ല മിമിക്രിയും ഡബ്ബിംഗും ഒന്നിച്ച് കൊണ്ട് പോവാൻ ബുദ്ധിമുട്ടാണ്. മിമിക്രിയിൽ ഓവർനൈറ്റ് രണ്ട് പ്രോഗ്രാമുണ്ടെങ്കിൽ ശബ്ദമെല്ലാം പോവും,' ഷോബി തിലകൻ പറഞ്ഞതിങ്ങനെ.
ഷമ്മി തിലകനും നേരത്തെ നിരവധി സിനിമകൾത്ത് ഡബ് ചെയ്തിട്ടുണ്ട്. എന്നാൽ തന്നെ ശബ്ദത്തിന് മാത്രം ഉപയോഗിക്കുന്നതിന് താൽപര്യമില്ലെന്ന് നടൻ പിന്നീട് വ്യക്തമാക്കിയിരുന്നു. തിലകന് കരിയലുണ്ടായ വളർച്ച രണ്ട് മക്കളുടെ കാര്യത്തിലും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം കരിയറിൽ തിളങ്ങുമ്പോൾ തിലകൻ പലപ്പോഴും വിവാദങ്ങളുടെ നടുവിലായിരുന്നു. സിനിമാ രംഗത്ത് തിലകനെ വിലക്കുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്. തിലകൻ സെറ്റുകളിൽ പ്രശ്നക്കാരനായിരുന്നെന്നും ഷൂട്ടിംഗ് പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും നേരത്തെ പലരും പറഞ്ഞിരുന്നു.


Click it and Unblock the Notifications