'പട്ടി ഷോയെന്നാണ് പലരും പറയാറുള്ളത്, കണ്ടന്റിന് ചിലവാക്കിയ പൈസയുണ്ടെങ്കിൽ 3 മിനി കൂപ്പർ വാങ്ങിക്കാം'; നിക്ക്
ഇത്തരം പ്രോജക്ടുകൾ ചെയ്യുമ്പോഴാണ് എനിക്ക് ത്രില്ല് കിട്ടുന്നത്. മാത്രമല്ല ഓരോ വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും കൈ വിറച്ച് പ്രാർഥിച്ചൊക്കെയാണ് ഞാൻ ചെയ്യുന്നത്
വെള്ളം കുടിക്കാൻ ഒരു പത്ത് രൂപ ചോദിച്ച് ആരെങ്കിലും വന്നാൽ പോലും കൊടുക്കാൻ മടിയുള്ളവരാണ് നമ്മളിൽ മിക്കവരും. ലാഭേച്ഛയില്ലാതെ എന്തെങ്കിലും സ്നേഹത്തോടെ ചെയ്യണമെങ്കിൽ അതിനൊരു വിശാല മനസ് അത്യാവശ്യമാണ്.
അത്തരത്തിൽ അർഹരായവരെ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട യുട്യൂബറാണ് നിക്ക് വ്ലോഗ്സ്. അടുത്തിടെ നിർധനനായ ചായക്കടക്കാരനായ എഴുപതുകാരന് കിടിലൻ ഒരു ചായക്കട നിർമിച്ച് നൽകിയാണ് നിക്ക് വ്ലോഗ്സ് വൈറലായത്. അതും ഒരു സിനിമാറ്റിക്ക് സർപ്രൈസ് പോലെയായിരുന്നു നിക്ക് വ്ലോഗ്സ് എല്ലാം ഒരുക്കിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വീഡിയോ തന്നെയാണ് യുട്യൂബിൽ ട്രെന്റിങിൽ ഒന്നാമത് ഉണ്ടായിരുന്നതും. കുറച്ച് മാസം മുമ്പ് ഓട്ടോക്കാർക്ക് ഫ്രീയായി പെട്രോൾ വിതരണം ചെയ്തപ്പോഴും നിക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിത ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ നിക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
'നിക്കി സ്റ്റാൻലി ലോബോ എന്നാണ് യഥാർഥ പേര്. അമ്പതിനായിരം സബ്സ്ക്രൈബേഴ്സ് ആയപ്പോൾ മുതൽ ഇത്തരം വലിയ പ്രോജക്ടുകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഫണ്ടില്ലായിരുന്നു. ആദ്യമൊക്കെ വർക്ക് ചെയ്ത് കിട്ടിയ പണം വെച്ചാണ് ചെയ്തത്.'
'ഇത്തരം പ്രോജക്ടുകൾ ചെയ്യുമ്പോഴാണ് എനിക്ക് ത്രില്ല് കിട്ടുന്നത്. മാത്രമല്ല ഓരോ വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും കൈ വിറച്ച് പ്രാർഥിച്ചൊക്കെയാണ് ഞാൻ ചെയ്യുന്നത്. പിന്നെ കമന്റ് വരുന്നത് കാണുമ്പോഴാണ് എനിക്ക് സമാധാനമാകുന്നത്. ആദ്യമൊക്കെ ഫണ്ടുണ്ടായിരുന്നു. പിന്നെ ഫണ്ടില്ലാതെയായി. അപ്പോൾ ഞാൻ ഭ്രാന്ത് പിടിച്ച് നടന്നു. എന്തൊക്കയോ പേക്കോലം കാണിക്കാൻ തുടങ്ങി. വ്ലോഗ് ചെയ്യാൻ തുടങ്ങി.'
'അങ്ങനെ കിട്ടുന്ന കാശ് വെച്ച് ഒരു വീഡിയോ ഇത്തരത്തിൽ ചെയ്യാൻ തുടങ്ങി. മമ്മിയുടേയും ഡാഡിയുടേയും ആഗ്രഹഹങ്ങളും ഇതിനിടയിൽ നടത്തി കൊടുക്കാറുണ്ട്. നിങ്ങൾ കാണുന്നത് അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ് വീഡിയോയാണെങ്കിൽ കൂടിയും അതിന് പിന്നിൽ രണ്ടാഴ്ചയോളം നീണ്ട കഷ്ടപ്പാടുണ്ട്. പിന്നെ എനിക്കൊരു ടീമുണ്ട്.'
'അർഹരായ ആളുകളെ കണ്ടെത്തുന്നതിന് ഒരു ഇൻവസ്റ്റിഗേഷൻ ടീമുണ്ട്. എന്റെ ക്രൂമെമ്പേഴ്സ് പൈസക്ക് വേണ്ടി വർക്ക് ചെയ്തിട്ടില്ല. നല്ല മനസോടെ വരുന്നതാണ്. കണ്ടന്റിന് വേണ്ടി മാത്രം ചെയ്യുന്നതല്ല അർഹനായ ആളാണെന്ന് നൂറ് ശതമാനം ഉറപ്പ് വരുത്തും. അവസാനം ഞാൻ ചെയ്ത വീഡിയോയിലെ ശിവരാമേട്ടൻ അർഹതയുള്ളതാണ്.'
'അദ്ദേഹം സഞ്ചരിച്ച ഫ്ലൈറ്റിൽ ഒരു ഡോക്ടറെ വരെ ഞാൻ സെറ്റ് ചെയ്തിരുന്നു. ഞാൻ ഇങ്ങനെ സഹായിച്ചവരുടെ പിന്നീടുള്ള ഫീഡ് ബാക്ക് എനിക്ക് എന്റെ സബ്സ്ക്രൈബേഴ്സ് തന്നെ എനിക്ക് അയച്ച് തരും. പിന്നെ ഞാനും പോയി നോക്കും. കണ്ടന്റ് ലാഗ് ആകാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.'

'കൊരങ്ങമ്മാർക്ക് ആപ്പിള് കൊടുത്തതിന്റെ പേരിൽ കേസായിട്ടുണ്ട്. ഒരു കാര്യം ആഗ്രഹിച്ചാൽ അതിന് വേണ്ടി ഞാൻ കഠിനമായി പരിശ്രമിക്കും. എത്ര കാശ് കിട്ടിയാലും എന്റെ കണ്ണ് മഞ്ഞളിക്കരുതെന്ന് എനിക്കുണ്ട്.'
'ഓട്ടോറിക്ഷക്കാർക്ക് പെട്രോൾ വിതരണം ചെയ്തപ്പോഴാണ് നിക്ക് വ്ലോഗ്സ് ആളുകൾ അറിഞ്ഞ് തുടങ്ങിയത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനല്ല അന്ന് ആ ഒരു മനുഷ്യന് ജോണി വാക്കർ മേടിച്ച് കൊടുത്തത്. ഞാൻ ചെയ്ത് കൊടുത്തതിൽ ചിലർ ഡിസർവിങ് ആയിരുന്നില്ല. അത് പിന്നീട് മനസിലായിട്ടുണ്ട്.'
'തുടക്കത്തിൽ ഞാൻ ഇങ്ങനെയായിരുന്നില്ല. പൈസയുടെ പുറകെ ഞാൻ ഒരുപാട് ഓടിയിട്ടുണ്ട്. ഒരു പോയിന്റിലെത്തിയപ്പോൾ ആ ചിന്ത മാറിയത്. ഒട്ടുമിക്ക എല്ലാ വ്ലോഗിലും ഞാൻ കരയാറുണ്ട്. പക്ഷെ അത് പരമാവധി വീഡിയോയിൽ നിന്നും ഒഴിവാക്കും. എന്റെ വീട്ടിലേക്ക് ചികിത്സ പോലുള്ളവയ്ക്ക് സഹായം ചോദിച്ച് വരാറുണ്ട്.'
'പറ്റുന്നത് പോലെ ചെയ്യാറുണ്ട്. ചില കണ്ടന്റ് ചെയ്യുമ്പോൾ ഒട്ടും പ്രോത്സാഹനം കിട്ടാറില്ല. പട്ടി ഷോ എന്നൊക്കയാണ് പലരും പറയാറുള്ളത്. ഞാൻ കണ്ടന്റിന് ചിലവാക്കിയ പൈസയുണ്ടെങ്കിൽ മൂന്ന് മിനി കൂപ്പർ വാങ്ങിക്കാമായിരുന്നു' നിക്ക് വ്ലോഗ്സ് പറഞ്ഞു.


Click it and Unblock the Notifications