'അതിലെ കോമഡികൾ കേട്ട് ദുൽഖർ അത്രത്തോളം ചിരിച്ചില്ല, തന്റെ സജഷൻസ് ആരും എടുക്കാറില്ലെന്ന് ദുൽഖർ പറഞ്ഞു'
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്നെല്ലാം മാറി കോടിക്കണക്കിന് ആരാധകരുള്ള പാൻ ഇന്ത്യൻ താരമായി മാറി കഴിഞ്ഞു മലയാളത്തിന്റെ കുഞ്ഞിക്കയായ നടൻ ദുൽഖർ സൽമാൻ എന്ന ഡിക്യു. പാൻ ഇന്ത്യൻ ലെവലിൽ ഇന്ന് ദുൽഖറിനോളം സ്റ്റാർ വാല്യുവുള്ള മറ്റൊരു മലയാള നടനില്ല. അത്രത്തോളം ആരാധകരെയാണ് സീതാരാമത്തിന്റെയും കൽക്കിയുടെയും വിജയത്തിനുശേഷം ദുൽഖറിന് ലഭിച്ചത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഡിക്യുവിന് ബോളിവുഡിലും തെലുങ്കിലുമെല്ലാമായി ബിസി ഷെഡ്യൂളാണ്.
താരത്തിന്റെ ഒരു മലയാള സിനിമ വരുന്നതിന് വേണ്ടിയാണ് കേരളക്കര കാത്തിരിക്കുന്നതും. തന്റെ ഇതുവരെയുള്ള കരിയറിൽ വളരെ വിരളമായി മാത്രമാണ് നാടൻ കഥാപാത്രങ്ങൾ ദുൽഖർ അവതരിപ്പിച്ചിട്ടുള്ളു. അതിൽ ഒന്നാണ് ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലെ ലല്ലു. നിഖില വിമൽ നായികയായ സിനിമ സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടിയത്.

2019ൽ പുറത്തിറങ്ങിയ സിനിമയുടെ കഥ എഴുതിയത് നടന്മാരായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും ചേർന്നാണ്. അന്യ ഭാഷക്കാർ കൊത്തിക്കൊണ്ടുപോയ ദുൽഖർ സൽമാൻ ഒരിടവേളക്ക് ശേഷം ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തിയതും. വലിയ അവകാശ വാദങ്ങൾ ഉന്നയിക്കാതെ വന്ന സിനിമയിലെ കോമഡി സീനുകൾ ഇപ്പോഴും ഇൻസ്റ്റ റീലിലൂടെയും മറ്റും പ്രേക്ഷകർ ആഘോഷിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ സിനിമയുടെ കഥ പറയാൻ ദുൽഖറിനെ സമീപിച്ചപ്പോഴുള്ള അനുഭവം വിഷ്ണു ഉണ്ണി കൃഷ്ണൻ മീഡിയ വണ്ണിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നായിക മരിക്കുമെന്ന ട്വിറ്റ് പറഞ്ഞപ്പോൾ ദുൽഖർ അപ്രതീക്ഷിതമായി ചിരിക്കുകയാണുണ്ടായതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. ഒരു യമണ്ടൻ പ്രേമകഥയുടെ സ്ക്രിപ്റ്റ് ദുൽഖറിനോട് പറയാൻ പോയപ്പോൾ ആദ്യം ടെൻഷനായിരുന്നു.
പറഞ്ഞ് തുടങ്ങിയപ്പോൾ പുള്ളി ഇങ്ങനെ കേട്ടിരിക്കുന്നത് മാത്രമെ ഉണ്ടായുള്ളു. അത് കാണുമ്പോൾ ടെൻഷനായിരുന്നു. സ്ക്രിപ്റ്റിൽ ഞങ്ങൾക്ക് ഏറ്റവും പേടിയുണ്ടായിരുന്നത് ഹീറോയിന്റെ കഥാപാത്രം മരിച്ചുപോയി എന്നതായിരുന്നു. നായകൻ ഇത്രയേറെ അന്വേഷിച്ച് നടന്നിട്ടും അവസാനം കാണുമ്പോൾ മരിച്ചുവെന്നതാണല്ലോ കഥ അത് ദുൽഖർ എങ്ങനെ എടുക്കുമെന്നത് അറിയില്ലല്ലോ. മാത്രമല്ല നറേഷൻ സമയത്ത് തമാശ സീനുകൾ കേട്ട് പുള്ളി അത്രത്തോളം ചിരിച്ചതുമില്ല. പക്ഷെ നായിക മരിക്കുമെന്നത് പറഞ്ഞപ്പോൾ പുള്ളി ഒരു ചിരി ചിരിച്ചു.
നമ്മൾ അത്ര സീരിയസായി പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു പുള്ളിയുടെ ചിരി. അത് കേട്ടപ്പോൾ പണി പാളിയോയെന്ന് തോന്നലാണ് ആദ്യം വന്നത്. കൂടാതെ നായിക മരിക്കുമെന്ന ട്വിസ്റ്റ് എക്സ്പെക്ട് ചെയ്തില്ലെന്നും പുള്ളി പറഞ്ഞു.

അത് കേട്ടപ്പോൾ നമുക്ക് സന്തോഷമായി. പുള്ളിക്കാരന് ഇഷ്ടമാവുകയാണ് ചെയ്തത്. അതുപോലെ സിനിമ ഷൂട്ട് ചെയ്യും മുമ്പ് ദുൽഖർ പറഞ്ഞത് അടക്കമുള്ള ചില കറക്ഷൻസ് ചെയ്തിട്ടാണ് ഷൂട്ട് തുടങ്ങിയത്. അത് പിന്നീട് ദുൽഖർ പറയുകയും ചെയ്തു. ഞാൻ സജഷൻസ് പറയുമ്പോൾ പൊതുവെ ആരും അത് സ്വീകരിച്ച് ചെയ്യാറില്ല.
നിങ്ങൾ അത് മനസിലാക്കി ചെയ്തതിൽ സന്തോഷമെന്നാണ് പുള്ളി പറഞ്ഞത്. ഒരു യമണ്ടൻ പ്രേമകഥയിൽ ഞങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ ആ സ്ലാങൊക്കെ പിടിച്ച് ദുൽഖർ നന്നായി പെർഫോം ചെയ്തു. നമ്മൾ ആഗ്രഹിച്ചതുപോലെ ഫ്ലക്സിബിളായി ഡിക്യു താഴത്തേക്ക് ഇറങ്ങി വന്നുവെന്നത് ഞങ്ങൾക്ക് വലിയ അത്ഭുതമായിരുന്നു. ഞങ്ങൾക്കൊപ്പം അദ്ദേഹം വന്ന ഇന്റർവ്യൂസിലും വളരെ കാഷ്യലായാണ് സംസാരിച്ചതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
ലക്കി ബാസ്ക്കറാണ് ദുൽഖർ സൽമാന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. അതേസമയം ഇടിയൻ ചന്തുവാണ് വിഷ്ണുവിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ നിർമാതാവ് കൂടിയാണ് വിഷ്ണു.


Click it and Unblock the Notifications











