മൂന്നാമത്തെ നിലയിലായിരുന്നു ഞാൻ; എന്റെ വീടിന്റെ അസ്ഥിവാരം വരെ പൊളിക്കേണ്ടി വന്നു; ഷീല പറഞ്ഞത്
മലയാളി സിനിമാ പ്രേക്ഷകരുടെ മനസിൽ ബഹുമാന്യ സ്ഥാനമാണ് നടി ഷീലയ്ക്കുള്ളത്. ഒരുകാലത്ത് നായിക നടിയായി തിളങ്ങിയ ഷീല നിരവവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചെമ്മീൻ, കറുത്തമ്മ, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിലെ ഷീലയുടെ പ്രകടനം പ്രേക്ഷക പ്രീതി നേടി. ഷീലയെ പ്രധാന കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ അക്കാലത്ത് ഫിലിം മേക്കർമാർ തയ്യാറായിരുന്നു. ഒരു ഘട്ടത്തിൽ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ച ഷീല തന്റെ വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ നൽകി.
പതിനെട്ട് വർഷത്തിന് ശേഷം മനസിനക്കരെ, അകലെ തുടങ്ങിയ സിനിമകളിലൂടെ ഷീല അഭിനയ രംഗത്തേക്ക് തിരിച്ച് വന്നു. സിനിമകളിൽ നിന്ന് മാറി നിന്ന കാലഘട്ടത്തെക്കുറിച്ച് ഷീല പങ്കുവെച്ച ഓർമ്മകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷീല മനസ് തുറന്നത്.

അഭിനയിക്കാതിരുന്ന കാലത്ത് വാസ്തുശാസ്ത്രം പഠിച്ചു. ഭയങ്കര വിശ്വാസം. എന്റെ വീട്ടിൽ ഞാൻ മൂന്നാമത്തെ നിലയിലാണ്. മൂന്നാമത്തെ നിലയിലേക്ക് ലിഫ്റ്റ് വെച്ചിരുന്നു. വാസ്തുപ്രകാരം അവിടെ വെക്കാൻ പറ്റില്ല. അതോടെ പത്ത് പതിനഞ്ച് ലക്ഷം രൂപയുടെ ലിഫ്റ്റ് എടുത്ത് ഇപ്പുറത്ത് വെച്ചു. പിന്നെ അടുക്കളയും ഹാളും മാറ്റി. വീട് അലങ്കോലമായി. നല്ലൊരു വീടായിരുന്നു. ഒടുവിൽ വീടിന്റെ അസ്ഥിവാരം വരെ പൊളിച്ച് വീണ്ടും കെട്ടി.
ഞാനൊരു ബിൽഡറും കൂടിയാണ്. വാസ്തു ശാസ്ത്രം മണ്ടത്തരമാണെന്ന് എനിക്ക് മനസിലായി. ഗ്രാമങ്ങളിലെ ഒരേക്കർ സ്ഥലത്തുള്ള വീടിലൊക്കെ സൂര്യപ്രകാശം വീഴുന്ന സ്ഥലവും മറ്റും നോക്കാനാണ് വാസ്തു. പക്ഷെ ചെന്നെെയിൽ താമസിക്കുന്ന താൻ വാസ്തു നോക്കാനേ പാടില്ലായിരുന്നു. വാസ്തുശാസ്ത്ര പ്രകാരം വീട് മാറ്റിയതിന് ശേഷമാണ് തന്റെ അമ്മ മരിച്ചതെന്നും ഷീല തുറന്ന് പറഞ്ഞു. അതേസമയം വാസ്തുവിൽ വിശ്വാസം നഷ്ടപ്പെട്ടെങ്കിലും മനുഷ്യരിലുള്ള വിശ്വാസം നിലനിൽക്കുന്നുണ്ടെന്നും ഷീല അന്ന് വ്യക്തമാക്കി.

കരിയറിൽ തനിക്കൊരിക്കലും മാനേജർമാർ ഉണ്ടായിട്ടില്ലെന്നും അന്ന് ഷീല പറഞ്ഞു. ഞാൻ നന്നായി അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് തന്നെ അമ്മയ്ക്ക് സുഖമില്ലാതായി. കിടന്ന കിടപ്പിലായി. വീട്ടുകാര്യങ്ങൾ നോക്കണം, കോൾ ഷീറ്റ് കൊടുക്കണം, പ്രൊഡ്യൂസർമാരിൽ നിന്ന് കാശ് വാങ്ങണം, ഇൻകം ടാക്സ് അടയ്ക്കണം, അനിയത്തിമാരുടെ സ്കൂൾ ഫീസ് അടയ്ക്കണം, അവരുടെ മാർക്ക് ഷീറ്റിൽ ഒപ്പിടണം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഒറ്റയ്ക്കാണ് ചെയ്തത്.
അന്ന് ജയലളിത എന്റെ കൂട്ടുകാരിയായിരുന്നു. അവർക്കൊക്കെ മാനേജർമാരുണ്ട്. എല്ലാ കാര്യങ്ങളും നിനക്ക് എങ്ങനെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നെന്ന് എന്നോട് ചോദിച്ച ജയലളിതയാണ് നാട് ഭരിച്ചത്. അന്നത്തെ കാലത്ത് എല്ലാ ഹീറോസിനേക്കാൾ കൂടുതൽ കാശ് വാങ്ങിച്ചത് ഞാനാണ്. പക്ഷെ അന്നത്തെ കാലത്ത് ബിസിനസിനെക്കുറിച്ച് ഒന്നും അറിയില്ല. എല്ലാം നിലങ്ങളായി മേടിച്ചു. സ്റ്റുഡിയോകളുടെയടുത്ത് നിലം ഉണ്ടെങ്കിൽ അത് മേടിക്കും.
മറ്റ് ചിലർ പ്രതിഫലം ബാക്കി കുറേ തരാനുണ്ടെങ്കിൽ അത് സ്ഥലമായി വാങ്ങും. സ്ഥലങ്ങൾ ഇന്നെനിക്ക് ഒരുപാടുണ്ട്. സിനിമകളിൽ നിന്ന് ലഭിച്ച പണം നശിപ്പിച്ചിട്ടില്ല. ഞാൻ വളരെ കരുതലോടെ ചെലവ് ചെയ്യുന്ന ആളാണ്. കാരണം കഷ്ടപ്പെട്ടാണ് കാശുണ്ടാക്കിയത്. ആഭരണങ്ങളോടൊന്നും വലിയ ഇഷ്‌ടമില്ല. പക്ഷെ തുണികൾ ഇഷ്ടമാണ്. വെറുതെയിരിക്കുമ്പോൾ സാരികളൊക്കെ വാങ്ങും. പെയ്ന്റിംഗിന് വേണ്ടിയും താൻ ചെലവിടാറുണ്ടെന്നും ഷീല അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











