മകൾക്ക് അച്ഛന്റെ സ്ഥാനത്തൊരാളാകും; രാധികയുടെ മൂന്നാമത്തെ ഭർത്താവായി ശരത്കുമാർ വന്നപ്പോൾ
തമിഴകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഒരു കാലത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് രാധിക ശരത്കുമാർ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ രാധികയെ തേടി തുടരെ വന്നു. ചുരുങ്ങിയ കാലം കൊണ്ട് കുടുംബം പ്രേക്ഷകരുടെ പ്രിയങ്കരിയായി രാധിക മാറി. കരിയറിലെ താരത്തിളക്കത്തിനൊപ്പം രാധികയുടെ വ്യക്തി ജീവിതത്തിലും ഇക്കാലയളവിനിടെ വലിയ മാറ്റങ്ങൾ സംഭവിച്ചു. മൂന്ന് തവണയാണ് നടി വിവാഹിതയായത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തളർന്ന് പോകാതെ സധൈര്യം മുന്നോട്ട് പോകാൻ രാധികയ്ക്ക് സാധിച്ചു.
അന്തരിച്ച നടൻ പ്രതാപ് പോത്തനെയാണ് രാധിക ആദ്യം വിവാഹം ചെയ്തത്. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലെ നായികയായിരുന്നു രാധിക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹവും ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു.

പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ രാധിക വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധവും വിവാഹ മോചനത്തിൽ അവസാനിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2001 ലാണ് നടൻ ശരത്കുമാറും രാധികയും വിവാഹിതരായത്. ഇവർക്ക് ഒരു മകനുണ്ട്. സുഹൃത്തുക്കളായിരുന്നു രാധികയും ശരത്കുമാറും. ഈ സൗഹൃദം പിന്നീട് പ്രണയമായി. രാധികയുടെ അമ്മയാണ് ശരത്കുമാറിനെ വിവാഹം ചെയ്യാൻ നടിയെ നിർബന്ധിച്ചത്.
മുൻ ബന്ധത്തിലെ മകൾക്ക് അച്ഛന്റെ സ്ഥാനത്ത് ഒരാളുണ്ടാകുമെന്ന് അമ്മ ചൂണ്ടിക്കാണിച്ചു. അവർ ആഗ്രഹിച്ചത് പോലെ തന്നെ രാധികയുടെ മകൾ റയാനെ സ്വന്തം മകളെ പോലെയാണ് ശരത്കുമാർ കണ്ടത്. റയാന്റെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം രാധിക ചെയ്തു. മറുവശത്ത് ശരത്കുമാറിന്റെയും ആദ്യ ബന്ധത്തിലെ മക്കളായ പൂജയെയും വരലക്ഷ്മിയെയും രാധിക സ്വന്തം മക്കളായി കണ്ടു. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായദേവിയും രാധികയും നല്ല സുഹൃത്തുക്കളാണ്.

കുടുംബത്തിലെ വിശേഷങ്ങൾക്കെല്ലാം ഇവർ ഒരുമിച്ച് കൂടാറുണ്ട്. ശരത്കുമാറിനൊപ്പമുള്ള വിവാഹ ജീവിതം മുന്നോട്ട് പോകവെ ചില വിവാദങ്ങളിലും രാധിക അകപ്പെട്ടിട്ടുണ്ട്. 2014 ൽ രാധികയും ശരത്കുമാറും പങ്കാളികളായ മാജിക് ഫ്രെയിംസ് എന്ന ഫിനാൻസിംഗ് കമ്പനിക്കെതിരെ പരാതി വന്നു. റേഡിയൻസ് മീഡിയ പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പരാതി നൽകിയത്. 1.50 കോടി രൂപ രാധികയുടെയും ശരത്കുമാറിന്റെയും കമ്പനി ലോൺ വാങ്ങി. 50 ലക്ഷത്തിന്റെ ലോൺ ശരത്കുമാർ പിന്നെയും എടുത്തു.
എന്നാൽ പണം തിരിച്ചടച്ചില്ല. ഏഴ് ചെക്കുകൾ നൽകിയെങ്കിലും ഇവ ബൗൺസായി. ഇതോടെയാണ് താരങ്ങളുടെ കമ്പനിക്കെതിരെ പരാതി വന്നത്. 2021 ൽ കോടതി കേസിൽ ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 3.33 കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ശരത്കുമാറിന് ശിക്ഷയിൽ നിന്ന് ഒഴിവാക്കി. എന്നാൽ രാധിക കോടതിയിൽ ഹാജരാകാത്തതിനാൽ നടിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ അടുത്ത ദിവസം രാധികയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications