'ക്രൂരനായ അദ്ദേഹം എന്നെക്കൊണ്ട് നിലം തുടപ്പിച്ചു; ശ്രീവിദ്യക്ക് മുന്നിൽ സഹ സംവിധായകൻ നിലത്തിരുന്നപ്പോൾ'
മലയാള സിനിമാ രംഗത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും താരങ്ങൾക്കും ഫിലിം മേക്കേർസിനുമെതിരെ രൂക്ഷ ഭാഷയിൽ ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. തന്റെ യൂട്യബ് ചാനലിൽ ഇദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വിവാദമായിട്ടുമുണ്ട്. സിനിമാ ലോകത്തിന്റെ ഇന്നും ഇന്നലെയും കണ്ട ശാന്തിവിള ദിനേശ് വിവാദങ്ങൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
സഹ സംവിധായകനായിരുന്ന കാലത്ത് അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ ഗുരുനാഥനെന്ന് ബഹുമാനത്തോടെ പറയേണ്ട സംവിധായകൻ ഹരികുമാറെന്ന മഹാനടക്കം ക്രൂരമായാണ് എന്നോട് പെരുമാറിയത്. സുകൃതത്തിന്റെ ലൊക്കേഷനിൽ മര്യാദയ്ക്ക് നിൽക്കുന്ന എന്നോട് എന്താണ് വെറുതെ നിൽക്കുന്നതെന്ന് ചോദിച്ചു.

നിലം തുടയ്ക്കുന്നത് കണ്ടില്ലേ, ദിനേശിനും കൂടെ തുടച്ച് കൂടേ എന്ന് ചോദിച്ച് എന്നെക്കൊണ്ട് നിലം തുടപ്പിച്ചു. എന്റെ കീഴിൽ നാലോ അഞ്ചോ അസിസ്റ്റന്റുമാരുണ്ട്. അവർ കൈയും കെട്ടി നിൽക്കെയാണ് എന്നെക്കൊണ്ട് തുടപ്പിച്ചത്. പുള്ളിക്ക് നമ്മളെ അംഗീകരിക്കാൻ പറ്റുന്നില്ല. ഞാൻ മുഖം നോക്കി പറയുന്ന ആളാണ്. മലയാള സിനിമയിൽ ഗുരുനാഥനോട് മേലാൽ ഈ ഫോണിൽ വിളിച്ച് പോകരുതെന്ന് പറഞ്ഞ ഒറ്റ ആളേയുള്ളൂ. അത് ഞാനാണ്.
അത് ഗുരുത്വ ദോഷമാണെങ്കിൽ ആയിക്കോട്ടെ. പക്ഷെ തെമ്മാടിത്തരം കാണിച്ചാൽ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അച്ഛനോടും പറയും. കണ്ടവന്റെ കഥ മോഷ്‌ടിച്ച് ആ ഗുരുനാഥൻ സംസ്ഥാന അവാർഡ് വാങ്ങി. മികച്ച കഥാകൃത്ത് ഹരികുമാറെന്ന് പ്രഖ്യാപിച്ചപ്പോൾ ഞാൻ വിളിച്ചു. ശുദ്ധ ചെറ്റത്തരമായിപ്പോയി കാണിച്ചതെന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ തമ്മിൽ തെറ്റി. മേലാൽ എന്റെ ഫോണിലേക്ക് വിളിക്കരുതെന്ന് പറഞ്ഞു. സുകൃതത്തിന്റെ ലൊക്കേഷനിൽ തന്നോട് ചെയ്ത ക്രൂരത എല്ലാവരും കണ്ടിട്ടുണ്ട്. ഷൂട്ടിംഗ് തീരുന്നത് വരെ താൻ പിടിച്ച് നിന്നു. പ്രതിഫലം പോലും വാങ്ങാതെയാണ് താൻ അവസാന ദിവസം പോയത്. ഒരു സിനിമാക്കാരൻ എന്തൊക്കെ ചെയ്യരുതോ അതൊക്കെ ചെയ്യുന്ന മനുഷ്യനാണ്. എന്നിട്ട് സമൂഹത്തിന്റെ മുന്നിൽ ഉദാത്ത സിനിമയുടെ വക്താവായി വാചകം അടിച്ച് നടക്കും.
ഒരു സിനിമാക്കാരൻ നല്ല മനുഷ്യനായിരിക്കണം. അവന് സഹജീവിയോട് സഹാനുഭൂതി ഉണ്ടാകണം. ഇതൊരു ചുക്കും ഇല്ല. നിലം തുടച്ചതിൽ എനിക്കല്ല നാണക്കേട് തോന്നേണ്ടത്. അയാൾക്കാണ്. അയാളുടെ അസോസിയേറ്റ് ഡയറക്ടറെക്കൊണ്ട് നിലം തുടപ്പിച്ചതിന്റെ നാണക്കേട് അയാൾക്കാണ്. 'ജീവിതം ഒരു ഗാനം' എന്ന പടം എടുക്കുമ്പോൾ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരവെ കണ്ട കാഴ്ച നായികയായ ശ്രീവിദ്യ കാലിൻമേൽ കാലിട്ട് ഇരിക്കുന്നു.
നിലത്തിരുന്ന് അസിസ്റ്റന്റ് ഡയറക്ടർ സ്ക്രിപ്റ്റ് വായിച്ച് കൊടുക്കുന്നു. ഇത് കണ്ട ശ്രീകുമാരൻ തമ്പി ക്ഷോഭത്തോടെ ഡോ, ഒരു കസേര വലിച്ചിട്ട് ഇരിക്ക്. താനിങ്ങനെ നിലത്തിരുന്നാൽ എനിക്കാണ് നാണക്കേട് എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ ശ്രീകുമാരൻ തമ്പി ജീവിച്ച മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറെക്കൊണ്ട് ഒരു സംവിധായകൻ നിലം തുടപ്പിച്ചെങ്കിൽ അയാൾ അത്രയും ചെറ്റയായത് കൊണ്ടാണെന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു.


Click it and Unblock the Notifications