രണ്ട് കുട്ടികളുടെ അമ്മയാണ്, മിണ്ടാതിരിക്കൂ; നയൻതാരയെക്കുറിച്ച് ഷാരൂഖ്; നടി ജവാന് ശേഷം മുംബൈ വിട്ടോ?
എക്കാലവും തെന്നിന്ത്യൻ സിനിമാ രംഗത്തെ താരമാകാനാണ് നയൻതാര ആഗ്രഹിച്ചത്. പ്രത്യേകിച്ചും തമിഴ് സിനിമാ രംഗത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം നയൻതാരയ്ക്കുണ്ട്. തമിഴകത്ത് നിന്നും അസിൻ ഉൾപ്പെടെയുള്ള നടിമാർ ബോളിവുഡിലേക്ക് കടന്നപ്പോഴും നയൻതാര തമിഴകത്ത് തുടർന്നു. അന്നൊന്നും ബോളിവുഡിലേക്ക് കടക്കാതിരുന്ന നയൻതാര ആദ്യമായി ബോളിവുഡിലെത്തുന്നത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ജവാനിലൂടെയാണ്. ഷാരൂഖ് ഖാൻ നായകനായ സിനിമ വൻ വിജയം നേടി.
അറ്റ്ലിയായിരുന്നു സംവിധായകൻ. നയൻതാരയുടെ ബോളിവുഡ് പ്രവേശനം അന്ന് വലിയ തോതിൽ ചർച്ചയായി. എന്നാൽ താര റാണിക്ക് അർഹമായ പ്രാധാന്യം ജവാനിൽ ലഭിച്ചില്ലെന്നും അഭിപ്രായം വന്നു. അതിഥി വേഷം ചെയ്ത നടി ദീപിക പദുകോണിനാണ് കുറേക്കൂടി നല്ല കഥാപാത്രം ലഭിച്ചതെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടി. എങ്കിൽ പോലും തനിക്ക് ലഭിച്ച വേഷം നയൻതാര മികച്ച രീതിയിൽ അവതരിപ്പിച്ചു. ഷാരൂഖ് ഖാനൊപ്പം മികച്ച കെമിസ്ട്രിയും നടിക്കുണ്ടായിരുന്നു.

നയൻതാരയെക്കുറിച്ച് ജവാൻ സിനിമയുടെ റിലീസിന്റെ സമയത്ത് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനിടെ നയൻതാരയിൽ വീണ് പോയോ എന്ന് ഷാരൂഖ് ഖാനോട് സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ ചോദിച്ചു. ഇതിന് രസകരമായ മറുപടിയാണ് ഷാരൂഖ് ഖാൻ നൽകിയത്. മിണ്ടരുത്! രണ്ട് കുട്ടികളുടെ അമ്മയാണവർ എന്നാണ് ഷാരൂഖ് മറുപടിയായി കുറിച്ചത്.
ഷാരൂഖ് ഖാന്റെ ആരാധികയാണ് താനെന്ന് നയൻതാരയും നേരത്തെ പറഞ്ഞിട്ടുണ്ട്. ആരാണ് അദ്ദേഹത്തിന്റെ ആരാധകരല്ലാത്തത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് നമ്മളെല്ലാം വളർന്നത്. വലിയ താരമെന്നതിനൊപ്പം സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്നതിൽ തനിക്ക് ഷാരൂഖിനോട് ആരാധനയുണ്ടെന്നും നയൻതാര വ്യക്തമാക്കി.

ജവാന് ശേഷം നയൻതാരയ്ക്ക് ബോളിവുഡിൽ നിന്നും ഓഫറുകൾ വന്നതാണ്. എന്നാൽ നടി തെന്നിന്ത്യൻ സിനിമകളിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. ബോളിവുഡിലെ രീതികളുമായി ചേർന്ന് പോകാൻ നയൻതാരയ്ക്ക് കഴിഞ്ഞേക്കില്ലെന്നും അന്ന് അഭിപ്രായങ്ങൾ വന്നു. കരിയറിൽ വലിയ നിബന്ധനകളുള്ള താരമാണ് നയൻതാര. ജവാന്റെ പ്രൊമോഷൻ ഇവന്റുകൾക്കൊന്നും നയൻതാര എത്തിയിരുന്നില്ല.
നോ പ്രൊമോഷൻ പോളിസി നടി വർഷങ്ങളായി പിന്തുടരുന്നതാണ്. ഷാരൂഖിനെ പോലൊരു സൂപ്പർതാരത്തിന്റെ ചിത്രമായിട്ടും നയൻതാരയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ബോളിവുഡിൽ വലിയ സൂപ്പർസ്റ്റാറുകളെല്ലാം പ്രൊമോഷന് എത്താറുണ്ട്. ബോളിവുഡിൽ സജീവമായാൽ നടിയുടെ നിബന്ധനകളിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് അന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സാണ് നടിയുടെ വരാനിരിക്കുന്ന സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ഗോൾഡാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൃഥിരാജ് നായകനായ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നിഴൽ, ഗോൾഡ് തുടങ്ങി നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്.


Click it and Unblock the Notifications











