പ്രശാന്തിനോട് ഞാൻ ചെയ്ത തെറ്റാണ് ആ വിവാഹം; കുടുംബം പ്രബലർ, തുടരെ കേസുകൾ നൽകി; ത്യാഗരാജൻ
തമിഴ് സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടനാണ് പ്രശാന്ത്. നടനും ഫിലിം മേക്കറുമായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്. അച്ഛന്റെ പാത പിന്തുടർന്നാണ് പ്രശാന്ത് സിനിമാ രംഗത്തേക്ക് വരുന്നത്. മകനെ താരമാക്കി മാറ്റാൻ ത്യാഗരാജ് പരമാവധി ശ്രമിച്ചു. ഈ ശ്രമം ഫലം കാണുകയും ചെയ്തു. ജീൻസ് ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾ പ്രശാന്തിനെ തേടി വന്നു. അക്കാലത്ത് വിജയ്, അജിത്ത്, സൂര്യ എന്നിവരൊന്നും തമിഴകത്ത് താരമായിട്ടില്ല. പ്രശാന്തിന്റെ ഗ്രാഫ് കുതിച്ചുയർന്നെങ്കിലും ഒരു ഘട്ടത്തിൽ നടനെ തേടി പരാജയങ്ങളെത്തി.
വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് പ്രശാന്ത് കരിയറിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം അന്ധകൻ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ് പ്രശാന്ത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണമാണ് താൻ ലൈം ലൈറ്റിൽ നിന്നും മാറി നിന്നതെന്ന് പ്രശാന്ത് നേരത്തെ പറഞ്ഞിട്ടുണ്ട്.

വിവാഹമാണ് പ്രശാന്തിന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. ഗൃഹലക്ഷ്മി എന്നായിരുന്നു പ്രശാന്തിന്റെ ഭാര്യയുടെ പേര്. വിവാഹം കഴിഞ്ഞ് അധികം വെെകാതെ ഇവർ തമ്മിൽ പ്രശ്നമുണ്ടായി. കുറച്ച് വർഷങ്ങൾക്കുള്ളിൽ ബന്ധം പിരിഞ്ഞു. ഇതേക്കുറിച്ച് ഒരിക്കൽ ത്യാഗരാജൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രശാന്തിന് തെറ്റായ ഒരു വിവാഹ ബന്ധം നടത്തിയത് എന്റെ തെറ്റാണ്. പ്രശാന്തിന് നല്ല കുടുംബം വേണമെന്ന് കരുതിയാണ് അറേഞ്ച് മാര്യേജ് ചെയ്തത്. രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിവാഹമാണ്. ഒന്നര മാസമാണ് അവൾ വീട്ടിലുണ്ടായിരുന്നത്. അതിന് ശേഷം പോയി. തിരിച്ച് വന്നില്ല. അതിന്റെ തുടർച്ചയായി ഒരുപാട് കാര്യങ്ങൾ നടന്നു. പ്രശാന്ത് കോടതിയെ സമീപിച്ചു. അപ്പോഴാണ് ഈ പെൺകുട്ടി നേരത്തെ വിവാഹിതയാണെന്ന് കണ്ടെത്തിയത്.

കബളിപ്പിച്ച് വിവാഹം ചെയ്തതാണെന്ന് കോടതിയിൽ തെളിഞ്ഞു. പ്രശാന്തിനെക്കാെണ്ട് ഇങ്ങനെയൊരു വിവാഹം ചെയ്യിച്ചതിൽ ഇന്നും എനിക്ക് ദുഖമുണ്ട്. നല്ല കുടുംബമാണെന്ന് മനസിലാക്കിയാണ് വിവാഹം ചെയ്തത്. പ്രമുഖ ഡോക്ടർ കുടുംബമാണ്. പ്രശാന്തിനെ ഇവൾക്ക് വേണ്ടി അവർ ആലോചിച്ചു. രണ്ട് വർഷം ശ്രമിച്ചു. നല്ല കുടുംബമാണെന്ന് കരുതി വിവാഹം ചെയ്യിച്ചു. എന്നാൽ ആ പെൺകുട്ടിക്ക് നേരത്തെ വിവാഹം ചെയ്തതാണെന്ന് മറച്ച് വെച്ചു.
ആ കുറ്റബോധം കൊണ്ടാണ് പെൺകുട്ടി ഒന്നരമാസം കൊണ്ട് വീട്ടിൽ നിന്നും പോയതെന്ന് തോന്നുന്നു. പക്ഷെ ആ കുടുംബം വല്ലാതെ ബുദ്ധിമുട്ടിച്ചു. ഞങ്ങൾക്കെതിരെ കേസ് കൊടുത്തു. ആ കുടുംബത്തിൽ അഭിഭാഷകരിം റിട്ടയേർഡ് ജഡ്ജിമാരും ഉണ്ട്. അവരെല്ലാം ചേർന്ന് കേസുകൾ നൽകി.
കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാൽ യുവതി നേരത്തെ വിവാഹം ചെയ്തതാണെന്ന് കോടതിയിൽ തെളിയിക്കാൻ സാധിച്ചെന്നും കേസുകൾ കോടതി റദ്ദാക്കിയെന്നും ത്യാഗരാജ് ചൂണ്ടിക്കാട്ടി. പ്രശാന്തിന്റെ ആരാധകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വിവാഹം നടന്ന രേഖകൾ കണ്ടെത്തിയതെന്നും ത്യാഗരാജ് വ്യക്തമാക്കി.


Click it and Unblock the Notifications











