സിൽക് സ്മിതയെ അടക്കിയ സ്ഥലം കാണാൻ പോയി; അപ്പോഴാണ് സത്യം അറിഞ്ഞത്; അവരുടെ അമ്മ വന്നിരുന്നു; വിഷ്ണു പ്രിയ
സിനിമാ ലോകത്ത് ഇന്നും ചർച്ചയാകുന്ന താരമാണ് സിൽക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളിൽ ആഘോഷിക്കപ്പെട്ടെങ്കിലും സിൽക് സ്മിതയ്ക്ക് പൊതുസമൂഹത്തിൽ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സിൽക് സ്മിത മുന്നോട്ട് നീങ്ങി. പക്ഷേ ജീവിതത്തിൽ നടിക്ക് അടിപതറി തുടങ്ങി. സാമ്പത്തിക നഷ്ടങ്ങളും വ്യക്തി ബന്ധങ്ങളിൽ വഞ്ചിക്കപ്പെടുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു സിൽക് സ്മിത.
സിൽക് സ്മിതയുമായുള്ള രൂപ സാദൃശ്യം മൂലം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട പെൺകുട്ടിയാണ് വിഷ്ണു പ്രിയ. സിനിമാ ലോകത്ത് വരെ ചർച്ചയായ വിഷ്ണു പ്രിയ ഇന്ന് സിൽക് സ്മിതയായി സിനിമയിൽ അഭിനയിക്കുകയും ചെയ്തു. മാർക്ക് ആന്റണി എന്ന സിനിമയിലാണ് സിൽക് സ്മിതയായി വിഷ്ണു പ്രിയ എത്തിയത്. ഒറ്റ നോട്ടത്തിൽ സിൽക് സ്മിതയാണെന്നേ വിഷ്ണു പ്രിയയെ കണ്ടാൽ തോന്നൂ. ആരെയും അമ്പരപ്പിക്കുന്നതാണ് ഈ രൂപ സാദൃശ്യം.

സിൽക് സ്മിതയെ അടക്കിയ സ്ഥലം തിരഞ്ഞ് നടന്നതിനെക്കുറിച്ച് വിഷ്ണു പ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വപ്നത്തിൽ അവരെ കണ്ട ശേഷം അവരുടെ ശവകുടീരം കാണണമെന്ന് തോന്നി. ചെന്നെെയിൽ വന്നപ്പോൾ അവിടെ പോകാമെന്ന് കരുതി. ഗൂഗിളിൽ തിരഞ്ഞു, യൂട്യൂബ് വീഡിയോകൾ കണ്ടു, പക്ഷെ അവരെ അടക്കിയത് എവിടെയാണെന്ന് അറിയാൻ കഴിഞ്ഞില്ല. എവിഎം സ്റ്റുഡിയോയുടെ പിൻഭാഗത്താണ് അടക്കിയതെന്ന് ചിലർ പറഞ്ഞു. ചുടുകാട്ടിൽ പോയി തിരഞ്ഞു.
സിൽക് സ്മിതയുടെ സമാധി എവിടെയാണെന്ന് അവിടെയുള്ള ആളോട് ചോദിച്ചു. ഇതൊരു ആക്ടറെ അടക്കിയ ഇടമാണെന്ന് പറഞ്ഞ് ഒരിടം കാണിച്ചു. ഇത്രയും വലിയ നടിയെ ഇവിടെയാണോ അടക്കിയതെന്ന് തോന്നിപ്പോയി. അപ്പോൾ മറ്റൊരാൾ വന്നു. ഇവിടെയല്ല അവരെ അടക്കിയത്. സിൽക് സ്മിതയെ ദഹിപ്പിച്ചതാണ്. ചിതാഭസ്മം അവരുടെ അമ്മ നാട്ടിലേക്ക് കൊണ്ട് പോയെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും വിഷ്ണു പ്രിയ വ്യക്തമാക്കി.

സിൽക് സ്മിതയുടെ മരണത്തിന് ശേഷം നടിയുടെ ബന്ധുക്കളെക്കുറിച്ച് ഒരു വിവരവും ഇല്ല. ആന്ധ്രപ്രദേശിലെ ഏലൂരിലാണ് സിൽക് സ്മിത ജനിച്ചത്. ചെറിയ പ്രായത്തിലേ സ്മിതയെ കുടുംബം വിവാഹം ചെയ്ത് അയച്ചു. എന്നാൽ ഭർത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം കാരണം നടി വീട് വിട്ട് പോകുകയായിരുന്നു. ടച്ച് അപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്ത സിൽക് സ്മിത സിനിമാ താരമായ ശേഷം തന്റെ കുടുംബത്തെക്കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.
നടിയുടെ ആത്മഹത്യയുടെ കാരണം സംബന്ധിച്ചുള്ള ദുരൂഹത ഇന്നും നിലനിൽക്കുന്നു. മരിക്കുന്നതിന് മുമ്പ് സുഹൃത്തായ നടി അനുരാധയെ സ്മിത വിളിച്ചിരുന്നു. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചതെങ്കിലും അനുരാധയ്ക്ക് രാത്രി സിൽക് സ്മിതയുടെ വീട്ടിലേക്ക് പോകാൻ പറ്റിയില്ല.
രാവിലെ വരാമെന്ന് പറഞ്ഞു. എന്നാൽ രാവിലെ കേൾക്കുന്നത് സിൽക് സ്മിതയുടെ മരണ വാർത്തയാണ്. എന്താണ് താരത്തെ അലട്ടിയിരുന്ന വിഷയമെന്ന് ആർക്കും അറിയില്ല. സിനിമാ ലോകത്തെ സംബന്ധിച്ച് സിൽക് സ്മിതയുടെ ജീവിതവും മരണവും ചുരുളഴിയാത്ത രഹസ്യം പോലെ നിലനിൽക്കുകയാണ്.


Click it and Unblock the Notifications











