മഞ്ജുവിന്റെ ജീവിതം അതിനായി ഉഴിഞ്ഞ് വെച്ചതാണ്; ആ ജന്മത്തിന്റെ ഏക ദൗത്യം; ലോഹി പറഞ്ഞത്; സിബി മലയിൽ
മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ മഞ്ജു വാര്യരെ പോലെ ചർച്ചയായ മറ്റൊരു നടിയില്ല. മഞ്ജുവിന്റെ കരിയറും വ്യക്തി ജീവിതവും ഒരുപോലെ ജനശ്രദ്ധ നേടിയതാണ്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് തന്നെ എല്ലാവരും കാണുന്നതെന്ന് മഞ്ജു തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, കന്മദം തുടങ്ങിയ സിനിമകളിലെ മഞ്ജുവിന്റെ പ്രകടനം ഇന്നും അനശ്വരമായി പ്രേക്ഷക മനസിലുണ്ട്.
വിവാഹശേഷം നടിമാർ അഭിനയം നിർത്തുന്നത് ഒരു കാലത്ത് പതിവാണെങ്കിലും മഞ്ജു വാര്യർ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം നിരാശരായി. അത്രമാത്രം പ്രതീക്ഷയോടെയാണ് മഞ്ജുവെന്ന താരത്തിന്റെ ഉദയത്തെ ഏവരും നോക്കിക്കണ്ടത്. പിന്നീട് വന്ന നായിക നടിമാരെല്ലാം മഞ്ജുവുമായി താരതമ്യം ചെയ്യപ്പെടുകയുമുണ്ടായി. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ തിരിച്ച് വന്നപ്പോൾ ഏവരും ആഹ്ലാദിച്ചു.

തിരിച്ച് വരവിൽ ഇന്ത്യയിലെ മറ്റേതെങ്കിലും നടി ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ടോ എന്ന് സംശയമാണ്. മഞ്ജുവിന്റെ അഭിനയ മികവിനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദൈവം നൽകിയ പ്രത്യേക കഴിവാണ് മഞ്ജുവിന്റെ അഭിനയ മികവെന്ന് ഇദ്ദേഹം അന്ന് പറഞ്ഞു. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
അപൂർവമായ സിദ്ധിയാണ് മഞ്ജുവിന്. സല്ലാപം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ആദ്യമായി അറ്റൻഡ് ചെയ്തത് ഞാനാണ്. സമയക്കുറവ് കാരണം ലോഹിയും ഉണ്ണിയും എന്നെ വിളിച്ച് പറയുകയായിരുന്നു. ഡബ്ബിംഗ് കണ്ടപ്പോൾ തന്നെ ഞാൻ അത്ഭുതപ്പെട്ട് പോയി. എന്ത് അഭിനയ സിദ്ധിയാണ് ഈ കുട്ടിക്കെന്ന് ചിന്തിച്ചു. ശ്രീജയാണ് അന്ന് ഡബ് ചെയ്യുന്നത്. മഞ്ജു വളരെ നന്നായി മോഡുലേറ്റ് ചെയ്ത് സംസാരിക്കുന്നുണ്ട്. എന്തിനാണ് വേറെ ഒരാളെ വെച്ച് ഡബ് ചെയ്യിക്കുന്നതെന്ന് ഞാൻ വിളിച്ച് ചോദിച്ചു. അന്ന് അവർക്കൊരു ആത്മവിശ്വാസക്കുറവുണ്ട്.

സല്ലാപത്തിന്റെ നൂറാം ദിവസം ആഘോഷത്തിന് എല്ലാവരും കൂടിച്ചേർന്നു. ലോഹിയും ഞാനും മഞ്ജുവും നിൽക്കവെ ലോഹി മഞ്ജുവിനോട് പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. നീ അഭിനയത്തിനായി ഉഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണ്, നിനക്ക് മറ്റൊരു ജന്മമില്ലെന്നാണ് ലോഹി പറഞ്ഞത്. ശരിക്കും വാസ്തവമാണ്. അങ്ങനെ ചില സൃഷ്ടികളുണ്ട്. പ്രത്യേക ദൗത്യത്തിനായി സൃഷ്ടിക്കപ്പെട്ടത്.
അഭിനയം ദൈവത്തിന്റെ വരദാനമായി ലഭിച്ച പെൺകുട്ടിയാണ്. അതില്ലാത്തൊരു ജീവിതം മഞ്ജുവിന് ഉണ്ടാകില്ല. മഞ്ജുവെന്ന നടിയെ അടുത്ത് നോക്കിക്കണ്ട ആളെന്ന നിലയിൽ എനിക്കങ്ങനെ കാണാനാണ് ഇഷ്ടമെന്നും സിബി മലയിൽ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ-സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനശ്വര ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. 1998 ലാണ് ചിത്രം പുറത്തിറങ്ങുന്നത്.
രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴകത്ത് സജീവ സാന്നിധ്യമാവുകയാണ് മഞ്ജു വാര്യർ. അസുരൻ, തുനിവ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം നടിയുടെ ഒന്നിലേറെ തമിഴ് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. രജിനികാന്തിനൊപ്പം അഭിനയിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രവും ഇതിലൊന്നാണ്. മലയാളത്തിൽ ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications