തോന്നലായിരിക്കാം എന്നാണ് അമലയോട് പറഞ്ഞത്; മൂന്ന് മാസം നോക്കി; നടിയെക്കുറിച്ച് വിജയുടെ വാക്കുകൾ
ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ് അമല പോൾ. കഴിഞ്ഞ ദിവസമാണ് അമലയെ കാമുകൻ ജഗത് ദേശായി വിവാഹത്തിന് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ വൈറലായത്. ജഗത് ദേശായിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സിനിമാ ലോകത്തിന് അറിയില്ല. കാമുകനെക്കുറിച്ച് അമല തന്നെ തുറന്ന് സംസാരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭർത്താവ്. 2014 ലാണ് ഇരുവരും വിവാഹിതരായത്.
ഒരുമിച്ച് സിനിമ ചെയ്യവെയാണ് അമലയും വിജയും പ്രണയത്തിലാകുന്നത്. എന്നാൽ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. 2017 ൽ രണ്ട് പേരും നിയമപരമായി വേർപിരിയുകയും ചെയ്തു.
വിവാഹത്തെക്കുറിച്ച് എഎൽ വിജയും അമലയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയിനോട് താനങ്ങളോട്ട് ഇഷ്ടം പറയുകയായിരുന്നെന്ന് അമല അന്ന് വ്യക്തമാക്കി.

എന്നാൽ മൂന്ന് മാസം വിജയ് തന്നെ കാത്തിരിപ്പിക്കുകയാണുണ്ടായത്. നിങ്ങൾക്ക് ഞാൻ ആരാണെന്ന് അറിയാമോ സ്കൂളിലും കോളേജിലും ഞാൻ സ്റ്റാറായിരുന്നു. എന്നിട്ട് എന്നെ മൂന്ന് മാസം കാത്തിരിപ്പിക്കുന്നോ എന്നാണ് താൻ ചിന്തിച്ചതെന്നും അമല പോൾ അന്ന് തുറന്ന് പറഞ്ഞു. അതേസമയം ഇത് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് കൂട്ടിയെന്നും അമല തുറന്ന് പറഞ്ഞു.
മൂന്ന് മാസം കഴിഞ്ഞ് നോക്കാമെന്ന് പറഞ്ഞതിന് കാരണം എന്തെന്ന് വിജയും വ്യക്തമാക്കി. കരിയറിലെ നല്ല സമയത്താണ് അമല. അപ്പോഴത്തെ തോന്നലായിരിക്കാം എന്ന് അമലയോട് പറഞ്ഞു. അപ്പോൾ അമല പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി. കരിയറിന് വേണ്ടി ജീവിതം നഷ്ടപ്പെടുത്താൻ പറ്റില്ലെന്നാണ് അമല പറഞ്ഞതെന്നും വിജയ് അന്ന് വ്യക്തമാക്കി.തന്നെ മൂന്ന് മാസം കാത്തിരിപ്പിച്ചതോടെ വിവാഹത്തിന് താൻ രണ്ട് വർഷം കാത്തിരിപ്പിച്ചെന്ന് അമല പോളും വ്യക്തമാക്കി. കല്യാണം എന്റെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നു.

സിനിമാ രംഗത്ത് ഒരുപാട് കാലം ഉണ്ടാകില്ല, കല്യാണം കഴിച്ച് പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും സിനിമാ രംഗത്ത് രണ്ട് മൂന്ന് വർഷത്തിന് മുകളിൽ ഞാൻ നിൽക്കുമെന്ന് തോന്നുന്നില്ല. തനിക്കെപ്പോഴും മാറ്റങ്ങൾ വേണമെന്നും അന്ന് അമല തുറന്ന് പറഞ്ഞു. വിജയിയെ ആദ്യം കാണുന്നത് എന്റെ ബർത്ത്ഡേയ്ക്കാണ്. അതിന് മുമ്പ് മൈന കണ്ട് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നെന്നും അമല അന്ന് ഓർത്തു.
വിവാഹമോചനത്തിന് ശേഷം വലിയ മാറ്റങ്ങളോടെയാണ് അമലയെ പ്രേക്ഷകർ കണ്ടത്. സിനിമാ രംഗത്ത് സജീവമായട അമലയെ തേടി നിരവധി അവസരങ്ങളെത്തി. വിവാഹമോചനത്തിന് ശേഷം വന്ന ഗോസിപ്പുകളെയെല്ലാം അമല അവഗണിച്ചു. സിനിമാ രംഗത്ത് വീണ്ടും തിരക്കേറി വരികെയാണ് ഒരുഘട്ടത്തിൽ അമല പോൾ ഇടവേളയെടുക്കുന്നത്.
പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകൾ ഈ സമയത്ത് നടി വേണ്ടെന്ന് വെച്ചു. കഡാവർ എന്ന സിനിമയിലൂടെയാണ് അമല തിരിച്ചെത്തിയത്. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമല പോൾ മലയാളത്തിൽ ഒടുവിൽ ചെയ്ത സിനിമകൾ. ആടുജീവിതം ഉൾപ്പെടെയുള്ള സിനിമകൾ റിലീസ് ചെയ്യാനുണ്ട്. കരിയറിൽ വീണ്ടും അമല സജീവമാകുമ്പോഴാണ് രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്. ജഗത് ദേശായിയെക്കുറിച്ച് അമല ഇതുവരെ എവിടെയും സംസാരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പ്രണയത്തെക്കുറിച്ച് അമല മനസ് തുറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications