നവ്യക്ക് തെറ്റിദ്ധാരണയുണ്ടായി; ചിത്രങ്ങൾ വന്നതോടെ ആശങ്കപ്പെട്ടു; കാവ്യയും നവ്യയും ഒരുമിച്ചെത്തിയപ്പോൾ
മലയാളത്തിൽ ഒരു കാലഘട്ടത്തിൽ സജീവമായ നായിക നടിമാരാണ് കാവ്യ മാധവനും നവ്യ നായരും. രണ്ട് പേർക്കും ഹിറ്റുകൾ നിരവധിയാണ്. 2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. അപ്പോഴേക്കും കാവ്യ മലയാളത്തിൽ നായികയായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 1999 ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ നായികയായി തുടക്കം കുറിക്കുന്നത്. ഇതിനിടെ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മീര ജാസ്മിനും അഭിനയ രംഗത്തേക്ക് വന്നു.
പിന്നീടിങ്ങോട്ട് ഈ മൂന്ന് നടിമാരുടെയും കുതിച്ചുയരലാണ് മലയാളി പ്രേക്ഷകർ കണ്ട്. നന്ദനം എന്ന സിനിമയിലെ പ്രകടനത്തിലൂടെ നവ്യ വൻ ജനപ്രീതി നേടി. മലയാളത്തിന്റെ മുഖശ്രീയായി മാറിയ കാവ്യ ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു. മീര ജാസ്മിനാകട്ടെ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റ് സിനിമകളിലെ നായികയായി. ഇവർ ഒരുമിച്ച് അഭിനയിച്ച ചില സിനിമകളുമുണ്ട്.

ഗ്രാമഫോൺ എന്ന സിനിമയിൽ നവ്യയും മീര ജാസ്മിനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നവ്യ നായികയായ വെള്ളിത്തിര എന്ന സിനിമയിൽ കാവ്യ അതിഥി വേഷത്തിലെത്തി. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് 2009 ൽ പുറത്തിറങ്ങിയ ബനാറസ്. വിനീത് ആണ് നായക വേഷം ചെയ്തത്. സിനിമയുടെ കാസ്റ്റിംഗിനെക്കുറിച്ച് സംവിധായകൻ നേമം പുഷ്പരാജ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലെന്ന് നവ്യ നായർ ആശങ്കപ്പെട്ടിരുന്നെന്ന് നേമം പുഷ്പരാജ് തുറന്ന് പറഞ്ഞു.
രണ്ട് പേർക്കും ഏകദേശം തുല്യ പ്രാധാന്യം ആയിരുന്നു. എന്നാലും ഒരൽപ്പം കൂടി നിൽക്കുന്നത് കാവ്യക്കാണ്. നമ്മൾ കൊടുത്ത റോൾ തന്നെയാണ് അവർ സ്വീകരിച്ചത്. അല്ലാതെ അവർ തെരഞ്ഞെടുത്തതല്ല. കഥ പറഞ്ഞപ്പോൾ രണ്ട് പേർക്കും സ്വീകാര്യമായിരുന്നു. പക്ഷെ പിന്നീട് നവ്യക്ക് കുറച്ച് സമയം ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.

ബനാറസിൽ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഫിലിം മാഗസിനുകളിൽ എല്ലാം കാവ്യയുടെയും വിനീതിന്റെയും പടങ്ങൾ വരാൻ തുടങ്ങി. അപ്പോൾ തനിക്ക് പ്രാധാന്യം കുറവുണ്ടോയെന്ന് നവ്യ സംശയിച്ചു. പക്ഷെ നവ്യയുടെ ഭാഗം ഷൂട്ട് ചെയ്തപ്പോൾ ആ സംശയം മാറുകയും ചെയ്തു. രണ്ട് പേരും തൃപ്തികരമായാണ് ബനാറസ് എന്ന സിനിമ പൂർത്തിയാക്കിയതെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ബനാറസ് പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ രംഗം വിടുന്നതിന് കുറച്ച് കാലം മുമ്പ് നവ്യയും കാവ്യയും ചെയ്ത സിനിമയാണിത്. ബനാറസ് റിലീസ് ചെയ്ത 2009 ലാണ് കാവ്യ വിവാഹിതയാകുന്നത്. അഭിനയ രംഗം വിടുന്നെന്ന് നടി അറിയിക്കുകയും ചെയ്തു. ഈ ബന്ധം വേർപിരിഞ്ഞ ശേഷമാണ് കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.
മറുവശത്ത് 2010 ലാണ് നവ്യ നായർ വിവാഹിതയായത്. വിവാഹത്തോടെ അഭിനയ രംഗം വിട്ട നവ്യ ഏറെ നാളുകൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഇന്ന് നടി സിനിമാ രംഗത്ത് സജീവമാണ്. ജാനകി ജാനേയാണ് നവ്യ നായികയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. അതേസമയം സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് കാവ്യ മാധവൻ. 2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. കാവ്യയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











