'പ്രണയത്തിലാണെന്ന് അമ്മ അറിഞ്ഞില്ല, വീട്ടിലേക്ക് വന്നപ്പോൾ...; ഒരുമിച്ച് താമസിച്ചപ്പോൾ ഞാനത് കൊണ്ട് വന്നു'
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനാെടുവിൽ 2021 ൽ ഇരുവരും വിവാഹിതരായി. മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമാണ് വിവാഹം നടന്നത്. അതേസമയം വർഷങ്ങൾക്ക് മുമ്പേ ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അപ്രതീക്ഷിതമായാണ് നയൻതാരയുടെ ജീവിതത്തിലേക്ക് വിഘ്നേശ് കടന്ന് വരുന്നത്. പ്രണയത്തിലാകുമ്പോൾ വിഘ്നേശ് കരിയറിൽ ശ്രദ്ധിക്കപ്പെടാതെ പ്രതിസന്ധികൾ നേരിടുന്ന സംവിധായകനാണ്. നയൻതാര തമിഴകത്തെ താര റാണിയും. ഷൂട്ടിംഗ് തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും പ്രണയത്തിലായിട്ടുണ്ട്. എന്നാൽ സെറ്റിലെ പലർക്കും ഇക്കാര്യം അറിയില്ലായിരുന്നു. വിഘ്നേശ് തുടക്കത്തിൽ വീട്ടുകാരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല.

ഇതേക്കുറിച്ച് വിഘ്നേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടുകാരോട് പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നില്ല. ഒരു ദിവസം നയൻതാരയെ വീട്ടിലേക്ക് കൊണ്ട് വന്നു. നയൻതാര വീട്ടിലേക്ക് വരുന്നെന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടുകാർ ആവേശഭരിതരായി. നയൻ വന്ന് ഭക്ഷണം ചിക്കൻ കറിയെല്ലാം കഴിച്ചു. പിന്നീട് പതിയെ ആണ് പ്രണയത്തിലാണെന്ന് പറഞ്ഞത്. അതിന് മുമ്പ് അവർക്കൊന്നും അറിയില്ലായിരുന്നു. അമ്മയും ചേച്ചിയുമെല്ലാം നയൻതാരയുടെ ഫാനായിരുന്നു. ആ ബോൾഡ്നെസ് അവർക്കിഷ്ടമാണെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.
നാനും റൗഡി താൻ വിജയിച്ച ശേഷമല്ല ഞങ്ങൾ പ്രണയത്തിലായത്. ഷൂട്ടിംഗിനിടെയാണ്. അന്ന് താൻ വളരെ സ്ട്രഗിൾ ചെയ്യുന്ന സമയമായിരുന്നെന്നും വിഘ്നേശ് ശിവൻ ഓർത്തു. മുമ്പൊരിക്കൽ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. നയൻതാരയ്ക്ക് വേണ്ടി താനെഴുതിയ രണ്ട് വരികളെക്കുറിച്ചും വിഘ്നേശ് അന്ന് സംസാരിച്ചു.

റിലേഷൻഷിപ്പ് കൺഫോം ആയപ്പോൾ 'ഓൺ എ സ്കെയിൽ ഓഫ് 10 യു ആർ നയൻ, ഐ ആം ദ വൺ എന്നെഴുതി'. ആ വരികൾ പ്രിന്റ് ചെയ്തു. ഒരുമിച്ച് താമസിക്കാൻ തുടങ്ങിയപ്പോൾ അതെടുത്ത് വലിയൊരു ബോർഡിലാക്കി വീട്ടിൽ കൊണ്ട് വന്ന് വെച്ചു. തലകീഴായാണ് വരികൾ എഴുതിയത്. കണ്ണാടിയിൽ കൂടെ നോക്കുമ്പോൾ നേരെ കാണാമെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. നയൻതാരയുടെ അമ്മ ഓമന കുര്യന് സ്വന്തം മകനേക്കാൾ പ്രിയം തന്നോടാണെന്നും വളരെ നല്ല വ്യക്തിയാണവരെന്നും വിഘ്നേശ് അന്ന് പറഞ്ഞു.
നാനും റൗഡി താൻ റിലീസ് ചെയ്തിട്ട് 9 വർഷം പൂർത്തായിയിരിക്കുകയാണിന്ന്. സിനിമയെക്കുറിച്ചുള്ള ഓർമകൾ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതം എന്നത്തേക്കുമായി മാറ്റിയ സിനിമയാണ് നാനും റൗഡി താനെന്ന് നയൻതാര ഓർത്തു. വിഘ്നേശിനെ ലഭിച്ചത് ഈ സിനിമയിലൂടെയാണെന്നും പെർഫോമറെന്ന നിലയിൽ ഈ സിനിമയിൽ നിന്നും പഠിക്കാനുണ്ടായിരുന്നെന്നും നയൻതാര വ്യക്തമാക്കി. നാനും റൗഡി താനിന് ശേഷം കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന വിഘ്നേശിന്റെ സിനിമയിലും നയൻതാര അഭിനയിച്ചു. എന്നാൽ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൗ ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേശിന്റെ വരാനിരിക്കുന്ന സിനിമ.


Click it and Unblock the Notifications