'ഞാനും രണ്ട് കുഞ്ഞുങ്ങളുടെ പിതാവാണ് എനിക്ക് മനസിലാകും'; അമ്മയുടേയും കുഞ്ഞിന്റേയും ബാഗ് ചുമന്ന് അജിത്ത് കുമാർ!
എല്ലാവരും തല എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലടക്കം ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് തമിഴ് സൂപ്പർ താരം അജിത്ത് കുമാർ. അമ്പതോളം സിനിമകൾ പൂർത്തിയാക്കിയ താരം ഇതിനോടകം നിരവധി അംഗീകാരങ്ങളും നേടി കഴിഞ്ഞു. സൂപ്പർതാരം എന്നതിലുപരി ഇത്രയേറെ എളിമയുള്ള മറ്റൊരു നടൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും താരത്തെ അടുത്ത് അറിയാവുന്നവരും പറയാറുള്ളത്.
യാതൊരു സ്റ്റാർഡവും തലയിൽ ചുമന്ന് നടക്കാറില്ല അജിത്ത് കുമാർ. മാത്രമല്ല സ്ത്രീകളേയും കുട്ടികളേയും ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരു നടനുണ്ടാകില്ല. അജിത്ത് എന്ന് പറയുമ്പോൾ തന്നെ ജെന്റിൽമാൻ എന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർ ഇഷ്ടപ്പെടാറുള്ളത്. വെറുമൊരു അലങ്കാര വിളി മാത്രമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാരണമാണ് പ്രേക്ഷകർ താരത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിത അജിത്ത് സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നുവെന്നത് വ്യക്തമാകുന്ന ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഒരു യുവതിയുടെ ഭർത്താവാണ് അജിത്തിനൊപ്പം തന്റെ ഭാര്യയ്ക്കുണ്ടായ അനുഭവം കുറിപ്പിലൂടെ വിവരിച്ച് ആരാധകരിലേക്ക് എത്തിച്ചത്.
പത്ത് മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞുമായി എയർപോർട്ടിലെത്തിയ ഭാര്യയെ യാതൊരു മടിയും കൂടാതെ ബാഗ് ചുമന്ന് സഹായിച്ചത് അജിത്താണെന്നാണ് കുറിപ്പിൽ പറയുന്നത്. തന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നിൽക്കുന്ന അജിത്തിന്റെ ചിത്രവും സോഷ്യൽമീഡിയയിൽ കുറിപ്പിനൊപ്പം യുവാവ് പങ്കുവെച്ചു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. അജിത് കുമാറിന്റെ വിനയത്തിനേയും സ്റ്റാർഡം നോക്കാതെ സഹജീവിയുടെ ബുദ്ധിമുട്ട് മനസിലാക്കി പെരുമാറാൻ കാണിച്ച മനസിനേയുമാണ് സിനിമാ പ്രേമികൾ പ്രശംസിക്കുന്നത്. എന്റെ ഭാര്യ കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്തരുന്നു.
ഞങ്ങളുടെ 10 മാസം പ്രായമുള്ള കുഞ്ഞുമായി അവൾ തനിച്ചാണ് യാത്ര ചെയ്തത്. ലണ്ടൻ ഹീത്രൂവിലെ എയർപോർട്ടിൽ വെച്ച് അജിത്കുമാറിനെ കാണാൻ അവൾക്ക് അവസരം ലഭിച്ചു. ഒരു ക്യാബിൻ സ്യൂട്ട്കേസും കുഞ്ഞിന്റെ ബാഗുമാണ് ഭാര്യയുടെ കൈയ്യിൽ കുഞ്ഞിനെ കൂടാതെ ഉണ്ടായിരുന്നത്. അജിത്ത് കുമാറിനെ കണ്ട് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു ഭാര്യ.

എന്റെ ഭാര്യ കുഞ്ഞുമായി ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം മനസിലാക്കി. ഞങ്ങളുടെ കുഞ്ഞിന്റെ ബാഗ് അവിടെ നിന്ന് മുതൽ ഭാര്യയുടെ കൈയ്യിൽ നിന്നും വാങ്ങി അദ്ദേഹം ചുമക്കാൻ തുടങ്ങി. ബാഗ് എടുക്കാൻ അദ്ദേഹം തുനിഞ്ഞപ്പോൾ ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും സ്നേഹം പൂർവം അത് നിഷേധിച്ചിട്ട് താനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണെന്നും തനിക്ക് കാര്യങ്ങൾ മനസിലാകുമെന്നും മറുപടി നൽകി.
വിമാനം വരെ ബാഗ് ചുമന്ന ശേഷം കാബിൻ ക്രൂവിനെ ബാഗ് ഏൽപ്പിച്ച് എന്റെ ഭാര്യയുടെ സീറ്റിൽ കൃത്യമായി കൊണ്ടുവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അജിത്ത് സാറിനൊപ്പം ഉണ്ടായിരുന്ന സഹായി ബാഗ് വാങ്ങി പിടിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ല.
വിമാനം ഇറങ്ങി ബസ്സിൽ കയറിയപ്പോഴും അദ്ദേഹം തന്നെയാണ് ബാഗ് പിടിച്ചത്. അദ്ദേഹത്തിന്റെ പ്രവൃത്തിയെ കുറിച്ച് ഭാര്യ പറഞ്ഞപ്പോൾ കൂടുതൽ ബഹുമാനം തോന്നിയെന്നാണ് യുവാവ് സോഷ്യൽമീഡിയയിൽ കുറിച്ചത്. സെറ്റിൽ ചെന്നാലും സ്ത്രീകളുടെ കാര്യങ്ങൾക്ക് കുറവ് വരരുതെന്നും അവർ ബുദ്ധിമുട്ടുകൾ അനുഭവിക്കരുതെന്നതും അജിത്തിന് നിർബന്ധമുള്ള കാര്യമാണ്.
തുനിവിൽ ഒപ്പം അഭിനയിച്ച ശേഷം നടി മഞ്ജു വാര്യരും അജിത്തിന്റെ സ്വഭാവത്തേയും പെരുമാറ്റത്തേയും കുറിച്ച് വാചാലയായിരുന്നു. മഞ്ജു വാര്യരെ ബൈക്കിൽ ഹിമാലയം ട്രിപ്പിന് കൊണ്ടുപോവുകയും ചെയ്തിരുന്നു അജിത്ത്.


Click it and Unblock the Notifications