'വർഷങ്ങളായി നിങ്ങൾ ഇത് തന്നെയല്ലേ ചെയ്യുന്നത് എന്നിട്ടെന്തായി?'; പരിഹസിക്കുന്നവരോട് നയൻതാര പറയാൻ പോകുന്നത്!
സെലിബ്രിറ്റിയായതിന്റെ പേരിൽ സ്വകാര്യമായ സന്തോഷങ്ങൾ പോലും മറ്റുള്ളവരുടെ കുത്തുവാക്കുകളാൽ ശോഭയില്ലാത്തതായി മാറുന്നുണ്ട് താരങ്ങൾക്ക്. അതൊരു നടി കൂടിയാണെങ്കിൽ സദാചാരം തലയ്ക്ക് പിടിച്ചവർ അസഭ്യ വാക്കുകളിലൂടെ ആവശ്യത്തിലധികം പരിഹസിക്കും പുച്ഛിക്കും.
ഇതെല്ലാം കേട്ട് ക്ഷമ നശിച്ച് പ്രതികരിച്ചാലും ഒറ്റപ്പെടൽ മാത്രമാണ് ബാക്കിയാവുന്നത്. സെലിബ്രിറ്റികളുടെ ലൈഫിൽ കയറി ആരാധകനെന്ന പേരിൽ എന്ത് കൊള്ളരുതായ്മയും പറയാം അവർ പൊതു സ്വത്താണെന്ന ധാരണയും ചിലർക്കുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞുനിന്ന വാർത്തയായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ട കുട്ടികൾ പിറന്നുവെന്നത്. വാർത്തയും ചിത്രങ്ങളും വൈറലായതോടെ നടി നയൻതാരയെ അസഭ്യം പറഞ്ഞും പുച്ഛിച്ചുമുള്ള കമന്റുകളുടെ പ്രവാഹമായി.
അത്തരം നിലവാരമില്ലാത്ത കമന്റുകൾ പങ്കുവെച്ചവരിൽ പ്രബുദ്ധരായ മലയാളികളും നിരവധിയാണെന്നതാണ് മറ്റൊരു സത്യം. 'പതിവ്രതയായ സ്ത്രീ വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ പ്രസവിക്കില്ലല്ലോ? അപ്പോൾ നയൻതാരയ്ക്ക് എങ്ങനെ ഇരട്ടകുട്ടികൾ ജനിച്ചു?.'

'ഇതിലെന്തോ കുഴപ്പമുണ്ടല്ലോ?, നടിമാർക്ക് പിന്നെ അഞ്ചാം മാസത്തിലും നാലാം മാസത്തിലും പ്രസവിക്കാമല്ലോ?' തുടങ്ങി നിരവധി ദ്വയാർത്ഥമുള്ള കമന്റുകളാണ് സംവിധായകൻ വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്റുകൾ. വിക്കിയുടെ കമന്റ് ബോക്സ് വായിച്ചാൽ തന്നെ അറിയാം ശിലായുഗത്തിൽ നിന്ന് വണ്ടി കിട്ടാത്ത ഒരുപാട് പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന്.
രണ്ട് ആൺകുഞ്ഞുങ്ങൾക്കാണ് വിഘ്നേഷും നയൻതാരയും ജന്മം നൽകിയത്. ഇപ്പോഴിത നയൻതാരയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കുറിപ്പുകളാണ് വൈറലാകുന്നത്.

'ഇപ്പോഴത്തെ സംഭവവികാസങ്ങളോട് പ്രതികരിക്കാൻ നയൻതാര തയ്യാറാകുന്നുവെന്ന് കരുതുക. അവരോട് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുന്നു.... മാഡം... നിങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലുണ്ടാകുന്ന പരിഹാസങ്ങളും വിമർശനങ്ങളും ശ്രദ്ധിച്ചോ? കടുത്ത സൈബർ ആക്രമണമാണല്ലോ എങ്ങും?.'
'അതിനുള്ള നയൻതാരയുടെ മറുപടി ഇങ്ങനെയായിരിക്കും... അവരുടെ മുഖത്തൊരു ചിരി വിടർന്നേക്കാം.... ചമ്മലല്ല.... ആത്മവിശ്വാസവും അഭിമാനവും കരുത്തും പ്രതിഫലിക്കുന്ന പുഞ്ചിരി. ശേഷം ഉറപ്പുള്ള വാക്കുകളോടെ അവർ ഇങ്ങനെ പറഞ്ഞേക്കാം.... എത്രയോ വർഷമായി അവരൊക്കെ എന്നെ ഇങ്ങനെ തോൽപ്പിക്കാനും തളർത്താനും ശ്രമിക്കുന്നു. എന്നിട്ടെന്തായി?. ഞാൻ എന്റെ ജീവിതം ജീവിക്കുന്നു. അതിൽ സന്തോഷിക്കുന്നു.'

'ഇത്തരം പരിഹാസങ്ങളെ ഓർത്ത് കരയാനോ അതിനൊക്കെ പരാതി പറയാനോ ആയിരുന്നെങ്കിൽ എനിക്കതൊക്കെ എന്നേ ആകുമായിരുന്നല്ലോ... പറയുന്നവർ പറയട്ടേ...ഞാനതൊന്നും ശ്രദ്ധിക്കുന്നില്ല... ഇത്രയും പറഞ്ഞ് നിർത്തി. തലയുയർത്തിപ്പിടിച്ച് അവർ നടന്ന് നീങ്ങും... ജീവിതത്തിലെ പുത്തൻ നേട്ടങ്ങളിലേക്കും സന്തോഷങ്ങളിലേക്കും.... ഇനി കാര്യത്തിലേക്ക് വരാം... കഴിഞ്ഞ ഒന്നര ദശകത്തിനിടെ കടുത്ത സൈബർ ബുള്ളിയിങ്ങിന് വിധേയരായ തെന്നിന്ത്യൻ താരങ്ങളിൽ ഒന്നാം നിരയിലുണ്ട് നയൻതാര.'
'അവരുടെ പ്രണയങ്ങളും കരിയറും തുടങ്ങി ഒടുവിൽ വിവാഹം വരെ ഇത്തരത്തിൽ പരിഹസിക്കപ്പെടുന്നതും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്നതും നമ്മൾ കണ്ടു. അതിന്റെ തുടർച്ചയാണ് നയൻസിനും വിക്കിക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെയുണ്ടാകുന്ന പരിഹാസങ്ങൾ...'

'എന്തിനാണ് ഈ പരിഹാസവും വിമർശനവും...?. നിയമവിധേയമായ ഒന്നാണല്ലോ സറോഗസി. അപ്പോൾ അങ്ങനെയൊരു മാർഗം സ്വീകരിക്കുന്നതും അവരുടെ സ്വാതന്ത്യം.'
'അതല്ല വിവാഹത്തിന് മുമ്പെ ഗർഭിണിയായതാണെങ്കില്‍ അതിലും കുഴപ്പങ്ങളൊന്നുമില്ലല്ലോ... ആയതിനാൽ നിങ്ങളെന്തിന് രോധിക്കണം...? അവര്‍ അവരുടെ ജീവിതം ജീവിക്കട്ടേ... സന്തോഷിക്കട്ടേ...', എന്നായിരുന്നു വനിതയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്. അറ്റ്ലി സംവിധാനം ചെയ്ത ജവാനാണ് റിലീസിന് തയ്യാറെടുക്കുന്ന നയൻതാരയുടെ ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications