ബോറായിപ്പോകാന്‍ സാദ്ധ്യതയുണ്ടായിരുന്നു, എന്നിട്ടും അനായാസമായി മോഹന്‍ലാല്‍ മെരുക്കിയെടുത്തു- കുറിപ്പ് വൈറല്‍

വാലിബനായി തിയേറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തിയ മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ആദ്യ ദിവസം സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ വന്നിരുന്നെങ്കിലും പിന്നീട് സിനിമയ്ക്ക് ഗംഭീരമായ പ്രതികരണമാണ് ലഭിച്ചത്.

എന്നാല്‍ വാലിബന്‍ ഗംഭീര ചിത്രമാണെന്ന് പറയുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്. ബോറായി പോകാന്‍ സാധ്യതയുള്ള സംഭാഷണങ്ങള്‍ പോലും മോഹന്‍ലാല്‍ അനായാസമായി കൈകാര്യം ചെയ്തു. ഇനി രണ്ടാമൂഴം പോലെയുള്ള ബ്രഹ്മാണ്ഡ സിനിമ കൂടി മോഹന്‍ലാലിലൂടെ കാണാന്‍ സാധിക്കണമെന്നടക്കം പറഞ്ഞാണ് വാലിബനെ പറ്റി അദ്ദേഹം എഴുതിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

 vaaliban

'മലൈക്കോട്ടെ വാലിബനിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി അപാരമാണ്. അങ്ങേയറ്റം ബോറായിപ്പോകാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഒരുപിടി സംഭാഷണങ്ങളെ എത്ര അനായാസമായിട്ടാണ് ആ വലിയ നടന്‍ മെരുക്കിയെടുത്തത്!

ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഫിലിംമേക്കര്‍ ഒരു മായാപ്രപഞ്ചമാണ് സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന നമ്മളെപ്പോലുള്ള മനുഷ്യര്‍ക്ക് നാടകീയമായും അരോചകമായും അനുഭവപ്പെട്ടേക്കാവുന്ന നിരവധി സംഭാഷണങ്ങളാല്‍ സമ്പന്നമാണ് വാലിബന്‍ എന്ന സിനിമ. പക്ഷേ മോഹന്‍ലാല്‍ അവയ്ക്ക് മനോഹരമായ അര്‍ത്ഥതലങ്ങളും ഉച്ചാരണവും നല്‍കി!

കുട്ടിക്കാലത്ത് ഞാനൊരു കഥ കേട്ടിട്ടുണ്ട്. ബകന്‍ എന്ന രാക്ഷസനെ വധിച്ച ഭീമന്റെ വീരഗാഥ. എന്നെ മടിയില്‍ കിടത്തി അച്ഛന്‍ പറഞ്ഞു തന്ന മഹാഭാരത കഥ...! അച്ഛന്‍ പുരാണം വിവരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അതിന്റെ വിഷ്വലുകള്‍ തെളിയുമായിരുന്നു.

ബലിഷ്ഠനായ ബകന്‍. ക്വിന്റല്‍ കണക്കിന് ഭാരമുള്ള ഭീമന്റെ ഇടികള്‍. എന്റെ ഭാവനയില്‍ ഭീമന്റെ കാളവണ്ടിയ്ക്കുപോലും വ്യക്തമായ രൂപമുണ്ടായിരുന്നു. അങ്ങനെയൊരു മുത്തശ്ശിക്കഥ കേള്‍ക്കാന്‍ ഇപ്പോഴും എനിക്കിഷ്ടമാണ്. അതുകൊണ്ടുതന്നെ വാലിബനെയും അയാളുടെ മല്ലയുദ്ധങ്ങളെയും ഞാന്‍ നെഞ്ചോട് ചേര്‍ത്തുവെയ്ക്കുകയാണ്.

മരണത്തിന് തൊട്ടുമുമ്പ് പോലും നെടുംതൂണുകളെ കടപുഴക്കിയ ബൈബിളിലെ സാംസന്റെ കഥ നിങ്ങള്‍ വായിച്ചിട്ടില്ലേ. വാലിലെ തീകൊണ്ട് ലങ്കാനഗരം ചുട്ടുകരിച്ച ഹനുമാനെ നാം ബാല്യത്തില്‍ വല്ലാതെ ആരാധിച്ചിട്ടില്ലേ. ജന്മസിദ്ധമായ കവചകുണ്ഡലങ്ങള്‍ ദേവേന്ദ്രന് ദാനം ചെയ്ത കര്‍ണ്ണനോട് നമുക്ക് സ്‌നേഹം തോന്നിയിട്ടില്ലേ. റോമിലെ കൊളോസിയത്തില്‍ വെച്ച് മൃഗങ്ങളോട് പോരടിച്ച ഗ്ലാഡിയേറ്റര്‍മാരുടെ കഥകള്‍ നാം കേട്ടിട്ടില്ലേ?

വാലിബനില്‍ ഞാന്‍ ഹനുമാനെ കണ്ടു. കര്‍ണ്ണനെ കണ്ടു. സാംസനെയും ഗ്ലാഡിയേറ്ററെയും കണ്ടു! അമര്‍ചിത്രകഥകളെ വെല്ലുന്ന തരത്തിലുള്ള ഫ്രെയിമുകള്‍ കണ്ടു! മല്ലന്റെ ശരീരത്തിലേയ്ക്ക് മോഹന്‍ലാല്‍ പരിപൂര്‍ണ്ണമായും പരകായപ്രവേശം നടത്തിയിട്ടുണ്ട്. വാലിബന്‍ ഒരു മല കീറിപ്പൊളിച്ചാലും പ്രേക്ഷകന് അത് വിശ്വസനീയമായി തോന്നും! ലാല്‍ എന്ന അഭിനേതാവിന്റെ ഔന്നത്യം അവിടെയാണ് വെളിപ്പെടുന്നത്.

 vaaliban

മോഹന്‍ലാലിന്റെ 'ദേവദൂതന്‍' എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ തകര്‍ന്നു വീണിരുന്നു. സംവിധായകനായ സിബി മലയില്‍ സിനിമാ കരിയര്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക വരെ ചെയ്തു! കാലം കടന്നുപോയപ്പോള്‍ ദേവദൂതന്‍ ക്ലാസിക് ആയി മാറി. ഒരുപക്ഷേ വാലിബന്റെ വിധിയും അതുതന്നെയാവാം.

ഇപ്പോള്‍ എനിക്ക് ഒരു അതിമോഹമുണ്ട്. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിലെ ഭീമനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ അവതരിക്കണം! രണ്ടാമൂഴത്തില്‍ എം.ടി കര്‍ണ്ണന്റെ മരണം വിവരിക്കുന്നുണ്ട്. അര്‍ജ്ജുനന്റെ ബാണമേറ്റ് മരിച്ചുവീണ കര്‍ണ്ണന്‍ പഞ്ചപാണ്ഡവരുടെ ജ്യേഷ്ഠസഹോദരനായിരുന്നുവെന്ന് പില്‍ക്കാലത്ത് എല്ലാവര്‍ക്കും മനസ്സിലാകുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബലിയിടുന്ന സമയത്ത് ഒരു കൈക്കുടന്ന വെള്ളം കര്‍ണ്ണനും നല്‍കണമെന്ന് കുന്തി പാണ്ഡവരോട് പറയുന്നു.

ഭീമന്‍ ആ സമയത്ത് തല ഉയര്‍ത്തുന്നില്ല. അയാളുടെ മനസ്സ് വേദനയാല്‍ നീറുകയായിരുന്നു. ഭീമന്‍ ഉള്ളില്‍ പറയുന്നുണ്ട്- ''കര്‍ണ്ണന്‍ അര്‍ജ്ജുനനെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തു. അതിനുവേണ്ടി വേല്‍ കരുതിവെച്ചു. സത്യത്തില്‍ അതെല്ലാം എന്റെ നേര്‍ക്കാണ് വരേണ്ടിയിരുന്നത്. കര്‍ണ്ണനെ ഏറ്റവും കൂടുതല്‍ നാണംകെടുത്തിയിട്ടുള്ളത് ഞാനാണ്..''

അപ്രകാരം കര്‍ണ്ണനെ സ്മരിക്കുന്ന എം.ടിയുടെ ഭീമനെ എനിക്ക് കാണണം. ജ്യേഷ്ഠനെ കൊല്ലാന്‍ കൂട്ടുനിന്ന അനുജന്റെ വേദന. ആ രംഗം അവിസ്മരണീയമാക്കാന്‍ മോഹന്‍ലാലിന് സംഭാഷണങ്ങള്‍ വേണ്ടിവരില്ല. സ്വന്തം കണ്ണുകള്‍ മാത്രം മതിയാകും...! എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X