മരുമകൾക്കൊപ്പം ഷോപ്പിംഗിന് പോകുമായിരുന്നു; പിന്നീട് വന്ന മാറ്റം; സംഗീത ഇന്നെവിടെയെന്ന് വിജയ് ആരാധകർ
വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അടുത്തിടെയായി ഗോസിപ്പുകൾ തുടരെ വരുന്നുണ്ട്. ഭാര്യ സംഗീതയുമായി വിജയ് അകൽച്ചയിലാണെന്നാണ് ഗോസിപ്പുകൾ. കുറച്ച് കാലമായി വിജയ്ക്കൊപ്പം സംഗീതയെ കാണാറില്ല. ഇതോടെയാണ് ഗോസിപ്പുകൾ വന്നത്. വിജയുടെ കുടുംബത്തെക്കുറിച്ച് അമ്മ ശോഭ ചന്ദ്രശേഖർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കൊച്ചടുമക്കൾ എന്നെ ശോഭാച്ചി എന്നാണ് വിളിക്കുക. ഞാൻ പാചകം ചെയ്ത് കൊടുക്കുന്നത് വളരെ ഇഷ്ടമാണ്. വെക്കേഷനിൽ ഞങ്ങൾക്കൊപ്പം വന്ന് താമസിക്കും. സ്കൂൾ മാറിയതോടെ സമയമില്ല. വീക്കെന്റിൽ വന്ന് താമസിക്കുമെന്നും ശോഭ ചന്ദ്രശേഖർ വ്യക്തമാക്കി. വിജയ് സംഗീതയെ വിവാഹം ചെയ്തതിനെക്കുറിച്ചും ശോഭന സംസാരിച്ചു. സഹോദരിമാർ വിജയ്നെ കാണാൻ വന്നു. കാലമെല്ലാം കാത്തിരിപ്പേ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു വിജയ്.

ലണ്ടനിൽ നിന്ന് വന്നവരാണ്. വിജയ്നെ കണ്ടപ്പോൾ അച്ഛനും അമ്മയും വീട്ടിലുണ്ട് പോയി കാണൂ എന്ന് പറഞ്ഞു. വളരെ കാഷ്വലായി വീട്ടിൽ വന്നു. തന്റെ ഭർത്താവിന് അന്നേ സംഗീതയെ വളരെ ഇഷ്ടമായെന്നും ശോഭ വ്യക്തമാക്കി. തന്റെ മരുമകൾ സംഗീതയെ കുറിച്ചും ശോഭ സംസാരിച്ചു. മരുമകളുമായി മുമ്പ് സിനിമയ്ക്കും ഷോപ്പിംഗിനും പോകാറുണ്ടായിരുന്നെന്ന് ശോഭ പറയുന്നു.
കുട്ടികൾ വളർന്ന ശേഷം അധികം പോയിട്ടില്ല. ഇപ്പോൾ പുറത്ത് പോയാൽ ആളുകൾ തിരിച്ചറിയും. മുമ്പ് ബോംബെയിലൊക്കെ ഷോപ്പിംഗിന് പോകുമായിരുന്നെന്നും ശോഭ അന്ന് വ്യക്തമാക്കി.രണ്ട് വീടുകളിലാണ് വിജയും മാതാപിതാക്കളും താമസിക്കുന്നത്. വിജയുമായി അകന്ന സംഗീത യുകെയിലേക്ക് പോയെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നു. എന്നാൽ താര കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി തുടക്കം കുറിക്കുകയാണ്.

ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കുറച്ച് നാൾ മുമ്പാണ് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് സിനിമയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സിനിമാ രംഗം വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. ഈ നിർണായക ഘട്ടത്തിലാണ് താരത്തെക്കുറിച്ച് തുടരെ ഗോസിപ്പുകൾ വരുന്നത്. കഴിഞ്ഞ ദിവസം നടി തൃഷ വിജയ്ക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വിട്ടതോടെ ഗോസിപ്പുകൾ കൂടി.
എന്നാൽ ഇതേക്കുറിച്ചും വിജയ് പ്രതികരിച്ചില്ല. ഗോസിപ്പുകൾ പാടേ അവഗണിക്കുന്നതാണ് വിജയുടെ രീതി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ പല കാര്യങ്ങളിലും നടന് വ്യക്തത വരുത്തേണ്ടി വരും. വിജയുടെ കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളാണ് എതിരാളികൾ പലപ്പോഴും ചൂണ്ടിക്കാട്ടാറ്. അച്ഛൻ ചന്ദ്രശേഖറുമായി വിജയ്ക്ക് അസ്വാരസ്യമുണ്ടെന്ന് നാളുകളായി തുടരുന്ന സംസാരമാണ്.
മുമ്പൊരിക്കൽ തന്റെ അനുവാദമില്ലാതെ തന്റെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങിയതിന് വിജയ് പിതാവിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് അഭ്യൂഹങ്ങൾ വന്നത്. അതേസമയം വിജയും പിതാവും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് ശോഭ ചന്ദ്രശേഖർ പറയുന്നത്. ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് വിജയ് ഒരു ദിവസം പ്രതികരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











