'സ്ലീവ് ലെസ് പോലും ഞാൻ ഇട്ടിട്ടില്ല, ഷോട്ട് റെഡിയെന്ന് പറയുമ്പോൾ മാത്രമാണ് ടവ്വൽ മാറ്റുക'; സ്വാസിക വിജയ്!
2022ൽ കണ്ട സിനിമകളിൽ ഒരു നടിയുടെ ഏറ്റവും മികച്ച പെർഫോമൻസായി പലരും പറഞ്ഞിട്ടുള്ളതിൽ ഒന്ന് ചതുരം സിനിമയിൽ സ്വാസിക അവതരിപ്പിച്ച സെലെനയാണ്. ചതുരം കണ്ടിറങ്ങിയവർ ഒന്നടങ്കം സ്വാസികയെ ചൂണ്ടിക്കാട്ടി മലയാള സിനിമാ പ്രവർത്തകരോട് ചോദിച്ചത് ഇവരെയാണോ ചെറിയ സഹനടി റോളുകളിൽ മാത്രം ഒതുക്കി നിർത്തുന്നത് എന്നാണ്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ഇറോട്ടിക്ക് പടമാണെന്ന് അറിഞ്ഞിട്ടും ആളുകൾ തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ചതുരം.
ഇത്ര വലിയൊരു ഗ്ലാമറസ് റോൾ ചെയ്തിട്ടും സ്വാസികയ്ക്ക് നെഗറ്റീവ് കിട്ടിയില്ലെന്നതാണ് മറ്റൊരു പ്ലസ്. ആരും ചെയ്യാൻ ഒന്ന് അറയ്ക്കുന്ന കഥാപാത്രം വളരെ മനോഹരമായി സ്വാസിക അവതരിപ്പിച്ചു. സ്വാസിക ചതുരത്തിൽ അഭിനയിച്ച ശേഷമാണ് ഒരു നായിക എന്ന രീതിയിൽ അറിയപ്പെട്ട് തുടങ്ങിയത്.

അതിനുമുമ്പ് സ്വാസിക ജന മനസിൽ ഇടം നേടിയത് സീരിയലുകളിലൂടെയായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ സെലെനയായി അഭിനയിക്കാൻ ഗ്ലാമർ വേഷം ധരിച്ചപ്പോഴുള്ള ബുദ്ധിമുട്ടുകൾ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക. സ്ലീവ് ലെസ് വസ്ത്രങ്ങൾ പോലും ഇട്ടിട്ടില്ലാത്ത താനാണ് സെലെനയ്ക്കായി ഗ്ലാമർ വേഷങ്ങൾ ധരിച്ചതെന്നാണ് സ്വാസിക പറയുന്നത്.
'ചതുരത്തിൽ എന്റെ കവിളുകൾ ബ്ലഷ് ഇട്ടതുപോലെ റോസ് നിറത്തിലായിരുന്നു ഉണ്ടായിരുന്നത്. അത് മേക്കപ്പായിരുന്നില്ല. ചതുരം ഷൂട്ട് ചെയ്യുന്ന സമയത്ത് മുഖത്തെ കുരുക്കൾ പോകാൻ ഒരു ട്രീറ്റ്മെന്റ് ഞാൻ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ആഫ്റ്റർ എഫക്ടായിരുന്നു കവിളുകളിലെ റോസ് നിറം.'
'അത് കണ്ടപ്പോൾ ക്യാരക്ടറിന് ആവശ്യമാണെന്ന് സംവിധായകൻ സിദ്ധാർത്ഥും പറഞ്ഞു. ഫൗണ്ടേഷൻ ഇട്ട് മറക്കരുതെന്നും നിർദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ടച്ചപ്പും കവിളിൽ ചെയ്തിരുന്നില്ല. പിന്നെ ചില സീനുകളിൽ അവർ അതിന് ചെറിയ ഗ്രേഡിങ് എഡിറ്റിങ് സമയത്ത് കൊടുത്തിരുന്നുവെന്ന് മാത്രം. ചതുരം ചെയ്യും മുമ്പ് ഞാൻ ഗ്ലാമറസ് വേഷങ്ങൾ ധരിക്കുകയോ അത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തുകയോ ചെയ്തിട്ടില്ല. സ്ലീവ് ലെസ് പോലും ധരിച്ചിട്ടില്ലായിരുന്നു.'
'അതുകൊണ്ട് തന്നെ സെലെനയായി ഡ്രസ് ചെയ്ത് സെറ്റിലേക്ക് വരുമ്പോൾ ടവ്വൽ കൊണ്ട് മറച്ചാണ് ഞാൻ വന്നിരുന്നത്. ഷോട്ട് റെഡിയെന്ന് പറയുമ്പോൾ മാത്രം ടവ്വൽ മാറ്റും. കഴിയുമ്പോൾ ഉടൻ അതെടുത്ത് വീണ്ടും ചുറ്റും. പിന്നെ സെറ്റിലെ ക്രൂ എന്റെ ബുദ്ധിമുട്ട് മനസിലാക്കി വളരെ സപ്പോർട്ടീവായിരുന്നു.'

'ആരും നെഗറ്റീവ് പറയുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പല താരങ്ങളും അവർക്ക് അത്തരം അനുഭവം ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ചതുരം സെറ്റിൽ അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ചതുരം ഒടിടി റിലീസായ ശേഷം അന്യഭാഷ സിനിമകളിൽ നിന്നും അവസരം വരുന്നുണ്ട്. ചതുരത്തിന് ശേഷം തെലുങ്കിലും തമിഴിലും ഞാൻ സിനിമകൾ ചെയ്തു.'
'അത്തരം അവസരങ്ങൾ എനിക്ക് വന്നത് ചതുരം കാരണം മാത്രമാണ്', എന്നാണ് സ്വാസിക പറഞ്ഞത്. തന്റെ പുതിയ സിനിമ വിവേകാനന്ദൻ വൈറലാണിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം സ്വാസിക പങ്കിട്ടത്.


Click it and Unblock the Notifications