പ്രശ്നം തുടക്കത്തിലേ മനസിലാക്കിയ നയൻതാര തമിഴിലേക്ക്; കാവ്യക്കും തുറന്ന് പറയേണ്ടി വന്നു; നടിമാരുടെ വാക്കുകൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ ലോകത്തെ ഒന്നടങ്കം പിടിച്ച് കുലുക്കുകയാണ്. നടിമാരുടെ തുറന്ന് പറച്ചിലുകൾ പല പ്രമുഖരെയും വെട്ടിലാക്കി. മലയാള സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള മോശം പ്രവണതകളുണ്ടെന്ന് തമിഴകത്തെ നടിമാരുൾപ്പെടെ തുറന്ന് പറയുന്നു. അതേസമയം പ്രമുഖ താരങ്ങൾ വിഷയത്തിൽ കൃത്യമായി നിലപാട് പറയാത്തത് വിമർശനങ്ങൾക്ക് വഴി വെക്കുന്നുണ്ട്.
വിമർശനം കടുത്തതോടെ മമ്മൂട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായം പങ്കുവെച്ചു. വിശദീകരണം നൽകാനാകാതെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജി വെച്ചു. ലേഡി സൂപ്പർതാരം മഞ്ജു വാര്യർക്കും ഈ വിഷയത്തിൽ കൃത്യമായ അഭിപ്രായമില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും മഞ്ജു ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ഡബ്ല്യുസിസി അംഗമാണെങ്കിലും സംഘടനയുടെ പല നിലപാടുകളെയും മഞ്ജു പരസ്യമായി പിന്തുണയ്ക്കുന്നുമില്ല.

തെന്നിന്ത്യൻ താരറാണി നയൻതാരയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പാെതുവെ വിവാദ വിഷയങ്ങളിൽ നിന്നും നയൻതാര മാറി നിൽക്കാറാണ് പതിവ്. അതേസമയം അധികം ഡിപ്ലോമാറ്റിക് അല്ലാതെയാണ് നയൻതാര സംസാരിക്കാറെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ഒരിക്കൽ മലയാള സിനിമാ രംഗത്ത് താൻ കണ്ട പ്രശ്നത്തെക്കുറിച്ച് വളരെ ലളിതമായി നയൻതാര സംസാരിച്ചിട്ടുണ്ട്. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാര തുറന്ന് സംസാരിച്ചത്.
എനിക്കിതിൽ ഡിപ്ലോമാറ്റിക് ആകേണ്ട. ബോംബെയിൽ നിന്ന് വരുന്ന നായികമാരാണെങ്കിൽ അവർക്ക് ബഹുമാനം നൽകും. എന്നാൽ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കിൽ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്. നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്.

പക്ഷെ എങ്കിൽ പോലും ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണമെന്ന് നയൻതാര വ്യക്തമാക്കി. അതേസമയം തമിഴ് സിനിമാ രംഗത്തെക്കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ലെന്നും സ്വന്തം വീട് പോലെയാണെന്നും നയൻതാര അന്ന് പറഞ്ഞു. 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടക്കുന്നത്. കുറച്ച് മലയാള സിനിമകളിൽ അഭിനയിച്ച നടി തമിഴകത്തേക്ക് കടന്നു.
മലയാള സിനിമാ രംഗത്തേക്കാളും ബഹുമാനവും സ്വീകാര്യതയും നടിക്ക് തമിഴകത്താണ് ലഭിച്ചത്. പിന്നീട് ഇടയ്ക്ക് വന്ന് ചില മലയാള സിനിമകൾ ചെയ്യുന്ന നടിയായി നയൻതാര മാറി. മലയാളത്തിൽ സ്വന്തം നാട്ടിലെ നായിക നടിമാർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നേരത്തെ കാവ്യ മാധവനും തുറന്ന് പറഞ്ഞിട്ടുണ്ട്. അന്യ ഭാഷയിൽ നിന്നും മലയാളത്തിൽ വന്ന് അഭിനയിക്കുന്ന നടിമാർക്ക് കൃത്യമായ പ്രതിഫലമുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടാറില്ല.
പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവരെത്ര ലക്ഷം രൂപ ചോദിച്ചാലും അവർക്ക് കൊടുക്കാൻ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്നമല്ല. ഫൈവ് സ്റ്റാർ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്തേക്കാം. അപ്പോഴൊക്കെ അവർക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നതെന്നും കാവ്യ അന്ന് ചൂണ്ടിക്കാട്ടി. അതേസമയം മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് പോകാനും തനിക്ക് താൽപര്യമില്ലെന്നും തനിക്ക് ഏറ്റവും കംഫർട്ടബിൾ മലയാളത്തിലാണെന്നും കാവ്യ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications