'കുഞ്ഞ് പിന്നീട് മതിയെന്ന് തീരുമാനിച്ചു; പിന്നീട് ഗർഭിണിയാകാൻ ശ്രമിച്ചെങ്കിലും നടന്നില്ല; കരച്ചിലായിരുന്നു'
തമിഴ് ടെലിവിഷൻ ഷോകളിലൂടെ സുപരിചിതയായ മാറിയ അവതാരകയാണ് ദിയ മേനോൻ. സൺ മ്യൂസിക്കിലെ വിജെയായിരുന്ന ദിയ 2016 ലാണ് വിവാഹിതയാകുന്നത്. സിംഗപ്പൂരിലെ ക്രിക്കറ്റർ കാർത്തിക്കിനെയാണ് ദിയ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2022 ലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. വിവാഹത്തെക്കുറിച്ചും മകളുടെ ജനനത്തെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് ദിയ മേനോനും ഭർത്താവ് കാർത്തിക്കും. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
23 വയസിലാണ് വിവാഹിതയാകുന്നത്. പെട്ടെന്ന് ഒരു കുഞ്ഞിന് ജന്മം നൽകാൻ ഞാൻ തയ്യാറായിരുന്നില്ല. കല്യാണത്തിന് തയ്യാറായത് കാർത്തിക് ആയതിനാലാണ്. കുഞ്ഞ് കുറച്ച് കഴിഞ്ഞ് മതിയെന്ന് കാർത്തിക്കും പറഞ്ഞു. രണ്ട് മൂന്ന് വർഷം നീട്ടി. ഞങ്ങൾ വിചാരിക്കുമ്പോൾ തന്നെ കുഞ്ഞ് വരുമെന്നാണ് കരുതിയത്. അവിടെ ഒരു ട്വിസ്റ്റ് വന്നു. സ്വിറ്റ്സർസർലന്റിലേക്ക് ഞങ്ങൾ പോയി. ഗർഭിണിയാകാൻ ശ്രമിച്ചപ്പോൾ നിരാശയാണുണ്ടായത്. വർഷങ്ങളോളം ശ്രമിച്ചിട്ടും സാധ്യമായില്ല.

എനിക്ക് ടെൻഷനായി. ടെൻഷനായത് കൊണ്ടാണ് അത് സംഭവിക്കാഞ്ഞതെന്ന് തോന്നുന്നു. മനസെല്ലാം ഉടഞ്ഞ്, ഇനി നടക്കുന്നത് പോലെ നടക്കട്ടെ എന്ന് വിചാരിച്ചപ്പോഴാണ് ഗർഭിണിയായത്. നീ പ്രെഗ്നൻസി ടെസ്റ്റ് ചെയ്യരുതെന്ന് വീട്ടുകാരും കാർത്തിക്കും പറഞ്ഞിരുന്നു. കാരണം ടെസ്റ്റ് ചെയ്താൽ ആ ദിവസം മുഴുവനിരുന്ന് കരയും. നമുക്ക് കാത്തിരിക്കാം, ടെസ്റ്റ് ചെയ്യേണ്ടെന്ന് കാർത്തിക്ക് പറഞ്ഞു. അങ്ങനെ ആ മാസം ടെസ്റ്റ് ചെയ്യാതെ നീട്ടി വെച്ച് കൊണ്ടിരുന്നു.
ഒരു ദിവസം രാത്രി രണ്ട് മണിക്ക് ചെക് ചെയ്തു. വളരെ സന്തോഷം തോന്നി. ഭർത്താവിനെ വിളിച്ചുണർത്തി വിവരം പറഞ്ഞെന്നും ദിയ മേനോൻ വ്യക്തമാക്കി. അത്രയും കാത്തിരുന്ന് കിട്ടിയ കുഞ്ഞായതിനാൽ മകളുടെ മൂല്യം നൂറ് മടങ്ങ് കൂടുതലാണെന്നും ദിയ മേനോൻ വ്യക്തമാക്കി. ദിയ മേനോനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് ഭർത്താവ് കാർത്തിക്കും സംസാരിച്ചു.

ഒരു മ്യൂചൽ ഫ്രണ്ട് മുഖേനെയാണ് കാണുന്നത്. സുഹൃത്തിന്റെ കല്യാണത്തിന് എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അവരുടെ വീട്ടിൽ പോയതായിരുന്നു. അന്ന് രാത്രിയാണ് ദിയയുടെ പിറന്നാൾ. അവർ എന്നെയും ഒപ്പം കൂട്ടി. എനിക്കിവളെ അറിയില്ല. അതിനാൽ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കൾ നിർബന്ധിച്ചു.
അവർ ഒരു പ്രാങ്ക് ഒരുക്കി. 12 മണിക്ക് ദിയയുടെ കതകിൽ മുട്ടി പിറന്നാൾ ആശംസ പറയിപ്പിച്ചെന്ന് കാർത്തിക് ഓർത്തു. പിന്നീടുണ്ടായ സംഭവങ്ങൾ ദിയ മേനോൻ അഭിമുഖത്തിൽ വിവരിച്ചു. അച്ഛനാണ് വാതിൽ തുറന്നത്. താഴെ വന്ന് നോക്കിയപ്പോൾ ആരാണെന്ന് മനസിലാകുന്നില്ല. കാർത്തിക് ആത്മവിശ്വാസത്തോടെ ഹായ്, ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു. അച്ഛന്റെ മുഖം മാറി തുടങ്ങിയപ്പോഴേക്കും സുഹൃത്തുക്കൾ വന്നെന്നും ദിയയും കാർത്തിക്കും ഓർത്തു.
ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല. എന്നാലും 12 മണിക്ക് നല്ലൊരാൾ വന്ന് വിഷ് ചെയ്യുന്നു. ആരായിരിക്കും ഇതെന്ന് ചിന്തിച്ചിരുന്നു. സുഹൃത്തുക്കൾ വന്ന ശേഷം ഞങ്ങൾ നമ്പർ കൈ മാറി. പിന്നീട് സംസാരം തുടങ്ങി. ആദ്യ കോംപ്ലിമെന്റ് ഞാനാണ് പറഞ്ഞത്. നിങ്ങളുടെ ശബ്ദം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞെന്നും ദിയ ഓർത്തു. ദിയയെ ആദ്യ കാഴ്ചയിൽ തന്നെ തനിക്കിഷ്ടമായെന്ന് കാർത്തിക് വ്യക്തമാക്കി. മീഡിയ പേഴ്സണാണെന്നോ സെലിബ്രിറ്റി ആണെന്നോ ചിന്തിക്കാതെ സാധാരണക്കാരിയായി ദിയ പെരുമാറിയതും തനിക്കിഷ്ടമായെന്ന് കാർത്തിക് വ്യക്തമാക്കി.


Click it and Unblock the Notifications











