സിമ്രാന് നഷ്ടപ്പെട്ട വലിയ അവസരം, ജ്യോതികയുടെ താരമൂല്യം ഇരട്ടിച്ചു; അമ്മ വേഷങ്ങളിലേക്ക് മാറേണ്ടി വന്നപ്പോൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് സിമ്രാനുണ്ടാക്കിയ തരംഗം ചെറുതല്ല. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി മുന്നേറിയ സിമ്രാന് പേരും പ്രശസ്തിയും ഒരുപോലെ ലഭിച്ചു. ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാതെ പോയതോടെയാണ് സിമ്രാൻ തെന്നിന്ത്യൻ സിനിമാ രംഗത്തേക്ക് ശ്രദ്ധ നൽകുന്നത്. മലയാള ചിത്രം ഇന്ദ്രപ്രസ്ഥത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നും അവസരം ലഭിച്ചു. തൊണ്ണൂറുകളുടെ അവസാനം സിമ്രാൻ തമിഴകത്തെ താര റാണിയായി മാറി. വിജയ്-സിമ്രാൻ കൂട്ടുകെട്ട് ഹിറ്റുകൾ സൃഷ്ടിച്ചു. സിമ്രാന്റെ കോൾഷീറ്റിന് മേക്കേർസ് കാത്തിരുന്ന കാലം.
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തൃഷ, നയൻതാര തുടങ്ങിയ നടിമാർ തമിഴകത്ത് പുതിയ തരംഗം സൃഷ്ടിച്ചതോടെയാണ് സിമ്രാന്റ് ഗ്രാഫ് ഇടിഞ്ഞത്. 2003 ൽ സിമ്രാൻ വിവാഹിതയായിരുന്നു. അമ്മയായ ശേഷം ചെറിയ ഗ്യാപ്പെടുത്ത സിമ്രാൻ പിന്നീട് തിരിച്ച് വന്നെങ്കിലും പഴയത് പോലെ നായികാ വേഷങ്ങൾ ലഭിച്ചില്ല. സിമ്രാന് കരിയറിൽ നഷ്ടപ്പെട്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ചന്ദ്രമുഖി. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖി 2005 ലാണ് റിലീസ് ചെയ്യുന്നത്. പി വാസു സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ചന്ദ്രമുഖിയിൽ നടി ജ്യോതികയാണ് നായികയായെത്തിയത്.

സിനിമ ജ്യോതികയുടെ കരിയറിലെ നാഴികക്കല്ലായി. ജ്യോതികയ്ക്ക് പകരം ഈ ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് സിമ്രാനെയാണ്. എന്നാൽ സിമ്രാൻ ഈ ചിത്രം നിരസിക്കുകയാണുണ്ടായത്. ചന്ദ്രമുഖി വൻ ഹിറ്റായി മാറി. കരിയറിൽ ശക്തമായ തിരിച്ച് വരവിന് ഈ സിനിമയിലൂടെ സിമ്രാന് കഴിഞ്ഞേനെ. എന്നാൽ ചന്ദ്രമുഖി വേണ്ടെന്ന് വെച്ചതിൽ തനിക്ക് നഷ്ടബോധമില്ലെന്നാണ് ഒരിക്കൽ സിമ്രാൻ പറഞ്ഞത്.
ഗർഭിണിയായത് കൊണ്ടാണ് ചന്ദ്രമുഖിയിൽ നിന്ന് പിന്മാറിയത്. എനിക്ക് റിഗ്രെറ്റ് ഇല്ല. മകൻ അധീപ് അതിലും നല്ല നഷ്ടപരിഹാരമാണ് തനിക്കെന്നും അന്ന് സിമ്രാൻ പറഞ്ഞു. അതേസമയം ചന്ദ്രമുഖി ഹിറ്റായെങ്കിലും ജ്യോതിക പിന്നീട് സിനിമാ രംഗത്ത് അധികനാൾ തുടർന്നില്ല. 2006 ൽ വിവാഹിതയായ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിൽക്കാൻ ജ്യോതിക തീരുമാനിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2015 ൽ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്.

മറുവശത്ത് സിമ്രാൻ കരിയറിൽ തുടർന്നെങ്കിലും അമ്മ വേഷങ്ങളിലക്ക് ഒതുങ്ങി. കരിയറിലെ ഈ ഘട്ടത്തെയും സിമ്രാൻ പരാതികളില്ലാതെ സ്വീകരിച്ചു. നല്ല കഥാപാത്രമാണെങ്കിൽ അമ്മ വേഷം ചെയ്യാൻ തനിക്ക് മടിയില്ലെന്നാണ് സിമ്രാൻ പറയുന്നത്. സിമ്രാന്റെ ഒടുവിൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഫാമിലി മികച്ച വിജയം നേടിയ സിനിമയാണ്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളുമായി സിമ്രാൻ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
അടുത്തിടെ സിമ്രാൻ ഒരു വേദിയിൽ വെച്ച് നടത്തിയ പരാമർശം ജ്യോതികയ്ക്ക് എതിരെയാണെന്ന വാദം വന്നിരുന്നു. സഹപ്രവർത്തകയായി നടിയോട് അവർ ചെയ്ത റോളിൽ തന്റെ അഭിപ്രായം പറഞ്ഞു. അപ്പോൾ അവർ നൽകിയ മറുപടി ആന്റി റോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലതാണതാണെന്നാണ്. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇൻസെൻസിറ്റീവായ മെസേജ് ആണതെന്നും സിമ്രാൻ പറഞ്ഞു. പിന്നാലെ ഈ നടി ജ്യോതിക ആണെന്ന വാദം സോഷ്യൽ മീഡിയയിൽ വന്നു. അതേസമയം സിമ്രാനും ജ്യോതികയും സുഹൃത്തുക്കളായിരുന്നു. ജ്യോതികയെ തന്നെയാണോ സിമ്രാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ജ്യോതികയും ഇപ്പോൾ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











