ഒരു ആവശ്യവുമില്ലാത്ത പണിയാണ് അദ്ദേഹം ചെയ്തത്; ചെറുപ്പകാലം ലാവിഷായിരുന്നു; ശാന്തിവിള ദിനേശ്
സിനിമാലോകത്ത് നടൻ ടിപി മാധവന്റെ ജീവിതം ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഒരു കാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്ന ടിപി മാധവൻ ഇന്ന് ഓർമ്മ പോലും നഷ്ടപ്പെട്ട് ഗാന്ധി ഭവനിൽ കഴിയുകയാണ്. ബന്ധുക്കളാരും ആശ്രയത്തിനാല്ലാത്ത ടിപി മാധവന്റെ ആരോഗ്യവും ക്ഷയിച്ചിരിക്കുന്നു. രാജ കൃഷ്ണ മേനോൻ, ദേവിക എന്നീ രണ്ട് മക്കൾ ടിപി മാധവനുണ്ട്. എന്നാൽ രണ്ട് പേരും ഇന്ന് ഇദ്ദേഹത്തിന് ആശ്രയമായി ഒപ്പമില്ല.
ടിപി മാധവനും ഭാര്യ സുധയും വർഷങ്ങൾക്ക് മുമ്പേ പേർപിരിഞ്ഞതാണ്. മക്കൾ അമ്മയോടൊപ്പമാണ് വളർന്നത്. അച്ഛനുമായി ഒരു ബന്ധവും ഇല്ലെന്നാണ് മുമ്പൊരിക്കൽ മകൻ രാജകൃഷ്ണ മേനോൻ പറഞ്ഞത്. മക്കളാരും നോക്കാനില്ലാത്തതിനെക്കുറിച്ച് ടിപി മാധവൻ പരാതിപ്പെട്ടിട്ടുമില്ല. ഇപ്പോഴിതാ ടിപി മാധവനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

സിനിമ നിർമ്മിച്ച് സാമ്പത്തിക നഷ്ടം വന്നത് ടിപി മാധവന്റെ ജീവിതത്തെ ബാധിച്ചിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.
'മാധവേട്ടൻ നല്ല ഉദ്യോഗസ്ഥത്തിൽ കൊൽക്കത്തയിൽ ഇരുന്നതാണ്. പ്രിയ എന്ന നായികയെ അന്വേഷിച്ച് കൊൽക്കത്തയിൽ മധു സാർ എത്തി. അദ്ദേഹത്തെ പരിചയപ്പെട്ടു. സിനിമയോടുള്ള പാഷൻ കൊണ്ട് ജോലി മതിയാക്കി സിനിമാ രംഗത്തേക്ക് വന്നു. ചെറിയ സിനിമകളിൽ അഭിനയിക്കവെ 'ആന' എന്ന സിനിമ നിർമ്മിക്കുന്നു'
'ഒരു ആവശ്യവും ഇല്ലാത്ത പണിയാണ്. പടം ദയനീയമായി പരാജയപ്പെട്ടു. അതോടെ സാമ്പത്തികമായി തകർന്നു. ജോലിയുള്ള ആളിനെയാണ് ഞാൻ കല്യാണം കഴിച്ചത്, എനിക്ക് സിനിമാക്കാരനെ വേണ്ടെന്ന് ഭാര്യ തീരുമാനിച്ചു. അതോടെ പ്രശ്നമായി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു. തിരുവന്തപുരത്ത് ഒറ്റയ്ക്ക് ഹോട്ടൽ റൂമുകളിൽ താമസിച്ചു. ക്ലബിൽ ചീട്ടുകളിയൊക്കെയായി ലാവിഷായി ജീവിച്ചു. ചെറുപ്പപ്രായം മുഴുവൻ ആഘോഷിച്ച് ജീവിച്ചു. വിരോധാഭാസം എന്താണെന്നാൽ സിനിമാക്കാരനെ വേണ്ടെന്ന് പറഞ്ഞ ആളുടെ മകൻ ഹിന്ദിയിലെ അറിയപ്പെടുന്ന നടനാണ്,' ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ലൈറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടിപി മാധവന്റെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. ഓർമ്മ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ടിപി മാധവൻ ഇനിയും കഷ്ടപ്പെടരുതെന്നും അദ്ദേഹം ഒരുപാട് കാലം ജീവിച്ചിരിക്കണമെന്ന് താൻ പ്രാർത്ഥിക്കില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ടിപി മാധവൻ സംസാരിക്കുന്ന വീഡിയോയും ഇദ്ദേഹം കാണിച്ചു.
ഓർമ്മയില്ലാത്തതിനാൽ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങൾ നടൻ പറയുന്നുണ്ട്. തലേദിവസം ഓണമായിരുന്നു എന്ന് പോലും ഇദ്ദേഹത്തിന് ഓർക്കാൻ പറ്റുന്നില്ല. ഓണത്തിന് സിനിമാ രംഗത്ത് സഹപ്രവർത്തകർ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചപ്പോൾ സഹപ്രവർത്തകരായി അധികമാരും ഇല്ലല്ലോ മമ്മൂട്ടി മാത്രമല്ലേ ഉള്ളൂയെന്നാണ് ടിപി മാധവൻ നൽകിയ മറുപടി.
മലയാള സിനിമാ രംഗത്ത് നിന്നും ചുരുക്കം ചിലർ മാത്രമാണ് ടിപി മാധവനെ സന്ദർശിക്കാൻ എത്തിയത്. സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി, ചിപ്പി, മധുപാൽ, എം രഞ്ജിത്ത് തുടങ്ങിയവരാണ് നടനെ സന്ദർശിച്ചത്. അടുത്തിടെ മകൻ ടിപി മാധവനെ കാണാനെത്തി എന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











