ഇതിനായിരുന്നോ അന്ന് ദേഷ്യപ്പെട്ടത്; അന്നത്തെ വഴക്കുകൾ ഇന്ന് ഓർക്കുമ്പോൾ; പിരിഞ്ഞതിനെക്കുറിച്ച് സീത പറഞ്ഞത്
അഭിനയ രംഗത്ത് ഇന്നും സജീവമാണ് നടി സീത. ഒരു കാലത്ത് തിരക്കേറിയ നായിക നടിയായിരുന്ന സീത പിന്നീട് ക്യാരക്ടർ റോളുകളും ചെയ്തു. 1985 ൽ 'ആൺ പാവം' എന്ന ചിത്രത്തിലൂടെയാണ് സീത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തമിഴിലും തെലുങ്കിലും വലിയ ജനപ്രീതി നടിക്കുണ്ട്. മലയാളത്തിലും സീത നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സീത വിവാഹിതയാകുന്നത്. നടനും സംവിധായകനുമായ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു.
1990 ലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം സീത സിനിമകളിൽ നിന്നും ഇടവേളയെടുത്ത് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. രണ്ട് പെൺമക്കളും ഇവർക്ക് ജനിച്ചു. വിവാഹ ജീവിതം മുന്നോട്ട് പോകവെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും സീതയും പാർത്ഥിപനും വേർപിരിയുകയും ചെയ്തു. വലിയ തോതിൽ പരസ്യമായ ആരോപണങ്ങളൊന്നുമില്ലാതെയാണ് രണ്ട് പേരും പിരിഞ്ഞത്. അതേസമയം സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്ന് പാർത്ഥിപൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

സീത ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം പാർത്ഥിപനെ കുറ്റപ്പെടുത്തി സീത എവിടെയും സംസാരിച്ചിട്ടില്ല. ഇതേക്കുറിച്ച് മുമ്പൊരിക്കൽ സീത വിശദീകരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പിരിഞ്ഞ ശേശം പരസ്പരം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സീത അഭിപ്രായപ്പെട്ടു.
അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്. മറ്റൊന്നും കൊണ്ടല്ല. പുറത്ത് വന്നതിന് ശേഷം പരസ്പരം കുറ്റം പറയുന്നുണ്ടെങ്കിൽ ഉള്ളിന്റെയുള്ളിൽ ആ സ്നേഹം ഉണ്ടാകും. ആര് പരസ്പരം കുറ്റം പറഞ്ഞാലും ബാധിക്കുന്നത് കുട്ടികളെയാണ്. അതിന്റെ ആവശ്യമില്ലെന്ന്. വേണ്ടെന്ന് തീരുമാനിച്ച് പിരിഞ്ഞു. അത്രയേയുള്ളൂ. പിരിയുമ്പോൾ പരസ്പരം വെറുക്കുന്ന മനോഭാവം ശരിയല്ല. നമ്മൾ സ്നേഹിച്ചതെല്ലാം സത്യമാണല്ലോ. പെട്ടെന്ന് ഈ ദേഷ്യം എവിടെ നിന്ന് വരുന്നു. പിരിയുകയാണെങ്കിൽ നല്ല രീതിയിൽ പിരിയൂ. അല്ലെങ്കിൽ പിരിയാൻ പാടില്ല.

സമാധാനപരമായ ജീവിതം ആഗ്രഹിച്ചല്ലേ പിരിയുന്നത്. മാപ്പ് നൽകിയാലേ നമുക്ക് സന്തോഷമായിരിക്കാൻ പറ്റൂ. മറക്കുകയും ക്ഷമിക്കുകയും ചെയ്യുക. നമ്മുടെ സമാധാനത്തിന് വേണ്ടിയുള്ള സ്വാർത്ഥതയായി അതെടുക്കുക. എനിക്കാരെയും ശപിക്കാനോ ശകാരിക്കാനോ താൽപര്യമില്ല. ജീവിക്കുന്ന കുറച്ച് കാലം നമ്മൾ സമാധാനപരമായി ജീവിക്കണം. ആ പ്രായത്തിൽ പക്വത കുറവാണ്. അന്ന് ഓരോ കാര്യങ്ങൾക്കും ഓ, ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടും.
ഇന്ന് ആലോചിച്ച് നോക്കുമ്പോൾ ഒന്നുമില്ല. എന്തിനാണ് നമ്മൾ വഴക്കിട്ടതെന്ന് തോന്നും. ഇന്ന് അതെല്ലാം സിംപിളാണ്. ഇതിനാണോ അത്രയും ദേഷ്യപ്പെട്ടതെന്ന് തോന്നും. പക്ഷെ ആ പ്രായത്തിലും ആ പക്വതയിലും എന്താണോ ചിന്തിക്കുന്നത് അത് ശരിയാണ്. ഇപ്പോൾ പക്വത വന്നു. ക്ഷമിക്കാനുള്ള കഴിവും തനിക്ക് വന്നെന്നും സീത വ്യക്തമാക്കി. മകളുടെ വിവാഹത്തിന് പാർത്ഥിപൻ വന്നതിൽ സന്തോഷമുണ്ടെന്നും സീത അന്ന് തുറന്ന് പറഞ്ഞു.
2001 ലാണ് സീതയും പാർഥിപനും വേർപിരിയുന്നത്. കീർത്തന, അഭിനയ എന്നിവരാണ് സീതയുടെയും പാർത്ഥിപന്റെയും മക്കൾ. 2002 ൽ പുറത്തിറങ്ങിയ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ കീർത്തന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











