18 റിഹേഴ്സൽ; സംവിധായകൻ വയലന്റായി; തെലുങ്കിൽ പോയപ്പോൾ രംഭയ്ക്ക് വന്ന മാറ്റം; മനോജ് കെ ജയന്റെ വാക്കുകൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിലെ തിരക്കേറിയ നടിയായിരുന്നു രംഭ. ഗ്ലാമറസ് നായികയായി തരംഗം സൃഷ്ടിച്ച രംഭ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ രംഭയ്ക്ക് ലഭിച്ചു. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകൾ. നടി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത് സർഗം എന്ന മലയാള സിനിമയിലൂടെയാണ്. 1992 ൽ പുറത്തിറങ്ങിയ ഈ ക്ലാസിക് ചിത്രത്തിൽ തങ്കമണി എന്ന കഥാപാത്രത്തെയാണ് രംഭ അവതരിപ്പിച്ചത്.
15ാം വയസിലാണ് രംഭ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. അന്നത്തെ രംഭയെക്കുറിച്ച് സർഗത്തിൽ ഒപ്പം അഭിനയിച്ച നടൻ മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രംഭയ്ക്ക് അന്ന് അഭിനയത്തെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു എന്നാണ് മനോജ് കെ ജയൻ തുറന്ന് പറഞ്ഞത്.

സിനിമയിൽ കുട്ടൻ തമ്പുരാൻ അവസാനം തൂങ്ങി ചാവുന്നുണ്ട്. ഞാനാണെങ്കിൽ രാവിലെ മുതൽ കെട്ടിത്തൂങ്ങി കിടക്കുന്നു. ഇവൾ ആദ്യ രാത്രി പാലുമായി വരുമ്പോൾ ഇത് കണ്ട് നിലവിളിക്കണം. രംഭയ്ക്ക് നിലവിളിയും വരുന്നില്ല ഒരു കോപ്പും വരുന്നില്ല.ആക്ഷൻ എന്ന് പറയുമ്പോൾ മെല്ലെ കരയും. പതിനെട്ട് റിഹേഴ്സൽ പോയി. അവൾക്ക് നിലവിളി വരുന്നില്ല. അതേസമയം ഹരിഹരൻ സാർ വയലന്റായി. ആരെങ്കിലും പറഞ്ഞ് കൊടുക്കൂ, എത്ര നേരമായി, നിലവിളിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞാൽ എന്നൊക്കെ പറഞ്ഞു.
ഞാൻ എന്നെ താഴെ ഇറക്കാമോ എന്ന് ചോദിച്ചു. അവസാനം എന്നെ കെട്ടി താഴെ ഇറക്കി. വീണ്ടും ടേക്ക് എടുത്തപ്പോൾ അൽപ്പം കൂടി ശബ്ദത്തിൽ രംഭ കരഞ്ഞു. സർ ബാക്കി ഡബ്ബിംഗിൽ പിടിച്ചു. ഇതേ സിനിമ തെലുങ്കിൽ ചെയ്യാൻ പോയപ്പോൾ ആശാത്തി ബ്രില്യന്റ് നടിയായി വരുന്നു. ഈ നിലവിളി സ്റ്റെെൽ ആയി രംഭ തെലുങ്കിൽ ചെയ്തെന്നും മനോജ് കെ ജയൻ ഓർത്തു.

സർഗത്തിന്റെ തെലുങ്ക് റീമേക്കിൽ താൻ അഭിനയിച്ചതിനെക്കുറിച്ചും മനോജ് കെ ജയൻ അന്ന് സംസാരിച്ചു. ഞാനുണ്ടെങ്കിലേ ആ പടം ചെയ്യൂ എന്നവർ തീരുമാനിച്ചു. സർഗത്തിലൊക്കെ അഭിനയിക്കുമ്പോൾ പ്രതിഫലമൊന്നും ആഗ്രഹിച്ചിട്ടില്ല. സർ തന്നതും വാങ്ങി പോയി. പക്ഷെ തെലുങ്ക് എത്തിയപ്പോൾ ഡിമാന്റ് ചെയ്യാമെന്ന് തോന്നി. സർഗത്തിൽ വാങ്ങിയതിന്റെ പതിന്മടങ്ങ് ചോദിച്ചു. ആദ്യം അവർ ഒന്ന് വലിഞ്ഞു.
പിന്നെ അവർ ചിന്തിച്ചിട്ട്, അയാൾ വേണം, അയാളില്ലാതെ ഈ സിനിമ ചെയ്തിട്ട് കാര്യമില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് സർഗത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്തെന്നും മനോജ് കെ ജയൻ വ്യക്തമാക്കി. ഒരിക്കൽ കൈരളി ടിവിയിലാണ് മനോജ് കെ ജയൻ ഇക്കാര്യങ്ങൾ സംസാരിച്ചത്.
സർഗം, അനന്തഭദ്രം എന്നീ സിനിമകളിൽ മനോജ് കെ ജയൻ ചെയ്ത കഥാപാത്രങ്ങളാണ് ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. സിനിമാ രംഗത്ത് നടൻ ഇന്നും സജീവമാണ്. അതേസമയം രംഭ കരിയർ വിട്ടിട്ട് വർഷങ്ങളായി. വിവാഹശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാർ പത്മനാഥനാണ് രംഭയുടെ ഭർത്താവ്.


Click it and Unblock the Notifications