വിവാഹത്തിന് ശേഷം മഞ്ജു എന്നെ വിളിച്ചിരുന്നു; അവർക്ക് മാത്രമല്ല ഇങ്ങനെ സംഭവിച്ചത്; രമ ദേവി
മലയാളികൾ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകർ പറയുന്നത്. ലേഡി സൂപ്പർസ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ് ഭാഷകളിലും തിരക്കേറുകയാണ്. അണിയറയിൽ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കരിയറിൽ ഉയർച്ചകളിലേക്ക് മഞ്ജു കുതിക്കുമ്പോൾ ആരാധകരും സന്തോഷത്തിലാണ്. തിരിച്ച് വരവിൽ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു.
വിവാഹമോചനത്തിന് ശേഷം തകർന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയർച്ച ഏവർക്കും പ്രചോദനമാകുന്നു. 1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ൽ ഇരുവരും വിവാഹമോചനം നേടി.

മഞ്ജുവിന്റെ വിവാഹത്തെക്കുറിച്ച് നടി രമ ദേവി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് എനിക്ക് ഫോൺ വന്നു. രമ ചേച്ചീ, ഞാൻ മഞ്ജുവാണെന്ന് പറഞ്ഞു. എന്താ വിശേഷമെന്ന് ഞാൻ. ഒരു വിശേഷമുണ്ട്, എന്റെ വിവാഹം കഴിഞ്ഞെന്ന് മഞ്ജു പറഞ്ഞു. ദിലീപേട്ടനെ വിവാഹം ചെയ്തു.
അതിന്റെ റിസപ്ഷനുണ്ട് ഇന്ന് വൈകുന്നേരമെന്ന് പറഞ്ഞു. താനും മകളും ഭർത്താവും റിസപ്ഷന് പോയിരുന്നെന്നും രമ ദേവി ഓർത്തു. മഞ്ജു-ദിലീപ് വിവാഹമോചനത്തെക്കുറിച്ചും അന്ന് രമ ദേവി സംസാരിച്ചു. സിനിമാ നടിമാരുടെ ജീവിതത്തിൽ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. നടിയായതിനാൽ പബ്ലിസിറ്റിയായി. എല്ലാ ഫീൽഡിലുള്ള ആളുകളുടെ ഇടയിലും ഡിവോഴ്സുണ്ടാകാറുണ്ടെന്നും രമ ദേവി അന്ന് ചൂണ്ടിക്കാട്ടി തൂവൽക്കൊട്ടാരം ഉൾപ്പെടെയുള്ള സിനിമകളിൽ മഞ്ജു വാര്യർക്കൊപ്പം രമ ദേവി അഭിനയിച്ചിട്ടുണ്ട്.

വിവാഹമോചനങ്ങൾക്ക് പൊതുവെ കാരണമാകുന്നതെന്തെന്നും രമ ദേവി ചൂണ്ടിക്കാട്ടി. ഏതൊരു പുരുഷനും അവന്റെ ഭാര്യ ഒതുങ്ങിക്കൂടി തന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന സ്ത്രീയായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. ഞാനും ഒരു ഭാര്യയായിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ ഞാൻ കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് 32 വർഷം ഒരുമിച്ച് ജീവിക്കാൻ പറ്റിയത്.
തിരക്കിലേക്ക് പോകുമ്പോൾ കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചെന്ന് വരില്ല. പലപ്പോഴും പുരുഷൻമാർക്ക് ഭാര്യമാർ ഞങ്ങളുടെ കീഴിൽ നിന്നാൽ മതിയെന്ന ഈഗോയുണ്ടെന്നും രമ ദേവി അഭിപ്രായപ്പെട്ടു. മഞ്ജു വാര്യരുടെ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കൽ മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ് സംസാരിച്ചിരുന്നു. മഞ്ജുവിന്റെ വിവാഹത്തിന് താനേ ഒരുക്കുള്ളൂ എന്ന് തമാശയോടെ പറഞ്ഞിരുന്നു. കുറച്ച് നാളുകൾക്കുള്ളിൽ മഞ്ജു എന്നെ വിളിച്ചു. കല്യാണം കഴിഞ്ഞ് റിസപ്ഷനായിരുന്നു. അനിലാന്റി വന്ന് ഒരുക്കണമെന്ന് പറഞ്ഞു.
ഒരുക്കാൻ സന്തോഷമായിരുന്നു. പക്ഷെ മഞ്ജു സിനിമയിൽ നിന്ന് പോകുന്നതോർത്ത് വല്ലാത്ത സങ്കടമായിരുന്നു. ആരുടെ കല്യാണത്തിനും തനിക്കത്ര സങ്കടം തോന്നിയിട്ടില്ലെന്നും അനില ജോസഫ് തുറന്ന് പറഞ്ഞു. മഞ്ജു വാര്യർ, നയൻതാര, പാർവതി ജയറാം തുടങ്ങി നിരവധി നടിമാരെ തുടക്ക കാലത്ത് ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റാണ് അനില ജോസഫ്.


Click it and Unblock the Notifications