നിർമാതാക്കളെ മഴയത്ത് നിർത്തി മുരളി; നടന് ചീത്തപ്പേര് വന്ന് തുടങ്ങിയ കാലം; തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ
മലയാള സിനിമാ രംഗത്ത് അതുല്യ നടനായാണ് മുരളിയെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. നാടകത്തിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന മുരളി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. അമരം, വെങ്കലം തുടങ്ങിയ സിനിമകളിൽ മുരളി ചെയ്ത കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളിക്ക് ലഭിച്ചു. നാല് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചത്. 2009 ആഗസ്റ്റ് ആറിനാണ് മുരളി മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.
മുരളിയുടെ സിനിമാ ജീവിതം പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അവസാന കാലത്ത് നടൻ ഷൂട്ടിംഗുമായി സഹകരിക്കുന്നില്ല എന്ന ആക്ഷേപം പരക്കെ വന്നിരുന്നു. സെറ്റിലെ വഴക്കുകളും മറ്റും മുരളിയുടെ കരിയറിൽ കല്ലുകടിയായി. ഇപ്പോഴിതാ മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. 2008 ൽ നിർമ്മിച്ച പുറപ്പാട് എന്ന സീരിയലിനിടെയുണ്ടായ അനുഭവമാണ് ദിനേശ് പണിക്കർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
ദൂരദർശനിൽ മുരളി ചേട്ടൻ നിർമ്മിക്കുന്ന സീരിയൽ ഞാൻ ടേക്ക് ഓവർ ചെയ്യാനാണ് ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ മൈന്റ്സ് ഐ എന്ന കമ്പനിയുടെ പേരിൽ നിർമ്മിക്കുന്ന സീരിയലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനം എനിക്ക് തരുന്നതാണ് എഗ്രിമെന്റ്. അതിന്റെ ഭാഗമായി അദ്ദേഹത്തെ പോയി കണ്ടു. കോംപ്രമൈസായി ഒരു തുക അദ്ദേഹം പറഞ്ഞു. ആ തുക കൊടുത്തു. എഗ്രിമെന്റ് വെച്ചു. പിന്നെ അതിൽ മുരളി ചേട്ടന് പങ്കില്ല. അതേസമയം ദൂരദർശന്റെ നിയമം അനുസരിച്ച് പ്രൊഡ്യൂസറായി പേര് കാണിക്കുക മുരളി ചേട്ടന്റേതാണ്.

പലപ്പോഴും ഡ്യോക്യുമെന്റുകളിൽ ഒപ്പിടേണ്ടത് മുരളി ചേട്ടനായിരുന്നെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി. ഞാൻ ജമാൽ എന്ന വ്യക്തിയെയും നിർമാണത്തിൽ പങ്കാളികളാക്കി. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ചില പേപ്പറുകൾ ഒപ്പുവെച്ച് ദൂരദർശന് നൽകണം. ഇതിനായി ഞാനും ജമാലും മുരളി ചേട്ടന്റെ വീട്ടിൽ ചെന്നു. അന്ന് കുറച്ച് മഴയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി വന്ന് മുരളി ചേട്ടൻ ഇല്ലെന്ന് പറഞ്ഞെന്ന് ദിനേശ് പണിക്കർ ഓർത്തു. പിന്നീടുണ്ടായ സംഭവവും ഇദ്ദേഹം വിവരിച്ചു.
അക്കാലത്ത് മുരളിക്ക് സിനിമാ, സീരിയൽ രംഗത്ത് ചീത്തപ്പേര് വന്ന് തുടങ്ങിയിരുന്നെന്ന് ദിനേശ് പണിക്കർ പറയുന്നു. ഏറ്റെടുത്ത സീരിയലുകളുടെ ഷൂട്ടിംഗിന് മുരളി എത്തുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. പക്ഷെ ഞങ്ങൾ എഗ്രിമെന്റ് വെച്ചപ്പോഴെല്ലാം അദ്ദേഹം വളരെ നീറ്റ് ആയിരുന്നു. എന്നാൽ സീരിയൽ തുടങ്ങാനിരിക്കെ പേപ്പറുകളിൽ ഒപ്പുവെക്കാൻ മുരളി ചേട്ടനെ കിട്ടാത്തത് ടെൻഷൻ ആയി.

മുരളി ചേട്ടന്റെ വീടിന് മുന്നിൽ ഞങ്ങൾ കാത്തിരുന്നു. യഥാർത്ഥത്തിൽ അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നു. മുകളിലത്തെ നിലയിലെ കർട്ടനിലൂടെ ഞാൻ മുഖം കണ്ടു. ഇതോടെ ഞങ്ങൾ രണ്ട് പേരും മഴയത്ത് വീടിന്റെ മുന്നിൽ നിൽക്കാൻ തീരുമാനിച്ചു. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ന് നോക്കുന്നുണ്ട്. അവർക്ക് വിഷമം തോന്നി. രണ്ട് പ്രാെഡ്യൂസർമാരാണ് മഴ നനയുന്നത്. ഒരു മണിക്കൂറോളം മഴ നനഞ്ഞ് നിന്നു. ഞങ്ങൾ വാശിയിലായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളെ വീട്ടിനുള്ളിലേക്ക് വിളിക്കുകയും പേപ്പറുകളിൽ മുരളി ഒപ്പിട്ട് തന്നെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി. നിരുത്തരവാദപരമായ സമീപനം മുരളിയുടെ കരിയറിനെ ബാധിച്ചെന്ന് മുമ്പും അഭിപ്രായം വന്നിട്ടുണ്ട്. നടന്റെ അമിത മദ്യപാനവും ഇതിനൊരു കാരണമായെന്നാണ് സിനിമാ ലോകത്തെ സംസാരം. മുരളിയെ പോലെ നടൻ തിലകൻ ഉൾപ്പെടെയുള്ള പ്രമുഖരും സമാന വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications