മാറുന്ന മൂല്യങ്ങളെ അംഗീകരിക്കുന്നവർക്കെ നിലനിൽപ്പുണ്ടാവൂ, കാലത്തിനൊപ്പം എത്താത്തവർ ഔട്ട്ഡേറ്റഡാകും; കുറിപ്പ്
കാലം മാറിയശേഷം ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്ന സിനിമയാണ് രാജസേനൻ സംവിധാനം ചെയ്ത് ജയറാമും അഭിരാമിയും നായകനും നായികയുമായി അഭിനയിച്ച ഞങ്ങൾ സന്തുഷ്ടരാണ് സിനിമ. സ്ത്രീവിരുദ്ധത നിറഞ്ഞ് നിൽക്കുന്ന സിനിമ എന്നാണ് ലഭിക്കുന്ന വിമർശനം. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമ ഇന്നാണെങ്കില്‍ ചെയ്യില്ലെന്നാണ് ഒരിക്കൽ അഭിരാമി പറഞ്ഞത്. നടിയുടെ അഭിമുഖം വൈറലായപ്പോൾ രാജസേനൻ പ്രതികരിച്ചിരുന്നു.
ആ സിനിമയിൽ തനിക്ക് സ്ത്രീവിരുദ്ധത കാണാൻ കഴിഞ്ഞില്ലെന്നും അഭിരാമിക്ക് സിനിമയിലെ നായികവേഷം കിട്ടിയത് തന്റെ ഇടപെടൽ കൊണ്ട് മാത്രമാണെന്നുമാണ് രാജസേനൻ പറഞ്ഞത്. ഇപ്പോഴിതാ രാജസേനന്റെ മാറാത്ത ചിന്താഗതിയെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ഒരു യൂസർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മാറുന്ന മൂല്യങ്ങളെ അഭിരാമിയെപ്പോലെ അംഗീകരിക്കുന്നവർക്കെ നിലനിൽപ്പുണ്ടാവൂവെന്നും കാലത്തിനൊപ്പം എത്താത്തവർ രാജസേനനെപ്പോലെ കരിയറിൽ ഔട്ട്ഡേറ്റഡാകുമെന്നും കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്... സംവിധായകൻ രാജസേനന്റെ ഒരു പഴയ ഇന്റർവ്യൂ ഫീഡിൽ വന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ സ്ത്രീവിരുദ്ധത എന്താണ് എന്ന് അതിന്റെ കഥാകാരൻ എന്ന നിലക്ക് തനിക്കിപ്പോഴും മനസിലാകുന്നില്ല എന്നാണ് രാജസേനൻ അതിൽ പറയുന്നത്.
ഒപ്പം അതിൽ നായികയായി വന്ന അഭിരാമിയുടെ രൂപം അന്നത്തെ നിർമ്മാതാവിന് ഇഷ്ടമായിട്ടില്ലെന്നും തന്റെ നിർബന്ധം കൊണ്ടാണ് അഭിരാമിയെ ആ സിനിമയിലേക്ക് നായികയായി കാസ്റ്റ് ചെയ്തതെന്നും അഭിരാമിയുടെ രൂപത്തിന്റെ ചില പരിമിതികളെ താൻ ലെൻസ് ഉപയോഗിച്ച് വിദഗ്ദമായി മറച്ചതാണ് എന്നുമൊക്കെ സംവിധായകൻ പറയുന്നുണ്ട്.
അതായത് ചിത്രത്തിന്റെ സ്ത്രീവിരുദ്ധതയെ പറ്റി ഏതോ ഒരു അഭിമുഖത്തിനകത്ത് വെച്ച് സംസാരിച്ച അഭിരാമി ഇന്നായിരുന്നെങ്കില്‍ അങ്ങനെ ഒരു സിനിമയില്‍ താൻ അഭിനയിക്കില്ലായിരുന്നു എന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാജസേനൻ തിരിച്ച് ഇത്രയൊക്കെ പറയുന്നത്. ഞാൻ ആലോചിക്കുന്നത് രാജസേനൻ പറഞ്ഞ ആ സ്റ്റേറ്റ്മെന്റിനെ കുറിച്ചാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ സ്ത്രീവിരുദ്ധത എന്താണ് എന്ന് അതിന്റെ കഥാകാരൻ എന്ന നിലക്ക് തനിക്കിപ്പോഴും മനസിലാകുന്നില്ല എന്ന ആ ഒരു സ്റ്റേറ്റ്മെന്റിനെ പറ്റി.
ഒരു സംവിധായകൻ എങ്ങനെയാണ് വിമർശനങ്ങളെ ഈ വിധേന തള്ളി കളയുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു. ഞാൻ എഴുതിയത് തന്നെയാണ് ശരി എന്നൊക്കെ അദ്ദേഹം വാദിച്ചാൽ ഒരു സംവിധായകൻ/കഥാകാരൻ എന്നുള്ള നിലക്ക് അദ്ദേഹത്തിന്റെ വളർച്ച എവിടാണെന്ന് കൂടി ചിന്തിക്കേണ്ടി വരും.

ഇത്തരത്തിൽ പുതിയ, മാറുന്ന കാഴ്ചപ്പാടുകളെ സ്വീകരിക്കാൻ പറ്റാത്ത ഒരു സംവിധായകന് എങ്ങനെ ഇൻഡസ്ട്രിയിൽ നിൽക്കാൻ പറ്റില്ല എന്നതിന്റെ കൃത്യമായ ഉത്തരം തന്നെയാണ് രാജസേനൻ. കാരണം പുതിയ തലമുറയുമായോ മാറുന്ന കാഴ്ചപ്പാടുകളുമായോ കണക്ട് ചെയ്യാൻ പറ്റാത്ത ഒരു സംവിധായകന് ഒരിക്കലുമൊരു ഇൻഡസ്ട്രിയുടെ ഭാഗമായി വിജയങ്ങൾ ഉണ്ടാക്കാൻ പറ്റില്ല. ഇപ്പോഴത്തെ രാജസേനന്റെ അവസ്ഥ പോലെ തന്നെ.
പക്ഷെ അഭിരാമിയെ കണ്ടില്ലേയ... അവർക്ക് മാറുന്ന കാലത്തെ അറിയാം. പുതുക്കപ്പെടേണ്ട കാര്യങ്ങളെ കുറിച്ചറിയാം. അതുകൊണ്ട് തന്നെയാണ് അവർക്ക് ആ സിനിമയുടെ ക്രാഫ്റ്റിന് മേലുള്ള തന്റെ വിയോജിപ്പ് ധൈര്യസമേതം തുറന്ന് പറയാൻ പറ്റുന്നതും ഇന്നും ഇവിടെ നിലനിൽക്കാൻ പറ്റുന്നതും. എന്നുവെച്ചാൽ മാറുന്ന മൂല്യങ്ങളെ അംഗീകരിക്കുന്നവർക്കെ നിലനിൽപ്പുണ്ടാകൂ. അഭിരാമിയെ പോലെ.
അല്ലാത്തവർ കാലത്തിനൊപ്പം എത്താതെ കരിയറിൽ ഔട്ട്ഡേറ്റഡ് ആവുകയെ ഉള്ളൂ എന്നുമായിരുന്നു കുറിപ്പ്. ഭര്‍ത്താവിന്റെ അമിതമായ പെങ്ങമ്മാര്‍ സ്‌നേഹം കാരണം സ്വകാര്യത നഷ്ടപ്പെടുന്ന ഒരു ഭാര്യയും ആ ഭാര്യയെ നല്ലവളാക്കാന്‍ ശ്രമിക്കുന്ന നായകനെയും സംഘത്തെയുമാണ് ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ കാണിക്കുന്നത്.


Click it and Unblock the Notifications