പ്രണവും കല്യാണിയുമാണേല്‍ നന്നായേനെ! വിനീതിന്‍റെ മനസ്സിലും അതായിരുന്നു! 'ഹൃദയ'ത്തെക്കുറിച്ച് വിശാഖ്!
ഹൃദയമെന്ന സിനിമയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് വിശാഖ് സുബ്രഹ്മണ്യം. കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലെ വിശേഷങ്ങളെല്ലാം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലേക്കായി വിനീതിനെ ക്ഷണിച്ചതും പ്രണവിനേയും കല്യാണിയേയും നായികാനായകന്‍മാരാക്കിയതിനെക്കുറിച്ചുമൊക്കെ വിശാഖ് പറഞ്ഞിരുന്നു.
പ്രണവിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വിനീത് പറഞ്ഞിരുന്നു. രണ്ടാള്‍ക്കും ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിലേ ഈ ചിത്രം സാധ്യമാവൂയെന്നും വിനീത് പറഞ്ഞിരുന്നുവെന്നും വിശാഖ് പറയുന്നു. ഞാൻ ആണെങ്കിൽ ആകെ ആവേശത്തിലായി. കൂട്ടുക്കാർ തമ്മിൽ ഡേറ്റ് കൊടുക്കുക എന്നതാണ് ഏറ്റവും ക്ലേശകരം. അരവിന്ദന്റെ അതിഥികൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയത്ത് ഞാൻ വിനീതിനെ കാണുവാൻ പോയി. അജു വർഗീസും അവിടെ ഉണ്ടായിരുന്നു.
പ്രണവിന്റെ പടത്തിന്റെ കാര്യം ഒന്നുകൂടെ ഓർമിപ്പിക്കുവാൻ നിൽക്കുകയാണ് ഞാനെന്ന് വിനീതിനോട് പറഞ്ഞു. ഹാ എടാ നമുക്ക് ചെയ്യാം എന്ന് വിനീത് പറഞ്ഞത് ഞാൻ കേട്ടില്ല. എനിക്ക് എപ്പോഴെങ്കിലും ചെയ്‌തു തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഞെട്ടിപ്പോയ അജുവാണ് എന്നെ തട്ടിയിട്ട് അവൻ ചെയ്യാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പറയുന്നത്.

അതിന്റെ തലേ ദിവസം അജുവിന്റെ അടുത്ത് എനിക്ക് മെറിലാൻഡ് ഒന്ന് തിരിച്ചുകൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. അജുവും, ധ്യാനും,വിനീതുമാണ് മെറിലാൻഡ് തിരികെ കൊണ്ടുവരണമെന്ന് എന്നോട് എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. വിനീതിന്റെ പടമാണ് എനിക്കാഗ്രഹമെന്നും അപ്പുവായിരുന്നെങ്കിൽ കൊള്ളാമായിരുന്നെന്നും ഞാൻ പറഞ്ഞുവെന്നും വിശാഖ് പറയുന്നു.
ലാൽചേട്ടന്റെ മകനും ശ്രീനിയങ്കിളിന്റെ മകനും വരുമ്പോൾ നായികയായി പ്രിയനങ്കിളിന്റെ മകൾ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു എന്ന് ഞാൻ വെറുതെ പറഞ്ഞതാണ്. പക്ഷേ വിനീതിന്റെ മനസ്സിലും ഇതേ കോമ്പിനേഷനാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഞാനൊരു ഡ്രീം പ്രൊജക്റ്റായി ചിന്തിച്ചതും വിനീതിന്റെ മനസ്സിൽ ഉള്ളതുമെല്ലാം ഒരേ കാര്യങ്ങളായിരുന്നുവെന്നും വിശാഖ് പറയുന്നു. അതറിഞ്ഞതോടെ സന്തോഷം ഇരട്ടിക്കുകയായിരുന്നു.


Click it and Unblock the Notifications











