എന്റെ അറിവോടെ ആയിരുന്നില്ല; അതിന്റെ പേരിൽ പരിഭവവും പിണക്കവും ഉണ്ടായി; വിജയകുമാർ പറഞ്ഞത്
സഹനടൻ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് വിജയകുമാർ. നരസിംഹം, പ്രജ തുടങ്ങിയ സിനിമകളിൽ വിജയകുമാർ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ വിജയകുമാർ സിനിമാ രംഗത്ത് സജീവമല്ല. മകൾ അർത്ഥന ബിനുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം നടനെ കുറച്ച് നാൾ മുമ്പ് വാർത്തകളിൽ നിറച്ചിരുന്നു. അർത്ഥന സിനിമകളിൽ അഭിനയിക്കുന്നതിനോട് വിജയകുമാറിന് താൽപര്യമില്ല. എന്നാൽ അച്ഛനുമായി അർത്ഥന അകൽച്ചയിലാണ്.
വിജയകുമാർ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് പോയതാണ്. അമ്മയാണ് അർത്ഥനയെയും അനിയത്തിയെയും വളർത്തിയത്. മകളുടെ സിനിമാ കരിയറിനെ ശക്തമായ എതിർക്കുന്ന വിജയകുമാർ ഒരിക്കൽ അർത്ഥന താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കി. അന്ന് പിതാവിനെതിരെ പരസ്യമായി അർത്ഥന രംഗത്ത് വരികയുമുണ്ടായി. മകളെ സിനിമാ മേഖലയിൽ നിന്നും മാറ്റി നിർത്താൻ ശ്രമിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ വിജയകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

23ാം വയസിൽ ഞാൻ കല്യാണം കഴിച്ചു. പ്രണയ വിവാഹമായിരുന്നു. എന്റെ ഭാര്യ ബിനു അന്ന് എംജി കോളേജിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു. ഞാൻ കോളേജിൽ സെക്കന്റ് ഇയർ ആയിരുന്നപ്പോൾ അവൾ ഫസ്റ്റ് ഇയർ ആയിരുന്നു. മക്കൾ നല്ല രീതിയിൽ പഠിക്കുന്നു. കലാപരമായി ഒന്നുമില്ല. ഇടയ്ക്ക് മകൾ മുത്തു ഗൗ എന്ന സിനിമയിൽ അഭിനയിക്കുകയുണ്ടായി. സുരേഷേട്ടന്റെ മകന്റെ കൂടെ. എന്റെ അറിവോടെ ആയിരുന്നില്ല.
മകളുടെ മീഡിയ കമ്മ്യൂണിക്കേഷൻ എന്ന കോഴ്സിനെ പറ്റി പിന്നീടാണ് അറിയുന്നത്. കോളേജിൽ പോയപ്പോൾ അവിടെ വെച്ച് ഇതേക്കുറിച്ച് പറഞ്ഞു. വിജയകുമാറേ, ഇതൊരു കോഴ്സാണ്. അവരുടെ സ്വപ്നങ്ങൾ സിനിമയാണെന്ന് അവർ പറഞ്ഞു. അച്ഛൻ സിനിമയിലാണല്ലോ എന്ന് ഫ്രണ്ട്സ് പറയുമല്ലോ. പക്ഷെ വേണ്ട മോളെ, നമുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. മോശമായിട്ടല്ല ഞാൻ പറഞ്ഞത്. നമുക്ക് വേണ്ടെന്നാണ്. അതിന്റെ പേരിൽ പരിഭവവും പിണക്കവുമൊക്കെ ഉണ്ടായി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നെന്നും വിജയകുമാർ അന്ന് പറഞ്ഞു.

അതേസമയം അച്ഛനുമായി അർത്ഥന ഇപ്പോഴും അകൽച്ചയിലാണെന്നാണ് സൂചന. മാത്രമല്ല അർത്ഥനയിപ്പോൾ സിനിമാ രംഗത്ത് സജീവവുമാണ്. അടുത്തിടെ റിലീസ് ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് അർത്ഥനയ്ക്ക് ലഭിച്ചത്. തെലുങ്ക്, തമിഴ് സിനിമാ രംഗത്തും അർത്ഥനയിന്ന് സജീവമാണ്. ടോളിവുഡിലാണ് നടി അഭിനയത്തിൽ തുടക്കം കുറിച്ചത്. അമ്മയാണ് അർത്ഥനയുടെ എല്ലാം. അമ്മയെക്കുറിച്ച് അടുത്തിടെ നടി സംസാരിക്കുകയുണ്ടായി.
കരിയറിലും ജീവിതത്തിലും എനിക്കേറ്റവും പിന്തുണ നൽകിയത് അമ്മ തന്നെയാണ്. സാമ്പത്തികമായി ഞങ്ങൾ മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. അന്നും ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അമ്മ ഉറപ്പ് വരുത്തി. അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങൾക്ക് നല്ല ഉടുപ്പുകൾ വാങ്ങിത്തരും. തിരുവനന്തപുരത്തെ ഏറ്റവും നല്ല സ്കൂളിലാണ് തന്നെയും അനിയത്തിയെന്നും പഠിപ്പിച്ചതെന്നും അന്ന് അർത്ഥന ബിനു വ്യക്തമാക്കി.


Click it and Unblock the Notifications











