ഇത്രയും നാൾ വീട്ടമ്മയായി കഴിഞ്ഞിട്ട് പെട്ടന്നിങ്ങനെ?; അമല കാണിച്ച് തന്ന നാഗാർജുനയുടെ മെസേജ്; കുട്ടി പത്മിനി
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് അമല അക്കിനേനി. മലയാളത്തിൽ എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളിൽ അമല അഭിനയിച്ചിട്ടുണ്ട്. കരിയറിലെ തിരക്കുകൾക്കിടെയാണ് അമല വിവാഹിതയാകുന്നത്. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുമായുള്ള വിവാഹത്തിന് ശേഷം സിനിമാ രംഗം വിട്ട അമല കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. അഖിൽ അക്കിനേനി എന്ന മകനും താര ദമ്പതികൾക്ക് പിറന്നു. വർഷങ്ങൾക്കിപ്പുറമാണ് അമല അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്.
അമല-നാഗാർജുന വിവാഹജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകളും നേരത്തെ വന്നിട്ടുണ്ട്. നാഗാർജുന നടി തബുവുമായി പ്രണയത്തിലാണെന്നും വിവാഹേതര ബന്ധമായി ഇത് തുടരുന്നെന്നുമായിരുന്നു ഒരു ഗോസിപ്പ്. എന്നാൽ അമല ഈ ഗോസിപ്പുകളെയെല്ലാം അവഗണിച്ചു. അമലയെക്കുറിച്ച് സുഹൃത്തായ നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമലയുമായി വർഷങ്ങളായുള്ള അടുപ്പം തനിക്കുണ്ടെന്ന് കുട്ടി പത്മിനി പറയുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമല ചെന്നെെയിലേക്ക് വീണ്ടും വന്നു. വന്നയുടനെ എനിക്ക് കോൾ ചെയ്തു. സീ ടിവിയിൽ ഒരു സീരിയലിൽ ഡോക്ടറുടെ റോൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ഓടിപ്പോയി കണ്ടു. വീണ്ടും അഭിനയിക്കണമെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ സീരിയലിൽ അഭിനയിക്കാമായിരുന്നില്ലേയെന്ന് ഞാൻ ചോദിച്ചു.
രണ്ട് പേരും ചിരിച്ചു. ഒരുപാട് നേരം സംസാരിച്ചു. താൻ പൂർണമായും വെജിറ്റേറിയനായെന്ന് അമല പറഞ്ഞു. അമല ഷൂട്ട് കഴിഞ്ഞ് പോകുന്നത് വരെയും അവർക്ക് ഞാൻ ഫ്രൂട്ട് ജ്യൂസും മറ്റും കൊടുത്തയക്കുമായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു. ഒരിക്കൽ അമലയുമായി നടന്ന സംഭാഷണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

ഇത്രയും നാൾ ഒരു വീട്ടമ്മയായി ഇരുന്നിട്ട് പെട്ടെന്ന് പുറത്തേക്ക് വന്ന് സീരിയൽ ചെയ്യുന്നു, കുടുംബ ജീവിതം എങ്ങനെ പോകുന്നു എന്ന് ഞാൻ ചോദിച്ചു. ഇത് കേട്ട് അമല ചിരിച്ചു. എന്നിട്ട് എന്നെ ഫോൺ കാണിച്ചു. മിസ് യു ഡാ, തിരിച്ച് വാ, ആർ യു ഓക്കെ എന്നൊക്കെ നാഗാർജുനയുടെ മെസേജുകൾ. എല്ലാം ഓക്കെയല്ലേ, പറ്റുന്നില്ലെങ്കിൽ ഉടനെ തിരിച്ച് വരണം, ടിക്ക് ബുക്ക് ചെയ്യാമെന്ന് മകന്റെ മെസേജും. ഈ സ്നേഹ പരിലാളന താൻ ആസ്വദിക്കുന്നുണ്ട് പത്മിനീയെന്ന് അമല പറഞ്ഞു.
കല്യാണം കഴിഞ്ഞ് 20 വർഷത്തിന് ശേഷവും പ്രണയം നിലനിൽക്കുന്നത് അവർ ശരിക്കും ആസ്വദിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞയുടനെ ഒരു ഹോളിഡേയ്ക്ക് നാഗാർജുനയും അഖിലും ബുക്ക് ചെയ്തു. ആ ഹോളിഡേയ്ക്ക് പോകണമെന്ന് സന്തോഷത്തോടെ അമല പറഞ്ഞിരുന്നെന്നും കുട്ടി പത്മിനി ഓർത്തു. തനിക്ക് സിനിമാ ലോകത്ത് നിന്നും ലഭിച്ച അടുത്ത സുഹൃത്താണ് അമലയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. വലിയ നിലയിലേക്ക് എത്തിയപ്പോഴും ഒരു മാറ്റവും അമലയ്ക്ക് വന്നിട്ടില്ല.
അമലയേക്കാളും ശ്രീദേവിയുടെ അടുത്ത സുഹൃത്തായിരുന്നു ഞാൻ. പക്ഷെ പിന്നീട് ശ്രീദേവി എന്നെ ബോംബെയിലോ ഒരു കല്യാണ വിരുന്നിലോ കണ്ടാൽ ഒരു ഹലോ മാത്രമേയുള്ളൂ. ഹായ്, പപ്പീ എന്ന് പറഞ്ഞ് ഓടി വന്ന് കെട്ടിപ്പിടിക്കുകയൊന്നും ചെയ്തിട്ടില്ല. എന്നാൽ അമല എവിടെ വെച്ച് കണ്ടാലും സ്നേഹത്തോടെ തന്റെയടുത്ത് വന്ന് വിശേഷങ്ങൾ പങ്കുവെക്കുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications