അത് കാരണം സാമ്പത്തിക നഷ്ടം ഒരുപാടുണ്ടായിട്ടുണ്ട്; പക്ഷെ അമ്മ നൽകിയ ഉപദേശം; ഷീല പറഞ്ഞത്
മലയാള സിനിമയുടെ അനശ്വര നായികയായാണ് ഷീലയെ പ്രേക്ഷകർ കാണുന്നത്. ഒട്ടനവധി കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ച ഷീലയ്ക്ക് സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്നു. ചെമ്മീൻ, കള്ളിച്ചെല്ലമ്മ തുടങ്ങിയ സിനിമകളിൽ ഷീല ചെയ്ത വേഷം ഇന്നും ഓർമ്മിക്കപ്പെടുന്നു. മലയാള സിനിമയിലെ നായികമാരുടെ സുവർണ കാലഘട്ടമായിരുന്നു ഷീല അഭിനയ രംഗത്ത് സജീവമായിരുന്ന വർഷങ്ങൾ. ഷീലയെയും ശാരദയെയും ജയഭാരതിയെയും പ്രധാന കഥാപാത്രങ്ങളാക്കി നിരവധി സിനിമകൾ അക്കാലത്ത് വന്നു.
ഒരുഘട്ടത്തിൽ അഭിനയ രംഗത്ത് നിന്നും ഷീല പൂർണമായും മാറി നിന്നു. മകന് വേണ്ടി സമയം നീക്കി വെച്ച ഷീല സിനിമാ ലോകത്ത് നിന്നും അകന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെയാണ് ഷീല തിരിച്ചെത്തുന്നത്. തിരിച്ച് വരവ് ഷീല ഗംഭീരമാക്കി. പ്രാധാന്യമില്ലാത്ത അമ്മ, അമ്മൂമ്മ വേഷങ്ങൾ ചെയ്യാൻ ഷീല ഇഷ്ടപ്പെടുന്നില്ല. ഏറെക്കാലത്തിന് ശേഷം അടുത്തിടെ അനുരാഗം എന്ന സിനിമയിൽ ഷീല അഭിനയിക്കുകയുണ്ടായി.

തന്റെ കരിയറിലെ അനുഭവങ്ങളെക്കുറിച്ച് ഷീല മുമ്പാെരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴ് സിനിമാ രംഗത്തെ അവസരം വേണ്ടെന്ന് മലയാള സിനിമകൾ തെരഞ്ഞെടുത്തതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. തമിഴിലാണ് ഞാൻ ആദ്യം വന്നത്. പക്ഷെ തമിഴിൽ നിൽക്കാനൊക്കില്ല. എന്റെ അമ്മ വളരെ സ്ട്രിക്റ്റാണ്. മലയാളത്തിൽ വന്നപ്പോൾ രണ്ട് കൈയും നീട്ടി എന്നെ ആളുകൾ സ്വീകരിച്ചു.
മലയാള സിനിമ എന്റെ അമ്മയാണ്. രണ്ട് കൈകളാൽ എല്ലാത്തിൽ നിന്നും എന്നെ സംരക്ഷിച്ചു. തമിഴിൽ കംഫർട്ടബിൾ അല്ലായിരുന്നു. ഞാൻ കാണാൻ കുറച്ച് വണ്ണമുള്ളത് കാരണം ഗ്ലാമർ നടിയാക്കാൻ അവർ ശ്രമിച്ചു. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. മലയാളത്തിൽ നല്ല കഥാപാത്രങ്ങളിലൂടെ ഗ്ലാമറസായി എന്നെ കാണിച്ചു. കള്ളിച്ചെല്ലമ്മയിൽ മുണ്ടുമുടുത്ത് വരുമ്പോൾ ഗ്ലാമറുമുണ്ട്, ഒപ്പം കഥയുമുണ്ട്.

പുലിക്ക് വാലായിരിക്കുന്നതിലും നല്ലത് പൂച്ചയ്ക്ക് തലയായിരിക്കുന്നതല്ലേയെന്ന് എന്റെ അമ്മ പറയും. സാമ്പത്തികമായ നഷ്ടം അതുകൊണ്ട് ഒരുപാട് ഉണ്ടായിരുന്നു. ചെമ്മീൻ എന്നെ ബുക്ക് ചെയ്തപ്പോൾ എംജിആറിന്റെ നായികയാകാൻ അവസരം വന്നു. ആശയക്കുഴപ്പത്തിലായി. എംജിആർ വലിയ ആളാണ്. പക്ഷെ മലയാളത്തിൽ അഭിനയിക്കണമെന്നായിരുന്നു എനിക്കും അമ്മയ്ക്കും. അത് കാരണം ആ പടം വേണ്ടെന്ന് വെച്ചു. അത് കാരണം തമിഴ് പടങ്ങൾ നഷ്ടപ്പെട്ടെന്നും ഷീല തുറന്ന് പറഞ്ഞു.
ചെന്നെെയിലാണ് ഷീലയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്. മലയാള സിനിമകളുടെ സ്റ്റുഡിയോകളെല്ലാം ഒരു കാലത്ത് ചെന്നെെയിലായിരുന്നു. പിൽക്കാലത്ത് കേരളത്തിലേക്ക് ഷൂട്ടിംഗുകൾ മാറിയപ്പോൾ പല താരങ്ങളും കേരളത്തിലേക്ക് താമസം മാറി. എന്നാൽ ഷീല ചെന്നെെയിൽ തുടരുകയാണുണ്ടായത്. ഇതിന് കാരണം എന്തെന്ന് അടുത്തിടെ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിൽ സജീവമായ കാലത്ത് ചെന്നെെയിലാണ് കുടുംബത്തോടൊപ്പം താമസിച്ചത്.
പിന്നീട് ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം ചെന്നെെയിലായി. അതിനാലാണ് ചെന്നെെയിൽ തന്നെ സ്ഥിര താമസമാക്കിയതെന്ന് ഷീല വ്യക്തമാക്കി. അഭിനയ രംഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും പുതിയ സിനിമകളെല്ലാം ഷീല കാണാറുണ്ട്. സിനിമാ ലോകത്തെ വിശേഷങ്ങളും ഷീല അറിയാറുണ്ട്. പഴയ കാല നടി എന്ന പേരിനപ്പുറം പുതിയ കാലത്തോട് ചേർന്ന് നിൽക്കാനാണ് ഷീല താൽപര്യപ്പെടുന്നത്.


Click it and Unblock the Notifications