മോഹൻലാലിനില്ലാത്ത ഒരു ജീവിതം മമ്മൂട്ടിക്ക് ഉണ്ട്; അതിന് കാരണം; താരങ്ങളെക്കുറിച്ച് വികെ ശ്രീരാമൻ
മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറിൽ ഇതിനകം നേടിയെടുത്ത നേട്ടങ്ങൾ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹൻലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് രണ്ട് പേരും അഭിനയ രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ ആണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്.

മോഹൻലാൽ ഹാസ്യം നിറഞ്ഞ രസകരമായ നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോൾ മമ്മൂട്ടി സ്ക്രീൻ പ്രസൻസുള്ള നായക നടൻ ആയി ശ്രദ്ധിക്കപ്പെട്ടു. രണ്ട് പേരും വ്യക്തി ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ആണ്. സ്വഭാവ രീതിയിൽ രണ്ട് പേരും വ്യത്യസ്തർ ആണെന്നാണ് സിനിമാ ലോകം പറയുന്നത്.
മമ്മൂട്ടി പാെതുവെ ഗൗരവക്കാരനും അധികം സംസാരിക്കാത്ത ആളുമാണ്. മോഹൻലാൽ രസികനും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ആളുമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി വികെ ശ്രീരാമൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മലബാർ ജേർണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം ആണ് ഉള്ളതെന്ന് വികെ ശ്രീരാമൻ പറഞ്ഞു.
'മമ്മൂട്ടി കുറച്ച് ലേറ്റ് ആയാണ് സിനിമയിൽ എത്തുന്നത്. അപ്പോഴേക്കും മമ്മൂട്ടിയുടെ കോളേജ് വിദ്യാഭ്യാസം കഴിയുന്നു. വക്കീലായി പ്രാക്ടീസ് ചെയ്യുന്നു. ലാലിനൊന്നും ഇല്ലാത്ത ജീവിതം ഉണ്ട് മമ്മൂട്ടിക്ക്. വക്കീലൻമാർ, വായനകൾ തുടങ്ങി സിനിമയുമായല്ലാത്ത ബന്ധമുണ്ട്. ലാൽ പത്ത് പതിനെട്ട് വയസ്സിൽ സിനിമയിൽ എത്തിയതാണ്'

'മമ്മൂട്ടിയുടെ വായനകളും കാര്യങ്ങളും ഒക്കെ ബ്രേക്ക് ആയിപ്പോവുന്നുണ്ടായിരുന്നു. അതൊക്കെയുള്ള ആളെ കണ്ടപ്പോഴുള്ള സന്തോഷം ഉണ്ടാവുമല്ലോ. ഞങ്ങൾക്ക് ഏതാണ്ട് ഒരേ വയസ്സാണ്. അങ്ങനെ വർത്തമാനം പറയാൻ പറ്റുന്ന ആൾ എന്ന സ്നേഹം ആയിരിക്കും മൂപ്പർക്ക് ഉണ്ടായിട്ടുണ്ടാവുക'
'കുടുംബവുമായും ബന്ധമുണ്ടായിരുന്നു. താര പദവിക്കപ്പുറം ഒരേ തലത്തിൽ നിൽക്കുന്ന സുഹൃത്തുക്കൾ എന്ന ബന്ധം ഞങ്ങൾക്ക് എപ്പോഴും ഉണ്ട്'

മോഹൻലാലുമായി മമ്മൂട്ടിയെ പോലുളള സൗഹൃദം അല്ല. ഞാൻ മോഹൻലാലിന്റെ ഒരു അഭിമുഖം എടുത്തിട്ടുണ്ട്. മാതൃഭൂമി വാർഷിക പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്. ഔപചാരികമായ ഇന്റർവ്യൂ ആയിരുന്നില്ല. ഒപ്പം നടക്കുന്ന സുഹൃത്തിനോട് വർത്തമാനം പറയുന്ന തരത്തിലുള്ള അഭിമുഖം ആയിരുന്നു.
തന്നെ ഈ നിലയിലെത്തിച്ചതിൽ നിരവധി മനുഷ്യരുടെ കൈയുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്റെയല്ല എന്റെയല്ല ഈ കൊമ്പനാനകൾ എന്ന് ശീർഷകത്തിൽ മാതൃഭൂമി വാർഷിക പതിപ്പിൽ വന്നു.

'അത് വായിച്ച് മോഹൻലാൽ ഫോൺ ചെയ്തു. സാധാരണ അങ്ങനെ വിളിക്കില്ല. എന്റെയാണ് ആ കൊമ്പനാനകൾ എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ച് ഫോൺ വെച്ചു. ദേവാസുരത്തിന്റെ സമയത്ത് രസകരമായ കത്തുകൾ എഴുതുമായിരുന്നു,' വികെ ശ്രീരാമൻ പറഞ്ഞു.
മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. റോഷാക്ക് ആണ് മമ്മൂട്ടിയുടെ റിലീസ് ചെയ്ത പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്.


Click it and Unblock the Notifications