'ചാക്കോച്ചൻ സിനിമാരംഗം വിട്ട ശേഷം പ്രിയ പറഞ്ഞത്; ലാൽ ജോസിനോടും ഇക്കാര്യം സംസാരിച്ചു'
മലയാളത്തിൽ ഒരുകാലത്ത് കുഞ്ചാക്കോ ബോബനെ ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഇല്ലായിരുന്നു. റൊമാന്റിക് ഹീറോയായി തരംഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബൻ അന്ന് സെൻസേഷനായി മാറി. എന്നാൽ താരത്തിളക്കത്തിൽ നിന്നും നടൻ അധികകാലം തുടർന്നില്ല. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും താരം പൂർണമായും മാറി നിന്നു. നഷ്ടപ്പെട്ട താരമൂല്യം തിരിച്ച് പിടിക്കുക കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല.
സഹനായക വേഷമുൾപ്പെടെ രണ്ടാം വരവിൽ കുഞ്ചാക്കോ ബോബൻ ചെയ്തു. എന്നാൽ മികച്ച സിനിമകൾ തെരഞ്ഞെടുത്ത് വീണ്ടും പഴയ താരപ്രഭ സ്വന്തമാക്കാൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നു. കുഞ്ചാക്കോ ബോബന്റെ തിരിച്ച് വരവിനെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് തിരിച്ച് വരാൻ നടന്റെ ഭാര്യ പ്രിയ ഏറെ ആഗ്രഹിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു തിരക്കഥാകൃത്ത്.

സിനിമാരംഗത്ത് ചാക്കോച്ചന് വലിയൊരു ഗ്യാപ്പ് വന്നു. അന്ന് റിയൽ എസ്റ്റേറ്റ് പരിപാടികളുമായി അദ്ദേഹം നീങ്ങി. ഒരു ഫങ്ഷനിൽ വെച്ച് ചാക്കോച്ചന്റെ ഭാര്യ പ്രിയയെ എന്റെ ഭാര്യ പരിചയപ്പെട്ടു. പ്രിയയും എന്റെ ഭാര്യയും നല്ല സുഹൃത്തുക്കളായി. പ്രിയ എപ്പോഴും വീട്ടിൽ വരുമായിരുന്നു.
എന്നെ കാണുമ്പോൾ ചാക്കോച്ചന് വേണ്ടി നല്ലൊരു ക്യാരക്ടർ എഴുതി അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവരണം എന്ന് പ്രിയ പറയുമായിരുന്നു. എന്റെ മനസ്സിലും ആ ആഗ്രഹം ഉണ്ടായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളാണ് ചാക്കോച്ചൻ. സിനിമാ നടൻ എന്നതിലുപരി ചാക്കോച്ചനുമായി സുഹൃദ്ബന്ധം ഉണ്ടെന്നും ബെന്നി പി നായരമ്പലം പറയുന്നു.
ഒരു ദിവസം ചാക്കോച്ചൻ വേളാങ്കണ്ണി യാത്രയ്ക്ക് വിളിച്ചു. ബുക്ക് ചെയ്തവർ അവസാന നിമിഷം പിൻമാറി. ഒരുപാട് സീറ്റുകൾ ഉണ്ട്, സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ വിളിച്ചോ എന്ന് പറഞ്ഞു. അങ്ങനെ ലാൽ ജോസിനെയും കുടുംബത്തെയും വിളിച്ചു. ആ യാത്രയിലാണ് ചാക്കോച്ചനും ലാൽ ജോസും പരിചയപ്പെടുന്നത്. ഞങ്ങളെല്ലാവരും കമ്പനി ആയി.
ആ യാത്രയിൽ ലാൽ ജോസിനോടും പ്രിയ ചാക്കോച്ചനെ വെച്ച് സിനിമ ചെയ്യണം എന്ന് പറയുമായിരുന്നു. ലാൽ ജോസ് ആലോചിക്കാം എന്ന് പറഞ്ഞു. ആ യാത്രയിൽ രണ്ട് സിനിമകൾ ചാക്കോച്ചനെ വെച്ച് ചെയ്യാൻ തീരുമാനിച്ചു. ലാൽ ജോസിന്റെ എൽസമ്മ എന്ന ആൺകുട്ടിയും ഷാഫി സംവിധാനം ചെയ്ത ലോലിപോപ്പും ആയിരുന്നു ആ സിനിമകളെന്ന് ബെന്നി പി നായരമ്പലം വ്യക്തമാക്കി.

ആന്റോ ജോസഫും ഷാഫിയും ഞാനും ചേർന്ന് എബിഎസ് എന്ന നിർമാണ കമ്പനി രൂപീകരിച്ചു. ആ കമ്പനിയുടെ ആദ്യ സിനിമയാണ് ലോലിപോപ്പ്. പൃഥിരാജ്, ചാക്കോച്ചൻ, ജയസൂര്യ എന്നിവരുടെ കോംബിനേഷനിലാണ് കഥ ആലോചിച്ചത്. റോമ, ഭാവന, രാജൻ പി ദേവ് എന്നിങ്ങനെ വലിയൊരു താരനിര സിനിമയിൽ ഉണ്ടായിരുന്നെന്നും ബെന്നി നായരമ്പലം ചൂണ്ടിക്കാട്ടി. 2008 ലാണ് ലോലിപോപ് റിലീസ് ചെയ്യുന്നത്.
കുഞ്ചാക്കോ ബോബൻ സിനിമാ രംഗത്ത് പിന്നീട് സജീവ സാന്നിധ്യമായി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ കുഞ്ചാക്കോ ബോബന് ലഭിച്ചു. പദ്മിനിയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. സെന്ന ഹെഗ്ഡെ ഒരുക്കുന്ന സിനിമയിൽ അപർണ ബാലമുരളി, വിൻസി, അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications